ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 16-ാം സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെ വീഴ്‌ത്തി തങ്ങളുടെ അഞ്ചാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. നായകൻ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിൽ ടൂർണമെന്‍റിലുടനീളം തകർപ്പൻ പ്രകടനം കാഴ്‌ചവച്ചാണ് ചെന്നൈ കിരീട നേട്ടത്തിലേക്കെത്തിയത്. വിജയത്തോടെ ഐപിഎല്ലിൽ ഏറ്റവുമധികം കിരീടം നേടിയ ടീമുകളുടെ പട്ടികയിൽ മുംബൈ ഇന്ത്യൻസിനൊപ്പമെത്താനും ചെന്നൈക്കായി.
ഗുജറാത്തിനെതിരായ ഐപിഎല്‍ ഫൈനല്‍ എംഎസ് ധോണിയുടെ 250-ാം മത്സരം കൂടിയായിരുന്നു. ഇതോടെ ഐപിഎല്ലിൽ 250 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കാനും ധോണിക്കായി. ഇപ്പോൾ ഐപിഎല്ലിൽ ധോണിയുടെ സമാനതകളില്ലാത്ത സാന്നിധ്യത്തെക്കുറിച്ച് വ്യക്‌തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി.
'250 ഐപിഎൽ മത്സരങ്ങൾ എംഎസ് ധോണിയുടെ കായികക്ഷമതയ്ക്കുള്ള ആദരവാണ്. ഐപിഎല്ലിലെ ധോണിയുടെ പാരമ്പര്യവുമായി ആരെയും തുലനം ചെയ്യാനാകില്ല. ചെന്നൈയിലും തമിഴ്‌നാട്ടിലും അദ്ദേഹത്തെ തല എന്ന് വിളിക്കുന്നു. ജാർഖണ്ഡിൽ നിന്നുള്ള ഒരു വ്യക്‌തിക്ക് ഇന്ത്യയുടെ തെക്ക് ഭാഗത്തുള്ള സിഎസ്‌കെയുടെ ആരാധകരിൽ നിന്ന് ലഭിക്കുന്ന സ്‌നേഹവും പ്രശംസയും ഈ ക്രിക്കറ്റ് താരത്തിന്‍റെ മഹത്വത്തിന്‍റെ സാക്ഷ്യമാണ്' - ശാസ്‌ത്രി പറഞ്ഞു.
തല തുടരും : അതേസമയം മത്സര ശേഷം വിരമിക്കൽ ചോദ്യം ആരാഞ്ഞെങ്കിലും അടുത്ത സീസണിലും താൻ ഐപിഎൽ കളിക്കാൻ ശ്രമിക്കുമെന്നാണ് ധോണി പറഞ്ഞത്. വിരമിക്കൽ തീരുമാനമെടുക്കാൻ എളുപ്പമാണെന്നും എന്നാൽ കഠിനാധ്വാനം ചെയ്‌ത് അടുത്ത ഒമ്പത് മാസത്തിനുള്ളിൽ ഐപിഎല്ലിൽ തിരിച്ചെത്താനാണ് പ്രയാസമെന്നും താൻ പ്രയാസമുള്ള വഴി സ്വീകരിക്കുകയാണെന്നുമാണ് ധോണി പറഞ്ഞത്.
'ഒരുപക്ഷേ ഇതായിരിക്കാം എന്‍റെ വിരമിക്കല്‍ പ്രഖ്യാപനം നടത്താന്‍ ഏറ്റവും ഉചിതമായ സമയം. എന്നാല്‍ എനിക്ക് ലഭിച്ച സ്നേഹത്തിന്‍റെ അളവ് കണ്ടില്ലെന്ന് നടിക്കാനാകില്ല. ഇവിടെ നിന്നും ഒഴിഞ്ഞുമാറുക എന്നത് എളുപ്പമാണ്. എന്നാല്‍ ഒന്‍പത് മാസം കഠിനാധ്വാനം ചെയ്‌ത് മറ്റൊരു ഐപിഎല്‍ കൂടി കളിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.
എന്‍റെ ശരീരത്തിന് ചിലപ്പോള്‍ അത് എളുപ്പമായിരിക്കില്ല. അത് ശാരീരികക്ഷമത ഉള്‍പ്പടെ മറ്റ് ഒരുപാട് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ആ തീരുമാനമെടുക്കാന്‍ എനിക്ക് മുന്നില്‍ ഇനിയും ആറോ ഏഴോ മാസമുണ്ട്. എന്‍റെ ശരീരം നല്ല നിലയിൽ നിലനിർത്താൻ കഴിയുമെങ്കിൽ അത് ആരാധകർക്കുള്ള എന്‍റെ സമ്മാനമായിരിക്കും' - ധോണി പറഞ്ഞു.
ആരാധകർക്കുള്ള സമ്മാനം : അതേസമയം ധോണി കളിക്കളത്തിൽ തുടരുമെന്നത് ആരാധകരെ സംബന്ധിച്ച് ഏറ്റവും വലിയ വാർത്തയാണെന്നാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് പ്രതികരിച്ചത്. ഇത് ആരാധകരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വാർത്തയാണ്. എംഎസ് ധോണി അടുത്ത വർഷം തിരിച്ചെത്തും, ഇതിലും മികച്ച ഫിറ്റ്‌നസോടെ.
ALSO READ: 'താങ്കൾക്ക് മാത്രമേ അത്ഭുതങ്ങൾ കാട്ടാൻ കഴിയുകയുള്ളു'; ധോണിയെ അഭിനന്ദിച്ച് എൻ ശ്രീനിവാസൻ
ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട തല ആ മഞ്ഞ ജഴ്‌സിയിൽ വീണ്ടും കളിക്കുന്നതിന് സാക്ഷികളാകാൻ കഴിയും. അടുത്ത വർഷം സിഎസ്‌കെയിൽ നിന്നുള്ള പ്രതീക്ഷകൾ വളരെ വലുതാണ്. പ്രതീക്ഷകളുടെ സമ്മർദം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആ ടീമിന് നന്നായി അറിയാം' - ഹർഭജൻ കൂട്ടിച്ചേർത്തു.