ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കലാശപ്പോരിന് മുന്‍പ് ഓസ്‌ട്രേലിയക്ക് വമ്പന്‍ മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ഇര്‍ഫാന്‍ പത്താന്‍. കളിക്കളത്തില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായിരുന്ന ആളല്ല ഇപ്പോഴത്തെ വിരാട് കോലിയെന്നും ഏറെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന താരം ഓസീസിന് കടുത്ത വെല്ലുവിളിയാകുമെന്നും പത്താന്‍ വ്യക്തമാക്കി. സെഞ്ച്വറിയടിക്കാന്‍ ബുദ്ധിമുട്ടിയിരുന്ന കോലിയെ മനസില്‍ കണ്ടുകൊണ്ട് ഇറങ്ങിയാല്‍ പാറ്റ് കമ്മിന്‍സിനും സംഘത്തിനും പണിപാളുമെന്നുമാണ് പത്താന്‍റെ മുന്നറിയിപ്പ്.
2019ല്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിലൂടെ തന്‍റെ അന്താരാഷ്‌ട്ര ക്രിക്കറ്റ് കരിയറിലെ 70ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയ വിരാട് അടുത്ത സെഞ്ച്വറി അടിച്ചെടുത്തത് രണ്ടരവര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ്. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യ കപ്പിലൂടെയായിരുന്നു താരം സെഞ്ച്വറിവരള്‍ച്ച അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ ടെസ്റ്റിലും ഏകദിന ക്രിക്കറ്റിലും ശതകം അടിച്ചെടുക്കാന്‍ കോലിക്കായി.
ഇക്കഴിഞ്ഞ ഐപിഎല്ലിലും മിന്നും ഫോമിലായിരുന്നു കോലി ബാറ്റ് വീശിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി അവസാനം കളത്തിലിറങ്ങിയ രണ്ട് മത്സരങ്ങളിലും സെഞ്ച്വറിയടിക്കാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ക്ക് സാധിച്ചു. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കലാശപ്പോരിന് മുന്‍പ് കങ്കാരുപ്പടയ്‌ക്ക് മുന്നറിയിപ്പുമായി ഇര്‍ഫാന്‍ പത്താന്‍ രംഗത്തെത്തിയിരിക്കുന്നത്.
Also Read : Video | 'സൂപ്പര്‍സ്റ്റാര്‍, പ്രതിഭ'; കോലിയെക്കുറിച്ചുള്ള ഐസിസിയുടെ ചോദ്യത്തിന് ഓസീസ് താരങ്ങളുടെ മറുപടി
'ഇപ്പോഴുള്ളത് വളരെ വ്യത്യസ്‌തനായൊരു വിരാട് കോലിയാണ്. ഏറെ റണ്‍സ് ഇപ്പോള്‍ അദ്ദേഹം സ്‌കോര്‍ ചെയ്യുന്നുണ്ട്. അക്കാര്യത്തില്‍ കൂടുതല്‍ സംശയം ഒന്നും വേണ്ട. ടി20യിലും ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും അദ്ദേഹം സെഞ്ച്വറിയടിച്ചു. കരിയറിലുണ്ടായിരുന്ന സെഞ്ച്വറിവരള്‍ച്ച മറികടന്നു. വിരാട് കോലി എപ്പോഴും ആത്മവിശ്വാസം ഉള്ള ഒരാളാണ്'.
'വെറുതെ ഒരാള്‍ക്ക് രാജ്യാന്തര ക്രിക്കറ്റില്‍ 25,000-ത്തിലധം റണ്‍സ് അടിക്കാന്‍ സാധിക്കില്ല. തന്‍റെ കഴിവിലുള്ള വിശ്വാസം കൊണ്ടുമാത്രമാണ് കോലി ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കോലിയുടെ പ്രകടനം ഇന്ത്യന്‍ ടീമിന് ഏറെ നിര്‍ണായകമാണ്' - പത്താന്‍ പറഞ്ഞു.
കഴിഞ്ഞ തവണ വിരാട് കോലിക്ക് കീഴിലായിരുന്നു ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാനിറങ്ങിയത്. എന്നാല്‍, അന്ന് ന്യൂസിലന്‍ഡ് ഇന്ത്യയെ പരാജയപ്പെടുത്തി. ഇക്കുറി മികച്ച ഫോമിലുള്ള കോലി ക്യാപ്‌റ്റന്‍സി ഭാരം ഇല്ലാതെയാണ് ഓസ്‌ട്രേലിയയെ നേരിടാന്‍ ഇറങ്ങുന്നത്.
ഓസ്‌ട്രേലിയക്കെതിരെ മികച്ച ബാറ്റിങ് റെക്കോഡുള്ള ഇന്ത്യന്‍ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് വിരാട് കോലി. 24 മത്സരങ്ങളിലാണ് വിരാട് കങ്കാരുപ്പടയ്‌ക്കെതിരെ കളിച്ചിട്ടുള്ളത്. ഇതില്‍ 48.27 ശരാശരിയില്‍ എട്ട് സെഞ്ച്വറികളടക്കം 1979 റണ്‍സ് അടിക്കാന്‍ വിരാട് കോലിക്ക് സാധിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരെ അവസാനം കളിച്ച ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറിയടിക്കാനും വിരാടിനായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ നടന് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലായിരുന്നു ഇത്.
അതേസമയം, നാളെയാണ് ഇന്ത്യ ഓസ്‌ട്രേലിയ ടീമുകള്‍ തമ്മിലേറ്റുമുട്ടുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ ഓവല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ തവണ കൈവിട്ട ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കാനാണ് ഇന്ത്യന്‍ ടീം ഇപ്രാവശ്യം ഇറങ്ങുന്നത്.