മുംബെെ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടും. രാത്രി 7.30ന് വാംഖഡെയിലാണ് മത്സരം നടക്കുക. കളിച്ച മൂന്നു കളികളിലും ജയം പിടിച്ച് തികഞ്ഞ ആത്മ വിശ്വാസത്തിലാണ് വിരാട് കോലി നയിക്കുന്ന ബാംഗ്ലൂര്‍ കളത്തിലിറങ്ങുക. അതേസമയം കഴിഞ്ഞ മത്സരത്തില്‍ ചെന്നെെ സൂപ്പര്‍ കിങ്സിനോടുള്‍പ്പെടെ സീസണില്‍ രണ്ട് തോല്‍വി വഴങ്ങിയാണ് രാജസ്ഥാനെത്തുന്നത്. ഇതോടെ ഈ മത്സരത്തില്‍ ജയം പിടിച്ച് പോയിന്‍റ് പട്ടികയില്‍ മുന്നേറ്റം നടത്താനാവും രാജസ്ഥാന്‍റെ ശ്രമം.
എബി ഡിവില്ലിയേഴ്‌സും ഗ്ലെന്‍ മാക്‌സ്‌വെല്ലും മികച്ച പ്രകടനം നടത്തുന്നത് ബാംഗ്ലൂരിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്കെതിരെ ചെപ്പോക്കിലെ സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ ഇരുവരും നിറഞ്ഞാടിയിരുന്നു. 49 പന്തില്‍ 78 റണ്‍സാണ് മാക്‌സ്‌വെല്‍ അടിച്ചു കൂട്ടിയത്. അഞ്ചാമനായി ഇറങ്ങിയ എബി ഡിവില്ലിയേഴ്‌സ് 34 പന്തില്‍ 76 റണ്‍സും കണ്ടെത്തി. റണ്ണൊഴുകുന്ന വാംഖഡെയിലെ പിച്ചില്‍ ഇരുവരും തിളങ്ങിയാല്‍ കൂറ്റന്‍ സ്കോര്‍ കണ്ടെത്താന്‍ ബാംഗ്ലൂരിന് പ്രയാസമാകില്ല.
ബൗളിങ് യൂണിറ്റ് മികച്ച പ്രകടനം നടത്തുന്നത് ക്യാപ്റ്റന്‍ വിരാട് കോലിക്ക് ആശ്വാസമാണ്. മുഹമ്മദ് സിറാജ്, ഷഹബാസ് അഹമ്മദ്, ഹര്‍ഷല്‍ പട്ടേല്‍, യുവേന്ദ്ര ചഹല്‍ എന്നിവരുടെ പ്രകടനം നിര്‍ണായകമാവും. രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണെ ഇതുവരെ ചഹല്‍ അഞ്ച് തവണ പുറത്താക്കിയിട്ടുണ്ട്. മറ്റൊരു വമ്പനടിക്കാരനായ ഡേവിഡ് മില്ലറെ അഞ്ചു മത്സരങ്ങളില്‍ നിന്നായി മൂന്ന് തവണയാണ് താരം ഇരയാക്കിയത്.
രാജസ്ഥാന്‍ നിരയില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, ഡേവിഡ് മില്ലര്‍, ക്രിസ് മോറിസ്, ജോസ് ബട്ട്ലര്‍ എന്നിവരുടെ പ്രകടനം നിര്‍ണ്ണായകമാവും. ബൗളിങ് യൂണിറ്റില്‍ ജയദേവ് ഉനദ്‌കട്, ചേതൻ സകരിയ, മുസ്തഫിസുർ റഹ്മാൻ, ശ്രേയസ് ഗോപാൽ എന്നിവര്‍ മികച്ചു നിന്നാല്‍ കോലിക്കും സംഘത്തിനും കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. ശ്രേയസ് ഗോപാൽ ഡിവില്ലിയേഴ്സിനെ നാല് തവണയും കോലിയെ മൂന്ന് തവണയും ടി20 ക്രിക്കറ്റിൽ പുറത്താക്കിയിട്ടുണ്ട്.
അതേസമയം 2018ല്‍ ബാംഗ്ലൂരിനെതിരെ 45 പന്തില്‍ 92 റണ്‍സ് അടിച്ചു കൂട്ടാന്‍ സഞ്ജുവിന് കഴിഞ്ഞിരുന്നു. ഇതിന്‍റെ ആത്മവിശ്വാസം താരത്തിനുണ്ടാവും. എന്നാല്‍ ആദ്യ മത്സരത്തില്‍ സെഞ്ചുറി പ്രകടനം കാഴ്ചവെച്ച താരത്തിന് മികവ് ആവര്‍ത്തിക്കാനായിട്ടില്ല. ഇതിനോടകം തന്നെ സഞ്ജുവിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ട്. ഇതോടെ താരത്തിന്‍റെ പ്രകടത്തിലേക്കാണ് ആരാധകരും ക്രിക്കറ്റ് ലോകവും ഉറ്റു നോക്കുന്നത്.