ദുബായ് : ഡേവിഡ് വാർണറും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള പ്രശ്‌നങ്ങൾ കൊഴുക്കുന്നതിനിടെ ക്യാപ്‌റ്റൻ സ്ഥാനത്ത് നിന്നും, തുടർന്ന് ടീമിൽ നിന്നുതന്നെയും ഒഴിവാക്കിയതിനെക്കുറിച്ച് പ്രതികരിച്ച് താരം. ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പുറത്താക്കിയതിനുള്ള കാരണം ഇപ്പോഴും അറിയില്ലെന്നും അതേക്കുറിച്ച് ടീം മാനേജ്‌മെന്‍റ് ഒരു വിശദീകരണവും നൽകിയിട്ടില്ലെന്നും വാർണർ പറഞ്ഞു.
'ടീം ഉടമകളോടും പരിശീലകരായ ട്രെവർ ബെയ്‌ലിസ്, ലക്ഷ്മൺ, മൂഡി, മുരളി എന്നിവരോടുമുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടുതന്നെ പറയുകയാണ്, എന്നെ പുറത്താക്കാനുള്ള തീരുമാനം എകകണ്ഠമായിരുന്നു. അങ്ങനെയാകുമ്പോൾ എനിക്കുവേണ്ടി സംസാരിക്കുന്നത് ആരാണെന്നും എതിർക്കുന്നത് ആരാണെന്നും എനിക്ക് അറിയാൻ സാധിക്കില്ലല്ലോ' - വാർണർ പറഞ്ഞു.
'ഫോമിന്‍റെ അടിസ്ഥാനത്തിൽ മാത്രമാണ് ടീമിൽ നിന്ന് ഒഴിവാക്കുന്നതെങ്കിൽ മുൻ സീസണുകളിൽ പുറത്തെടുത്ത പ്രകടനങ്ങളൊന്നും അവർ പരിഗണിക്കുന്നുണ്ടാവില്ല. എന്നാൽ 100ൽ കൂടുതൽ മത്സരങ്ങൾ ടീമിനുവേണ്ടി കളിച്ചിട്ടുള്ള സ്ഥിതിക്ക് അത് അംഗീകരിക്കാൻ കഴിയുന്നതല്ല.
ആദ്യ പാദത്തിലെ കുറച്ച് മത്സരങ്ങളുടെ പേരിൽ പുറത്താക്കിയ നടപടി ഉൾക്കൊള്ളാൻ കഴിയാത്തതാണ്. ഇനിയും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ എന്‍റെ പക്കലുണ്ട്. പക്ഷേ അത് ചേദിക്കാനുള്ള സമയം ഇതല്ല', വാർണർ പറഞ്ഞു.
ALSO READ : ഉമ്രാന്‍ മാലിക്കിനൊപ്പം ആവേശ് ഖാനും, ഇന്ത്യൻ ടീമിന് നെറ്റ്‌സില്‍ പന്തെറിയാൻ യുവതാരങ്ങൾ
'അടുത്ത സീസണിലും സണ്‍റൈസേഴ്‌സിനുവേണ്ടി കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ അതിൽ തീരുമാനം എടുക്കേണ്ടത് ടീം ഉടമകളാണ്. ടീമിനൊപ്പമുള്ള സമയം ഞാൻ ശരിക്കും ആസ്വദിച്ചു.
എന്നാൽ ഹൈദരാബാദിലെ കാണികൾക്ക് മുന്നിൽ കളിക്കാൻ സാധിക്കാത്തത് വലിയ നഷ്ടമായി തോന്നുന്നു. അടുത്ത സീസണിൽ സണ്‍റൈസേഴ്‌സ് വേണ്ടിയോ മറ്റ് ഏതെങ്കിലും ടീമുകൾക്കുവേണ്ടിയോ ഹൈദരാബാദിലെ കാണികൾക്ക് മുന്നിൽ കളിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ,' വാർണർ കൂട്ടിച്ചേർത്തു.