മുംബൈ: നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടി20 ബാറ്റർമാരാണ് പാക് താരങ്ങളായ ബാബർ അസമും മുഹമ്മദ് റിസ്‌വാനും. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നല്‍കുന്ന തുടക്കം പാകിസ്ഥാന്‍റെ ടി20 ലോകകപ്പ് സാധ്യതകളിൽ നിർണായകമാണ്. ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ പാക് ടീം ചിരവൈരികളായ ഇന്ത്യയ്‌ക്കെതിരെയിറങ്ങുമ്പോള്‍ ഇരുവരും ശ്രദ്ധാകേന്ദമാവുമെന്ന് ഉറപ്പ്.
ക്രിക്കറ്റ് ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പോരാട്ടത്തില്‍ ബാബറിനെയും റിസ്‌വാനെയും എങ്ങനെ നേരിടണമെന്ന് ഇന്ത്യൻ ബോളര്‍മാര്‍ക്ക് നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം ഇർഫാൻ പഠാന്‍. റിസ്‌വാന് തുടക്കം തന്നെ കൈ ഫ്രീയാക്കി കളിക്കാന്‍ അവസരം നല്‍കരുതെന്നാണ് ഇര്‍ഫാന്‍ പറയുന്നത്.
"പവർപ്ലേയില്‍ കൂടുതല്‍ ആക്രമിച്ച് കളിക്കുന്ന താരമാണ് റിസ്‌വാന്‍. എന്തുതന്നെ ആയാലും കൈ ഫ്രീയാക്കി കളിക്കാന്‍ അവര്‍ക്ക് അവസരം നല്‍കരുത്. പ്രത്യേകിച്ച് റിസ്‌വാന്. അദ്ദേഹത്തിന് എതിരെ കഴിയുന്നത്ര പേസ് കണ്ടെത്താന്‍ ശ്രമം നടത്തുക. ബാബർ അസം താളം കണ്ടെത്താന്‍ സമയമെടുക്കും. അതിനാൽ, സാഹചര്യങ്ങളെയും ബാറ്റര്‍മാരെയും കുറിച്ച് ബോധവാന്മാരായിരിക്കണം". ഇര്‍ഫാന്‍ പറഞ്ഞു. സ്റ്റംപ് ലൈനിലാണ് എപ്പോഴും ബോളെറിയേണ്ടതെന്നും ഇർഫാൻ പറയുന്നു.
ബാറ്റര്‍ക്ക് അനുസരിച്ച് ലെങ്തില്‍ മാറ്റങ്ങളുണ്ടാക്കാം. റിസ്‌വാന് നേരെ ഫുള്ളര്‍ ബോളുകള്‍ എറിയാനാണ് ശ്രമിക്കേണ്ടത്. കാൽമുട്ടിന് താഴെയാണ് നിങ്ങളുടെ ലൈനും ലെങ്തുമുണ്ടാവേണ്ടത്. ബാബറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കാനാണ് ശ്രമിക്കേണ്ടത്. ഇതിനായി ബാക് ലെഗാണ് ലക്ഷ്യം വയ്‌ക്കേണ്ടതെന്നും ഇര്‍ഫാന്‍ പറഞ്ഞു. സ്പിൻ ബോളര്‍മാര്‍ക്കെതിരെ പാകിസ്ഥാൻ അത്ര മികച്ചതല്ലെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.