മുംബൈ : ടി20 ഫോര്‍മാറ്റിലേക്ക് മടങ്ങിവരാനുള്ള താല്‍പര്യം ഇന്ത്യയുടെ വെറ്ററന്‍ ബാറ്റര്‍മാരായ രോഹിത് ശര്‍മയും വിരട് കോലിയും ബിസിസിഐയെ അറിയിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 2022-ല്‍ ഓസ്‌ട്രേലിയയില്‍ അരങ്ങേറിയ ടി20 ലോകകപ്പിന്‍റെ സെമി ഫൈനലില്‍ ഇന്ത്യയുടെ തോല്‍വിക്ക് ശേഷം ഇരു താരങ്ങളും ഫോര്‍മാറ്റില്‍ ടീമിനായി കളിച്ചിട്ടില്ല. എന്നാല്‍ വരുന്ന ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലും നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് നിലവില്‍ ഇരു താരങ്ങളും തിരിച്ചുവരവിന് ഒരുങ്ങുന്നത്.
ഇപ്പോഴിതാ രോഹിത്തിന്‍റെയും കോലിയുടെയും സാന്നിധ്യം ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് ഏറെ ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. കളിക്കളത്തിലും പുറത്തും ഇരുവരുടെയും അനുഭവപരിചയം ഇന്ത്യക്ക് ആവശ്യമാണെന്നാണ് ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത് (Irfan Pathan on Virat Kohli Rohit Sharma at T20 World Cup 2024).
"ടി20 ലോകകപ്പില്‍ രോഹിത്തും വിരാടും കളിക്കുന്നത് ടീം മാനേജ്‌മെന്‍റിനെയും അവരുടെ ഫിറ്റ്‌നസിനെയും ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ ഇരുവരെയും കളിക്കളത്തിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. പ്രത്യേകിച്ചും, രോഹിത്തിന്‍റെ ഫോമിലെ മാറ്റം കണുമ്പോള്‍.
കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ധാരാളം റണ്‍സാണ് അവന്‍ അടിച്ചുകൂട്ടിയത്. വിരാട് കോലിയുടെ കാര്യവും സമാനമാണ്. രണ്ട് വര്‍ഷം മുമ്പ് നമ്മള്‍ സംസാരിക്കുമ്പോള്‍, തന്‍റെ മികച്ച ഫോമിലായിരുന്നില്ല അവനുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗും ടി20 ലോകകപ്പും അവനെ സംബന്ധിച്ചിടത്തോളം ഏറെ അതിശയിപ്പിക്കുന്ന ടൂർണമെന്‍റുകളിൽ ചിലതായിരുന്നു.
കൂടാതെ, വെസ്റ്റ് ഇൻഡീസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കളിക്കുമ്പോൾ, അവിടത്തെ ചില പിച്ചുകളെക്കുറിച്ച് കാര്യമായ അറിവുണ്ടാവില്ല. അവിടെ നിങ്ങൾക്ക് കോലിയേയും രോഹിത്തിനെയും പോലുള്ള പരിചയസമ്പന്നരായ കളിക്കാരെ ആവശ്യമാണ്"- ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.
അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലൂടെ ഇരുവരും ഫോര്‍മാറ്റിലേക്ക് തിരികെ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജനുവരി 11 മുതല്‍ 17 വരെ മൂന്ന് ടി20 മത്സരങ്ങളാണ് ഇന്ത്യ അഫ്‌ഗാനിസ്ഥാനെതിരെ കളിക്കുന്നത്. ടി20 ലോകകപ്പിന് മുമ്പ് ഫോര്‍മാറ്റില്‍ ഇന്ത്യ കളിക്കുന്ന അവസാന അന്താരാഷ്‌ട്ര മത്സരം കൂടിയാണിത്.
അതേസമയം ടി20 ലോകകപ്പിന്‍റെ മത്സരക്രമം ഐസിസി കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ജൂണ്‍ 1-ന് തുടങ്ങുന്ന ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ 29-നാണ് അരങ്ങേറുക. ഇന്ത്യയുള്‍പ്പെടെ ആകെ 20 ടീമുകളാണ് ഇത്തവണ ടി20 ലോകകപ്പില്‍ മാറ്റുരയ്‌ക്കുന്നത്. അഞ്ച് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളില്‍ ആയിട്ടാണ് പ്രാഥമിക ഘട്ടം നടക്കുക.
തുടര്‍ന്ന് ഗ്രൂപ്പിലെ ആദ്യ രണ്ട് വീതം ടീമുകള്‍ സൂപ്പര്‍ എട്ടിലേക്ക് കടക്കും. ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത്. പാകിസ്ഥാന്‍, അയര്‍ലന്‍ഡ്, അമേരിക്ക, കാനഡ ടീമുകളാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് നീലപ്പട തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. ഒമ്പതിനാണ് ചിരവൈരികളായ പാകിസ്ഥാനെതിരെ ടീം കളിക്കുന്നത്. 12-ന് അമേരിക്കയ്‌ക്കും 15-ന് കാനഡയ്‌ക്ക് എതിരെയും ടീം കളത്തിലിറങ്ങും.
ALSO READ: ഏറ്റവും മോശം ഏഷ്യന്‍ ടീം; പാകിസ്ഥാനെ എടുത്തിട്ട് കുടഞ്ഞ് ആദം ഗില്‍ക്രിസ്റ്റ്