മുംബൈ: ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്‌ത്തി ഐപിഎല്‍ പതിനാറാം പതിപ്പില്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ഇന്നലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാര്‍ക്കെതിരെ 27 റണ്‍സിന്‍റെ ജയമാണ് രോഹിതും സംഘവും സ്വന്തമാക്കിയത്. ഈ ജയത്തോടെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് എത്താനും മുംബൈക്ക് സാധിച്ചു.
വാങ്കഡെയില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ മുംബൈ 218 റണ്‍സാണ് അടിച്ചുകൂട്ടിയത്. സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്‍റെ സെഞ്ച്വറിക്കരുത്തിലായിരുന്നു ആതിഥേയര്‍ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 49 പന്ത് നേരിട്ട സൂര്യകുമാര്‍ യാദവ് പുറത്താകാതെ 103 റണ്‍സ് നേടിയിരുന്നു.
ഗുജറാത്ത് ബോളര്‍മാരെ 11 ഫോറും ആറ് സിക്‌സും പറത്തിയാണ് സൂര്യ സെഞ്ച്വറി നേടിയത്. തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനം കാഴ്‌ചവച്ചതിന് പിന്നാലെ സൂര്യകുമാര്‍ യാദവിന് പ്രശംസയുമായി മുംബൈ നായകന്‍ രോഹിത് ശര്‍മ രംഗത്തെത്തി. സൂര്യയുടെ ആത്മവിശ്വാസം മറ്റ് താരങ്ങളെയും സ്വാധീനിക്കുമെന്ന് രോഹിത് പറഞ്ഞു.
'ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തില്‍ ലെഫ്‌റ്റ് റൈറ്റ് ബാറ്റിങ് കോമ്പിനേഷനില്‍ ആവശ്യമുള്ള സമയങ്ങളില്‍ എല്ലാം കളിക്കാനിറങ്ങണം എന്നാണ് ഞങ്ങള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിന് സൂര്യ സമ്മതിച്ചിരുന്നില്ല. അവന് ബാറ്റിങ്ങിന് ഇറങ്ങണം എന്നായിരുന്നു പറഞ്ഞത്. അത്തരത്തിലുള്ള ആത്മവിശ്വാസമാണ് മറ്റ് താരങ്ങളിലും അവന്‍ വളര്‍ത്തിയെടുക്കുന്നത്'
സൂര്യകുമാര്‍ യാദവ് ഉന്മേഷത്തോടെയാണ് ഓരോ മത്സരങ്ങളെയും സമീപിക്കുന്നതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. 'ഓരോ മത്സരത്തിലും ഫ്രഷ് ആയിട്ടാണ് അവന്‍ ബാറ്റ് ചെയ്യാന്‍ എത്തുന്നത്. എല്ലാ കളിയിലും അവന്‍ റണ്‍സ് കണ്ടെത്താറുണ്ട്.
ഒരിക്കല്‍പ്പോലും അവന്‍ വെറുതെയിരിക്കാറില്ല. അത് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചും ശുഭകരമായ ഒരു കാര്യമാണ്' രോഹിത് വ്യക്തമാക്കി. സൂര്യകുമാറിന്‍റെ ഐപിഎല്ലിലെ ആദ്യ സെഞ്ച്വറിയാണ് ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വാങ്കഡെയില്‍ പിറന്നത്. ഇതോടെ ഈ ഐപിഎല്‍ സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കും താരമെത്തി.
12 കളികളില്‍ നിന്നും 479 റണ്‍സാണ് സൂര്യ ഇതുവരെ നേടിയത്. സീസണിന്‍റെ തുടക്കത്തില്‍ നിറം മങ്ങിയ പ്രകടനമായിരുന്നു താരത്തിന്‍റേത്. എന്നാല്‍ പിന്നീട് ബാറ്റിങ്ങില്‍ താളം കണ്ടെത്തിയ സൂര്യ മുംബൈക്കായി ഓരോ മത്സരങ്ങളിലും കത്തിക്കയറി. അവസാന 7 മത്സരങ്ങളില്‍ നാല് അര്‍ധസെഞ്ചറി നേടാന്‍ സൂര്യക്ക് സാധിച്ചു.
ഗുജറാത്തിനെതിരെ സൂര്യകുമാര്‍ യാദവ് സെഞ്ച്വറിയടിച്ച മത്സരത്തില്‍ ഇഷാന്‍ കിഷന്‍ (31), വിഷ്‌ണു വിനോദ് (30) എന്നിവരായിരുന്നു മുംബൈയുട മറ്റ് ടോപ് സ്‌കോറര്‍മാര്‍. രോഹിത് ശര്‍മ്മ 29 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിങ്ങില്‍ തകര്‍ച്ചയോടെയായിരുന്നു ഗുജറാത്തിന്‍റെ തുടക്കം. മുന്‍നിരയില്‍ ആര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. മധ്യനിരയില്‍ ഡേവിഡ് മില്ലറും അവസാന ഓവറുകളില്‍ റാഷിദ് ഖാനും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഗുജറാത്തിന്‍റെ തോല്‍വി ഭാരം കുറച്ചത്.
Also Read : IPL 2023 | സൂര്യയുടെ അടി, മധ്വാളിൻ്റെ ഏറ്; റാഷിദിൻ്റെ ഓൾ റൗണ്ട് പോരാട്ടം വിഫലമാക്കി മുംബൈയുടെ വിജയക്കുതിപ്പ്