ഡബ്ലിന്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടി20യില്‍ അയര്‍ലന്‍ഡിന് കൂറ്റന്‍ വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 227 റണ്‍സെടുത്തു. അന്താരാഷ്‌ട്ര ടി20യില്‍ കന്നി സെഞ്ചുറി നേടിയ ദീപക് ഹൂഡയുടേയും കന്നി അര്‍ധ സെഞ്ചുറി നേടിയ സഞ്‌ജു സാംസണിന്‍റേയും മികവാണ് ഇന്ത്യയ്‌ക്ക് തുണയായത്.
ഹൂഡ 57 പന്തില്‍ ഒമ്പത് ഫോറും ആറ് സിക്‌സും സഹിതം 104 റണ്‍സടിച്ച് മിന്നിയപ്പോള്‍. സഞ്‌ജു 42 പന്തില്‍ ഒമ്പത് ഫോറും നാല് സിക്‌സും സഹിതം 77 റണ്‍സടിച്ചും തകര്‍ത്തു. ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്‌ക്ക് മൂന്നാം ഓവറിന്‍റെ ആദ്യ പന്തില്‍ തന്നെ ഇഷാന്‍ കിഷനെ നഷ്‌ടമായിരുന്നു. അഞ്ച് പന്തില്‍ മൂന്ന് റണ്‍സെടുത്ത ഇഷാനെ മാർക് അഡയർ ലോർകൻ ടക്കറുടെ കയ്യിലെത്തിക്കുകയായിരുന്നു.
തുടര്‍ന്നെത്തിയ ഹൂഡ സഞ്‌ജുവിനൊപ്പം അയര്‍ലന്‍ഡ് ബൗളര്‍മാരെ തല്ലിയൊതുക്കി. രണ്ടാം വിക്കറ്റില്‍ സഞ്‌ജുവും ഹൂഡയും ചേര്‍ന്ന് 176 റണ്‍സാണ് ടീം ടോട്ടലിലേക്ക് ചേര്‍ത്തത്.
ടി20യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. 2017ല്‍ ഇന്‍ഡോറില്‍ ശ്രീലങ്കയ്‌ക്കെതിരേ രോഹിത് ശര്‍മയും കെഎല്‍ രാഹുലും ചേര്‍ന്ന് നേടിയ 165 റണ്‍സിന്‍റെ റെക്കോഡാണ് സഞ്‌ജുവും ഹൂഡയും തിരുത്തിയെഴുതിയത്. 17ാം ഓവറിന്‍റെ രണ്ടാം പന്തില്‍ സഞ്‌ജുവിനെ പുറത്താക്കി അഡയർ തന്നെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
തുടര്‍ന്നെത്തിയ സൂര്യകമാര്‍ യാദവ് (5 പന്തില്‍ 15) നന്നായി തുടങ്ങിയെങ്കിലും തിളങ്ങാനായില്ല. തുടര്‍ന്ന് ഹൂഡയും പിന്നാലെ ദിനേഷ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ തിരിച്ച് കയറിയത് നിരാശയായി. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും (9 പന്തില്‍ 15), ഭുവനേശ്വര്‍ കുമാറും (1 പന്തില്‍ 1) പുറത്താവാതെ നിന്നു.
അയര്‍ലന്‍ഡിനായി മാർക് അഡയർ നാല് ഓവറില്‍ 44 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തി. ജോഷ്വ ലിറ്റിൽ നാല് ഓവറില്‍ 38 റണ്‍സ് വഴങ്ങിയും, ക്രെയ്‌ഗ് യങ് 35 റണ്‍സ് വഴങ്ങിയും രണ്ട് വിക്കറ്റുകള്‍ വീതം നേടി. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ കളിക്കുന്നത്. ഋതുരാജ് ഗെയ്‌ക്‌വാദ്, ആവേശ് ഖാന്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ പുറത്തായപ്പോള്‍ സഞ്‌ജു സാംസണ്‍, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌ണോയ് എന്നിവര്‍ ടീമിലിടം നേടി. മറുവശത്ത് അയര്‍ലന്‍ഡ് നിരയില്‍ മാറ്റങ്ങളില്ല.