ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ വമ്പന്‍ നേട്ടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. ഐപിഎല്ലില്‍ 6000 റണ്‍സെന്ന വമ്പന്‍ നാഴികകല്ലാണ് രോഹിത് ശര്‍മ പിന്നിട്ടത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ പ്രകടനത്തോടെയാണ് താരം നിര്‍ണായക നേട്ടത്തില്‍ എത്തിയത്.
ഈ മത്സരത്തിനിറങ്ങും മുമ്പ് ഐപിഎല്ലില്‍ 6000 റണ്‍സ് എന്ന നേട്ടത്തിലേക്ക് വെറും 14 റണ്‍സ് മാത്രം അകലെ ആയിരുന്നു മുംബൈ നായകന്‍. മത്സരത്തില്‍ 18 പന്തുകളില്‍ നിന്നും ആറ് ബൗണ്ടറികള്‍ സഹിതം 28 റണ്‍സെടുത്താണ് 36കാരനായ രോഹിത് തിരിച്ച് കയറിയത്.
ഇതോടെ നിലവില്‍ 227 ഇന്നിങ്‌സുകളില്‍ നിന്നും 6,014 റണ്‍സാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്. ഒരു സെഞ്ചുറിയും 41 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെയാണ് താരത്തിന്‍റെ പ്രകടനം. ഐപിഎല്ലില്‍ 6000 റണ്‍സ് പിന്നിടുന്ന നാലാമത്തെ മാത്രം താരമാണ് രോഹിത്.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി (6,844), പഞ്ചാബ് കിങ്‌സ് നായകന്‍ ശിഖർ ധവാൻ (6,477), ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഡേവിഡ് വാർണർ (6,109) എന്നിവരാണ് പട്ടികയിലെ മറ്റുപേരുകാര്‍. ഐപിഎല്ലില്‍ ഇതേവരെ നേടിയ 6,014 റണ്‍സില്‍ 3,880 ഓപ്പണര്‍ എന്ന നിലയിലല്ല രോഹിത് നേടിയിട്ടുള്ളത്. എലൈറ്റ് പട്ടികയില്‍ ഉള്‍പ്പെട്ട താരങ്ങള്‍ക്കിടയിലെ നോണ്‍- ഓപ്പണറെന്ന നിലയിലുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.
അതേസമയം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് 14 റണ്‍സിന്‍റെ വിജയം നേടിയിരുന്നു. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 192 റണ്‍സാണ് നേടിയത്. കാമറൂണ്‍ ഗ്രീനിന്‍റെ അപരാജിത അര്‍ധ സെഞ്ചുറിയാണ് മുംബൈ ഇന്നിങ്‌സിന്‍റെ നട്ടെല്ല്. ഇഷാന്‍ കിഷന്‍ (31 പന്തില്‍ 38), തിലക് വര്‍മ (17 പന്തില്‍ 37) എന്നിവരുടെ സംഭാവനയും നിര്‍ണായകമായി.
മറുപടിക്കിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 19.5 ഓവറില്‍ 178 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. 41 പന്തില്‍ 48 റൺസെടുത്ത മായങ്ക് അഗർവാളിനും 16 പന്തിൽ 36 റൺസ് നേടിയ ഹെൻറിച്ച് ക്ലാസനും മാത്രമേ സൺറൈസേഴ്‌സ് നിരയിൽ പിടിച്ച് നിൽക്കാനായുള്ളു. ക്യാപ്റ്റന്‍ എയ്‌ഡന്‍ മാര്‍ക്രം 17 പന്തില്‍ 22 റണ്‍സ് നേടി.
16-ാം സീസണില്‍ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് തുടങ്ങിയ മുംബൈ നേടുന്ന തുടര്‍ച്ചയായ മൂന്നാമത്തെ വിജയമാണിത്. ഇതോടെ പോയിന്‍റ് പട്ടികയില്‍ എട്ടാമത് നിന്നും ആറാം സ്ഥാനത്തേക്ക് കയറാന്‍ മുംബൈക്ക് കഴിഞ്ഞു. അഞ്ച് മത്സരങ്ങളില്‍ നിന്നും ആറ് പോയിന്‍റാണ് സംഘത്തിനുള്ളത്.
യഥാക്രമം രണ്ട് മുതല്‍ അഞ്ച് സ്ഥാനങ്ങളിലുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ്, പഞ്ചാബ് കിങ്‌സ് എന്നിവര്‍ക്കും അഞ്ച് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയങ്ങളുമായി ആറ് പോയിന്‍റാണുള്ളത്. നെറ്റ് റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥാനം നിര്‍ണയിക്കപ്പെട്ടത്. അഞ്ച് മത്സരങ്ങളില്‍ നാല് വിജയവുമായി എട്ട് പോയിന്‍റുള്ള രാജസ്ഥാന്‍ റോയല്‍സാണ് പോയിന്‍റ് പട്ടികയില്‍ തലപ്പത്തുള്ളത്.