മുംബൈ : ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍മാരായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ കാലം കഴിഞ്ഞുവെന്ന് ഇന്ത്യയുടെ മുന്‍ സെലക്‌ടര്‍ സാബ കരീം. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ നടത്തിയ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെയാണ് സാബ കരീം ഇക്കാര്യം പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
"ജയ്‌സ്വാളിന്‍റെയും സ്കൈയുടെയും (സൂര്യകുമാര്‍ യാദവ്) ബാറ്റിങ് കാണുമ്പോൾ, ടി20 ക്രിക്കറ്റ് രോഹിത് ശർമയിൽ നിന്നും വിരാട് കോലിയിൽ നിന്നും മാറിയെന്ന് വ്യക്തമാകും" - സാബ കരീം ട്വീറ്റ് ചെയ്‌തു.
രാജസ്ഥാന്‍ റോയല്‍സിന്‍റെ യുവ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന്‍റെ കരിയറില്‍ നിര്‍ണായകമാവുന്ന സീസണാവുമിതെന്ന് ഏറെ ഉറപ്പാണ്. റണ്‍വേട്ടക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനായുള്ള മത്സരത്തില്‍ മുന്നില്‍ തന്നെയാണ് 21-കാരനായ യശ്വസി ജയ്‌സ്വാളുള്ളത്. ഐപിഎല്‍ 16-ാം സീസണില്‍ ഇതേവരെ കളിച്ച 12 മത്സരങ്ങളില്‍ നിന്ന് 575 റൺസ് നേടിയ യശസ്വി ജയ്‌സ്വാള്‍ ടൂര്‍ണമെന്‍റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതാണ്. 52.27 ശരാശരിയിൽ 167.15 സ്‌ട്രൈക്ക് റേറ്റിലുമാണ് താരത്തിന്‍റെ പ്രകടനം.
ടി20യിലെ ലോക ഒന്നാം നമ്പര്‍ ബാറ്ററായ സൂര്യകുമാര്‍ യാദവ് നേടിയിട്ടുള്ളത് 11 മത്സരങ്ങളില്‍ നിന്ന് 376 റണ്‍സാണ്. ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തില്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെട്ട സൂര്യകുമാര്‍ യാദവ് തുടര്‍ന്നാണ് ഫോമിലേക്ക് ഉയര്‍ന്നത്. കളിച്ച അവസാന അഞ്ച് മത്സരങ്ങളില്‍ മൂന്നിലും അര്‍ധ സെഞ്ചുറി നേടാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
മറുവശത്ത് സീസണില്‍ വിരാട് കോലി റണ്‍സ് നേടുന്നുണ്ടെങ്കിലും രോഹിത് ശര്‍മയുടെ പ്രകടനം നിരാശജനകമാണ്. കളിച്ച 11 മത്സരങ്ങളിൽ നിന്ന് 191 റൺസ് മാത്രമാണ് മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മ നേടിയത്. 36-കാരനായ രോഹിത്തിന്‍റെ ശരാശരിയാവട്ടെ വെറും 17.36 മാത്രമാണ്.
വിരാട് കോലിയാവട്ടെ കളിച്ച 11 മത്സരങ്ങളില്‍ നിന്ന് 420 റണ്‍സ് അടിച്ച് കൂട്ടിയിട്ടുണ്ട്. 42.00 ആണ് ശരാശരി. ഇതിനപ്പുറം വിരാട് കോലിയുടേയും രോഹിത്തിന്‍റേയും ബാറ്റിങ് ശൈലിയില്‍ നിന്ന് ഏറെ വ്യത്യസ്‌തമായാണ് സൂര്യകുമാര്‍ യാദവും യശസ്വി ജയ്‌സ്വാളും ബാറ്റ് വീശുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്.
അതേസമയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ യശസ്വി ജയ്‌സ്വാളിന്‍റെ അഴിഞ്ഞാട്ടമായിരുന്നു കാണാന്‍ കഴിഞ്ഞത്. വെറും 47 പന്തുകളില്‍ നിന്ന് 98 റണ്‍സ് അടിച്ച യശസ്വി ജയ്‌സ്വാള്‍ പുറത്താവാതെ നിന്നിരുന്നു. 12 ഫോറുകളും അഞ്ച് സിക്‌സുകളും താരത്തിന്‍റെ ഇന്നിങ്‌സിന് അഴകായി.
രാജസ്ഥാന് ഇന്നിങ്‌സിന്‍റെ ആദ്യ പന്ത് തൊട്ട് തകര്‍പ്പന്‍ അടികളുമായി കളം നിറഞ്ഞ യശസ്വി ജയ്‌സ്വാള്‍ 13 പന്തുകളില്‍ നിന്നാണ് അര്‍ധ സെഞ്ചുറിയിലെത്തിയിരുന്നത്. ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ചുറിക്ക് ഉടമയായും ജയ്‌സ്വാള്‍ മാറി. മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം പിടിക്കാനും രാജസ്ഥാന് കഴിഞ്ഞിരുന്നു.