ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര ടൂർണമെന്‍റുകളിൽ ഒന്നായ ദുലീപ് ട്രോഫിയിൽ കളിക്കാൻ വിസമ്മതിച്ച് ഇന്ത്യൻ യുവതാരം ഇഷാൻ കിഷൻ. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര ആരംഭിക്കാനിരിക്കെയാണ് താരത്തിന്‍റെ സർപ്രൈസ് നീക്കം. കഴിഞ്ഞ ദിവസം ദുലീപ് ട്രോഫിയിൽ കളിക്കാനുള്ള മേഖല ടീമുകളെ സെലക്‌ടർമാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ ടീമുകളിലൊന്നും ഇഷാൻ കിഷൻ ഉണ്ടായിരുന്നില്ല. കളിക്കാനുള്ള അവസരം നിരസിച്ചതോടെ താരത്തിന്‍റെ ടെസ്റ്റ് ഭാവിയും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.
സോണല്‍ സെലക്ഷന്‍ കമ്മിറ്റി കണ്‍വീനർ ദേബാശിഷ് ചക്രവര്‍ത്തി ഫോണിൽ വിളിച്ചാണ് ദുലീപ് ട്രോഫിയിൽ കളിക്കാൻ സാധിക്കുമോ എന്ന് ഇഷാൻ കിഷനോട് തിരക്കിയത്. എന്നാൽ ടൂർണമെന്‍റിൽ കളിക്കാൻ തനിക്ക് താൽപര്യമില്ല എന്നായിരുന്നു താരത്തിന്‍റെ മറുപടി. പിൻമാറാനുള്ള കാരണം എന്താണെന്ന് വ്യക്‌തമാക്കിയിട്ടില്ലെന്നും മറ്റ് എന്തെങ്കിലും അസൗകര്യങ്ങൾ ഉള്ളതായി അറിയില്ലെന്നും ദേബാശിഷ് ചക്രവർത്തി പറഞ്ഞു.
ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണ്‍ ടീമിൽ ഇടം ലഭിക്കുമായിരുന്ന കിഷന് ടീമിനെ നയിക്കാനും അവസരമുണ്ടായിരുന്നു. എന്നാൽ കിഷൻ കളിക്കാൻ വിസമ്മതിച്ചതോടെ അഭിമന്യു ഈശ്വറിനെ ഈസ്റ്റ് സോണിന്‍റെ നായകനായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ മുൻ സ്‌പിന്നർ ഷഹബാസ് നദീമാണ് ഈസ്റ്റ് സോണിന്‍റെ ഉപനായകൻ. നിലവിൽ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ടെസ്റ്റ് വിക്കറ്റ് കീപ്പറായ കെ എസ് ഭരത് ഉൾപ്പടെ ദുലീപ് ട്രോഫിയിൽ കളിക്കുന്നുണ്ട്.
സൗത്ത് സോണ്‍ ടീമിന് വേണ്ടിയാണ് താരം കളിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഉൾപ്പടെ ഇന്ത്യയുടെ വിക്കറ്റ് കാത്ത ഭരത് പോലും ദുലീപ് ട്രോഫി കളിക്കുമ്പോൾ ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ ബാക്കപ്പായ കിഷൻ ടൂർണമെന്‍റിൽ കളിക്കാത്തതിനെതിരെ ആരാധകർക്കിടയിലും വലിയ വിമർശനം ഉയർന്നിട്ടുണ്ട്. ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനം കാഴ്‌ചവച്ച് ഇന്ത്യൻ ടെസ്റ്റ് ടീമിൽ സ്ഥിര സാന്നിധ്യമാകാനുള്ള അവസരമാണ് കിഷൻ കളഞ്ഞ് കുളിച്ചതെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
അരങ്ങേറ്റം കാത്ത് കിഷൻ : ഈ വർഷം ആദ്യം ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് വിളിയെത്തിയെങ്കിലും കിഷന് ഇതുവരെ റെഡ്‌ബോൾ ക്രിക്കറ്റിൽ അരങ്ങേറ്റം നടത്താൻ സാധിച്ചിട്ടില്ല. റിഷഭ് പന്തിന് കാര്‍ അപകടത്തില്‍ പരിക്കേറ്റതോടെയാണ് ഇഷാൻ കിഷന് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് വിളിയെത്തിയത്. ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗവാസ്‌കർ ട്രോഫിയിലാണ് താരത്തെ ആദ്യമായി ടെസ്റ്റ് ടീമിലേക്ക് തെരഞ്ഞെടുത്തത്. പക്ഷേ നാല് മത്സരങ്ങളിലും കിഷനെ പുറത്തിരുത്തി പകരം ശ്രീകർ ഭരതിനെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പരിഗണിക്കുകയായിരുന്നു.
പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും കിഷൻ ഇന്ത്യൻ ടീമിന്‍റെ ഭാഗമായിരുന്നു. എന്നാൽ അവിടെയും പ്ലെയിങ് ഇലവനിൽ കിഷന് പകരം ഭരതിനാണ് അവസരം ലഭിച്ചത്. അതേസമയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മോശം പ്രകടനം കാഴ്‌ചവച്ച ഭരതിന് പകരം വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് ടീമിലേക്ക് കിഷനെ പരിഗണിക്കാനും സാധ്യതയുണ്ട്. ഇതാണോ കിഷന്‍ ദുലീപ് ട്രോഫിയില്‍ നിന്ന് പിന്‍മാറാന്‍ കാരണമെന്നതും വ്യക്തമല്ല.