മുംബൈ: മലയാളി താരം സഞ്‌ജു സാംസണിന് കീഴില്‍ സ്വപ്‌ന തുല്യമായ കുതിപ്പാണ് രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലില്‍ നടത്തുന്നത്. നായകനായി കളിച്ച 2022ല്‍ രാജസ്ഥാനെ അവരുടെ ചരിത്രത്തിലെ രണ്ടാമത്തെ ഐപിഎല്‍ ഫൈനലിലേക്ക് എത്തിക്കാന്‍ സഞ്‌ജു സാംസണിന് സാധിച്ചിരുന്നു. ഇക്കുറിയും സഞ്‌ജുവിന് കീഴില്‍ രാജസ്ഥാന്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ഐപിഎല്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ അഞ്ച് ജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. തുടര്‍ച്ചയായ രണ്ടാം തവണയും സഞ്‌ജുവിന് കീഴില്‍ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.
രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ 2023ല്‍ ജയങ്ങള്‍ നേടുമ്പോഴെല്ലാം തന്നെ സഞ്‌ജു സാംസണിന്‍റെ ക്യാപ്‌റ്റന്‍സിയും പ്രശംസിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ സഞ്‌ജുവിന്‍റെ ക്യാപ്‌റ്റൻസിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്‌ത്രി. സഞ്‌ജുവിന്‍റെ ക്യാപ്‌റ്റന്‍സി ധോണിയുടേതിന് സമാനമാണെന്നാണ് രവി ശാസ്‌ത്രിയുടെ അഭിപ്രായം.
'ഒരു ക്യാപ്‌റ്റനെന്ന നിലയില്‍ എംഎസ് ധോണിയില്‍ കാണുന്ന ചില ഗുണങ്ങള്‍ നമുക്ക് സഞ്‌ജുവിലും കാണാന്‍ സാധിക്കും. മൈതാനത്ത് അവനെ എപ്പോഴും വളരെ ശാന്തനായാണ് ഞാന്‍ കണ്ടിട്ടുള്ളത്. തന്‍റെ പെരുമാറ്റത്തില്‍ പുറത്ത് ഒന്നും കാണിക്കുന്നില്ലെങ്കിലും സഹതാരങ്ങളുമായി കൃത്യമായി തന്നെ സഞ്‌ജു ആശയവിനിമയം നടത്തുന്നുണ്ട്. സഞ്‌ജുവിന്‍റെ ഉള്ളില്‍ മികച്ച ഒരു നായകനെ നമുക്ക് കാണാന്‍ കഴിയും', രവി ശാസ്‌ത്രി വ്യക്തമാക്കി.
അതേസമയം, നേരത്തെ രാജസ്ഥാന്‍ റോയല്‍സ് പരിശീലകന്‍ കുമാര്‍ സംഗക്കാരയും സഞ്‌ജു സാംസണിനെ പ്രശംസകൊണ്ട് മൂടിയിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിന് പിന്നാലെയായിരുന്നു സംഗക്കാരയുടെ പ്രതികരണം. സഞ്‌ജുവിന്‍റെ ബാറ്റിങ് ശൈലി മറ്റ് താരങ്ങള്‍ക്കും മാതൃകയാക്കാന്‍ കഴിയുന്നതാണെന്ന് സംഗക്കാര പറഞ്ഞിരുന്നു.
More Read : IPL 2023| 'അവന്‍ എല്ലാവര്‍ക്കും മാതൃകയാണ്'; സഞ്‌ജുവിന് പ്രശംസയുമായി പരിശീലകന്‍ കുമാര്‍ സംഗക്കാര
ഐപിഎല്‍ 2023ലെ എട്ട് മത്സരങ്ങള്‍ കളിച്ച രാജസ്ഥാന്‍ റോയല്‍സ് 10 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. അതേസമയം ഇന്ന് നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചാല്‍ സഞ്‌ജുവിനും സംഘത്തിനും പോയിന്‍റ് ടേബിളില്‍ നഷ്‌ടപ്പെട്ട ഒന്നാം സ്ഥാനം തിരികെപ്പിടിക്കാം. മുംബൈ ഇന്ത്യന്‍സിന്‍റെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിലാണ് റോയല്‍സ് തങ്ങളുടെ ഒമ്പതാം മത്സരത്തിനിറങ്ങുന്നത്.
അവസാന മത്സരത്തില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീഴ്‌ത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് സഞ്‌ജുവും കൂട്ടരും. ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നേരിടാനിറങ്ങുമ്പോള്‍ സഞ്‌ജുവിന്‍റെ ബാറ്റിങ്ങ് വെടിക്കെട്ടും ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. ഐപിഎല്‍ സീസണിന്‍റെ തുടക്കത്തില്‍ കാഴ്‌ചവച്ച മികവ് പിന്നീട് ആവര്‍ത്തിക്കാന്‍ സഞ്‌ജുവിനായിരുന്നില്ല. സീസണിലെ ഇതുവരെയുള്ള എട്ട് മത്സരങ്ങളില്‍ നിന്ന് 198 റണ്‍സാണ് രാജസ്ഥാന്‍ നായകന്‍ നേടിയത്.