IPL 2023| ഇന്ന് കോലി സെഞ്ച്വറിയടിച്ച് ഗാംഗുലിയോടുള്ള ആദരവ് പ്രകടിപ്പിക്കണം: ശ്രീശാന്ത് - kohli
ഇരു ടീമുകളും ചിന്നസ്വാമിയില്‍ ഏറ്റുമുട്ടിയപ്പോള്‍ പരസ്‌പരം ഹസ്‌തദാനം നല്‍കാന്‍ സൗരവ് ഗാംഗുലിയും വിരാട് കോലിയും തയ്യാറായിരുന്നില്ല.
ഡല്‍ഹി: ഐപിഎല്‍ പതിനാറാം പതിപ്പിലെ 50-ാം മത്സരം ഇന്നാണ് നടക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് നേരിടുന്നത്. അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ രാത്രി ഏഴര മുതലാണ് ഈ പോരാട്ടം.
ഇരു ടീമുകളും ചിന്നസ്വാമി സ്റ്റേഡിയത്തിലേറ്റുമുട്ടിയ മത്സരം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരുന്നു. ആര്‍സിബി സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി ഡല്‍ഹി ക്യാപിറ്റല്‍സ് ടീം ഡയറക്‌ടര്‍ സൗരവ് ഗാംഗുലി എന്നിവര്‍ ഹസ്‌തദാനം നല്‍കാതെയും മറ്റും പോകുന്ന വീഡിയോ ഈ മത്സരത്തിന് ശേഷം സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇങ്ങനെയൊരു സാഹചര്യം നിലനില്‍ക്കെയാണ് ഇന്നത്തെ കളിയില്‍ വിരാട് കോലി സെഞ്ച്വറിയടിച്ച് സൗരവ് ഗാംഗുലിയോടുള്ള തന്‍റെ ആദരവ് പ്രകടിപ്പിക്കണമെന്ന അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത് രംഗത്തെത്തിയിരിക്കുന്നത്.
'വിരാട് കോലി ഇന്ന് സെഞ്ച്വറി നേടുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ദാദയ്‌ക്ക് നല്‍കുന്ന മഹത്തായ ഒരു ആദരവാണ് ഇത്. മികച്ച പ്രകടനം നടത്തി വിരാട് ഇന്ന് ആര്‍സിബിയെ ജയിപ്പിക്കണം', സ്റ്റാര്‍ സ്‌പോര്‍ട്‌സ് പുറത്തുവിട്ട വീഡിയോയിലൂടെ ശ്രീശാന്ത് അഭിപ്രായപ്പെട്ടു.
ഇന്ന് നടക്കാനിരിക്കുന്ന മത്സരം ഐപിഎല്‍ പതിനാറാം പതിപ്പിലെ ഗോള്‍ഡന്‍ മാച്ച് ആയിരിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു. 'വിരാട് കോലിയും ഡേവിഡ് വാര്‍ണറും നേര്‍ക്കുനേര്‍ വരുന്നു. ഇതൊരു ത്രില്ലര്‍ പോരാട്ടമാകാനാണ് സാധ്യത. കാരണം, അവസാന മത്സരത്തില്‍ ജയം സ്വന്തമാക്കിയാണ് ഡല്‍ഹിയുടെ വരവ്.
Also Read : IPL 2023|നൂര്‍ അഹമ്മദ് 'ഇടം കയ്യനായ റാഷിദ് ഖാന്‍', ടീമിലേക്കുള്ള വരവിനെ കുറിച്ച് ഗുജറാത്ത് സഹപരിശീലകന്‍
ആര്‍സിബിയാകട്ടെ ടൂര്‍ണമെന്‍റില്‍ അവരുടെ മികച്ച ഫോമിലും. ഡല്‍ഹി പേസര്‍ ആൻറിച്ച് നോര്‍ക്യയുടെ പ്രകടനവും കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഈ സീസണില്‍ ഏറ്റവും വേഗതയേറിയ ബൗളര്‍ ആണ് അവന്‍. അങ്ങനെയൊരു താരം ആര്‍സിബിയുടെ തകര്‍പ്പന്‍ ബാറ്റിങ് നിരയെ എങ്ങനെ പന്തെറിയുമെന്നത് കണ്ടറിയേണ്ടതാണ്', ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.
ഇന്നത്തെ മത്സരം ഉള്‍പ്പടെ ശേഷിക്കുന്ന ഓരോ കളിയും ഡല്‍ഹി ക്യാപിറ്റല്‍സിന് ജീവന്മരണ പോരാട്ടങ്ങളാണ്. നിലവില്‍ പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ അവര്‍ക്ക് ഒരു തോല്‍വി വഴങ്ങിയാല്‍ പോലും ഇപ്പോള്‍ പ്ലേ ഓഫിലേക്കുള്ള വിദൂര സാധ്യതകളും അവസാനിക്കും. അതുകൊണ്ട് തന്നെ ആര്‍സിബിയെ വീഴ്‌ത്തി ടൂര്‍ണമെന്‍റില്‍ തങ്ങളുടെയും സ്ഥാനം നിലനിര്‍ത്താനാകും ഡല്‍ഹിയുടെ വരവ്.
മറുവശത്ത് ഇന്ന് ഡല്‍ഹിക്കെതിരെ ജയം പിടിച്ചാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് സാധിക്കും. നിലവില്‍ ഒമ്പത് കളിയില്‍ പത്ത് പോയിന്‍റുള്ള ടീം പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. മറിച്ച് ഡല്‍ഹിക്കെതിരെ തോല്‍വിയാണ് വഴങ്ങുന്നതെങ്കില്‍ മുന്നോട്ടുള്ള ആര്‍സിബിയുടെ യാത്രയും കഠിനമാകും.