ഡബ്ലിന്‍: ഇന്ത്യയ്‌ക്ക് എതിരായ ട്വന്‍റി20 പരമ്പര നഷ്‌ടമായെങ്കിലും അഭിമാനിക്കാവുന്ന പ്രകടനമാണ് അയർലന്‍ഡ് പുറത്തെടുത്തത്. രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ കൂറ്റൻ സ്‌കോർ പിന്തുടർന്ന ഐറിഷ് ടീം നാല് റൺസ് അകലെയാണ് പൊരുതി വീണത്. ട്വന്‍റി 20 ലോകകപ്പിന് മുൻപ് ‘പരീക്ഷണ’ ടീമുമായി ഇറങ്ങിയ ഇന്ത്യയ്‌ക്ക് അപായ സൂചന നൽകി കളം വിട്ട അയർലൻഡ് ടീം റെക്കോഡ് ബുക്കിൽ ഇടം പിടിച്ചു.
രാജ്യാന്തര ടി20യില്‍ അയർലന്‍ഡിന്‍റെ രണ്ടാമത്തെ ഉയർന്ന സ്‌കോറാണ് ഇന്നലെ ഡബ്ലിനിലെ ദി വില്ലേജ് മൈതാനത്ത് പിറന്നത്. 226 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യയ്‌ക്ക് എതിരെ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 221 റണ്‍സാണ് ആതിഥേയർ എടുത്തത്. 2013ല്‍ അബുദാബിയില്‍ അഫ്‌ഗാനിസ്ഥാന് എതിരെ ഏഴ് വിക്കറ്റിന് 225 റണ്‍സ് കുറിച്ചതാണ് ടി20യില്‍ അയർലന്‍ഡിന്‍റെ ഉയർന്ന ടോട്ടല്‍. 2017ല്‍ സ്‌കോട്‌ലന്‍ഡിന് എതിരെ ദുബായില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിൽ നേടിയ 211 റണ്‍സാണ് മൂന്നാമത്.
37 പന്തുകളിൽ നിന്ന് 60 റൺസെടുത്ത നായകൻ ആൻഡ്രൂ ബാൽബിർനിയും, 18 പന്തുകളിൽ നിന്ന് 40 റൺസെടുത്ത ഓപ്പണർ സ്റ്റിർലിങും അയർലൻഡിന് വേണ്ടി തിളങ്ങി. ഹാരി ടെക്‌ടർ (39), പുറത്താകാതെ 34 റൺസ് നേടിയ ജോർജ് ഡോക്‌റൽ, 23 റൺസുമായി മാർക്ക് അഡൈർ എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ദീപക് ഹൂഡ-സഞ്‌ജു സാംസണ്‍ വെടിക്കെട്ടിലാണ് റൺമല തീർത്തത്. അയർലന്‍ഡ് ബോളർമാരെ നാലുപാടും പറത്തി രണ്ടാം വിക്കറ്റില്‍ 85 പന്തില്‍ 176 റണ്‍സാണ് ഹൂഡയും സഞ്‌ജുവും ചേർത്തത്.