ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് യുവ്‌രാജ് സിങ്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും എതിരാളികളുടെ പേടിസ്വപ്‌നമായിരുന്നു യുവി. ഇന്ത്യക്ക് ടി20, ഏകദിന ലോകകപ്പുകൾ നേടിത്തരുന്നതിലും യുവി പങ്ക് പ്രധാനമായിരുന്നു. ഇപ്പോൾ 2007ലെ ടി20 ലോകകപ്പിന്‍റെ നായകനാകേണ്ടിയിരുന്നത് താനായിരുന്നു എന്നും എന്നാൽ ഗ്രെഗ് ചാപ്പലുമായുള്ള വിവാദത്തിൽ സച്ചിനെ പിന്തുണച്ചതിനാൽ തന്നെ തഴയുകയായിരുന്നു എന്നും വെളിപ്പെടുത്തി താരം രംഗത്തെത്തി.
ഞാനായിരുന്നു അന്ന് ക്യാപ്‌റ്റനാവേണ്ടിയിരുന്നത്. അപ്പോഴാണ് ഗ്രഗ് ചാപ്പൽ വിവാദം നടക്കുന്നത്. ചാപ്പൽ അല്ലെങ്കിൽ സച്ചിൻ എന്ന നിലയിലേക്ക് അത് മാറിയിരുന്നു. സച്ചിനെ പിന്തുണച്ചത് ഞാൻ മാത്രമായിരുന്നു. ഇത് ചില ബിസിസിഐ അംഗങ്ങൾക്ക് അത്ര രസിച്ചില്ല. ആര് നായകനായാലും ഞാൻ ആ സ്ഥാനത്തുണ്ടാകില്ലെന്ന് അവർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. യുവ്‌രാജ് സിങ് പറഞ്ഞു.
പിന്നാലെ എന്നെ ടീമിന്‍റെ വൈസ് ക്യാപ്‌റ്റൻ സ്ഥാനത്ത് നിന്ന് നീക്കി. സെവാഗ് അന്ന് ടീമിൽ ഉണ്ടായിരുന്നില്ല. പിന്നീട് എവിടെ നിന്നോ വന്ന് പൊടുന്നനെ ധോണി 2007 ടി20 ടീമിന്‍റെ ക്യാപ്‌റ്റനാവുകയായിരുന്നു. പക്ഷേ എന്നെ ടീമിന്‍റെ ക്യാപ്‌റ്റനാക്കും എന്നാണ് ഞാൻ കരുതിയിരുന്നത്. യുവ്‌രാജ് സിങ് പറഞ്ഞു.
ALSO READ: മുംബൈയുടേത് മികച്ച ടീം, വരും മത്സരങ്ങളിൽ അത് തെളിയിക്കും; ഡാനിയൽ സാംസ്
സെവാഗായിരുന്നു അന്ന് സീനിയർ. പക്ഷേ അദ്ദേഹം ഇംഗ്ലണ്ട് പര്യടനത്തിനുണ്ടായിരുന്നില്ല. ദ്രാവിഡ് ക്യാപ്‌റ്റനായിരുന്നപ്പോൾ ഞാനായിരുന്നു ഏകദിന ടീമിന്‍റെ വൈസ് ക്യാപ്‌റ്റൻ. അപ്പോൾ ഞാനായിരുന്നു ക്യാപ്‌റ്റനാകേണ്ടിയിരുന്നത്. സ്വാഭാവികമായും അത് എനിക്കെതിരായുള്ള തീരുമാനം തന്നെയായിരുന്നു. പക്ഷേ എനിക്ക് അതിൽ ഖേദമില്ല. ഇന്നും അതേ പ്രശ്‌നം വന്നാലും ഞാൻ എന്‍റെ സഹതാരങ്ങളെ തന്നെ പിന്തുണയ്‌ക്കും, യുവ്‌രാജ് സിങ് കൂട്ടിച്ചേർത്തു.