ധരംശാല: അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോല്‍വി വഴങ്ങിയതിന് പിന്നാലെ പഞ്ചാബ് കിങ്‌സിന്‍റെയും പ്ലേഓഫ് പ്രതീക്ഷകള്‍ മങ്ങിയിരിക്കുകയാണ്. ധരംശാലയില്‍ ഇന്നലെ ഡല്‍ഹിയോട് 15 റണ്‍സിനാണ് പഞ്ചാബ് പരാജയപ്പെട്ടത്. അവസാന ഓവര്‍ വരെ പോരാടിയായിരുന്നു ശിഖര്‍ ധവാനും സംഘവും തോല്‍വി സമ്മതിച്ചത്.
ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിന് അവസാന ആറോവറില്‍ ജയം പിടിക്കാന്‍ 94 റണ്‍സായിരുന്നു ആവശ്യം. തകര്‍ത്തടിച്ച ലിയാം ലിവിങ്‌സ്റ്റണിന്‍റെ (48 പന്തില്‍ 94) ബാറ്റിങ് കരുത്തില്‍ ജയം സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ടീമും ആരാധകരും. എന്നാല്‍, ഡല്‍ഹിയുടെ ആൻറിച്ച് നോര്‍ക്യ എറിഞ്ഞ 19-ാം ഓവറിലാണ് ഡല്‍ഹി പഞ്ചാബില്‍ നിന്നും മത്സരം തട്ടിയെടുത്തത്. ഈ ഓവറില്‍ 5 റണ്‍സ് മാത്രം നേടിയ പഞ്ചാബിന് 2 വിക്കറ്റും നഷ്‌ടമായിരുന്നു.
അവസാന 6 പന്തില്‍ 33 റണ്‍സ് നേടിയാല്‍ ജയം പിടിക്കാമെന്ന അവസ്ഥയിലായിരുന്നു പഞ്ചാബ് കിങ്‌സ്. ഇഷാന്ത് ശര്‍മ്മ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ റണ്‍സടിക്കാന്‍ സ്‌ട്രൈക്കിലുണ്ടായിരുന്ന ലിയാം ലിവിങ്‌സ്റ്റണിന് കഴിഞ്ഞില്ല. പിന്നാലെയെറിഞ്ഞ പന്തില്‍ സിക്‌സര്‍ അടിച്ച താരം മൂന്നാം പന്തില്‍ ഒരു ഫോറും നേടി.
ശേഷിക്കുന്ന പന്തുകളെല്ലാം സിക്‌സ് അടിച്ചാലും ജയം പിടിക്കാന്‍ കഴിയില്ലെന്ന അവസ്ഥയിലായിരുന്നു ഈ സമയത്ത് പഞ്ചാബ്. നോബോള്‍ ആയ ഓവറിലെ നാലാം പന്ത് ലിവിങ്‌സ്റ്റണ്‍ സിക്‌സര്‍ പറത്തിയതോടെ പഞ്ചാബ് ക്യാമ്പില്‍ വീണ്ടും ആവേശം ഉടലെടുത്തിരുന്നു. എന്നാല്‍, കൃത്യതയോടെ അവസാന മൂന്ന് പന്തും എറിഞ്ഞ ഇഷാന്ത് ശര്‍മ്മ ഡല്‍ഹിക്ക് ഒടുവില്‍ ജയം സമ്മാനിക്കുകയായിരുന്നു.
അവസാന ഓവറില്‍ ഇഷാന്ത് ശര്‍മ്മ നോബോള്‍ എറിഞ്ഞതോടെ നഷ്‌ടപ്പെട്ട മത്സരം സ്വന്തമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷ തങ്ങള്‍ക്കിടയില്‍ വീണ്ടും ഉടലെടുത്തിരുന്നുവെന്ന് പഞ്ചാബ് നായകന്‍ ശിഖര്‍ ധവാന്‍ പറഞ്ഞു. 'നിരാശാജനകമായൊരു തോല്‍വിയാണിത്. മത്സരത്തിന്‍റെ ആദ്യത്തെ ആറോവറില്‍ നന്നായി പന്തെറിയാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല.
പിച്ചിന്‍റെ സാഹചര്യം മനസിലാക്കി ഞങ്ങള്‍ പന്തെറിയേണ്ടതായിരുന്നു. അവസാന ഓവറില്‍ ആ നോബോള്‍ ഉണ്ടായപ്പോള്‍ ഞങ്ങള്‍ വീണ്ടും പ്രതീക്ഷിച്ചു. മത്സരം ഇതുവരെ എത്തിച്ചതിന്‍റെ ക്രെഡിറ്റ് ലിയാം ലിവിങ്‌സ്റ്റണിന് അര്‍ഹതപ്പെട്ടതാണ്' ധവാന്‍ വ്യക്തമാക്കി.
ഡല്‍ഹിയുടെ ബാറ്റിങ്ങിനിടെ അവസാന ഓവറില്‍ സ്‌പിന്നറെ കൊണ്ട് പന്തെറിയിപ്പിച്ചത് തനിക്ക് പറ്റിയ തെറ്റ് ആണെന്നും ധവാന്‍ സമ്മതിച്ചു. ഡല്‍ഹി ഇന്നിങ്‌സിന്‍റെ അവസാന ഓവറില്‍ ഹര്‍പ്രീത് ബ്രാര്‍ ആണ് പഞ്ചാബിനായി പന്തെറിയാനെത്തിയത്. ഈ ഓവറില്‍ റിലീ റൂസോയും ഫില്‍ സാള്‍ട്ടും ചേര്‍ന്ന് 23 റണ്‍സാണ് അടിച്ചെടുത്തത്.
ധരംശാലയില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി റിലീ റൂസോ (82*), പ്രിഥ്വി ഷാ (54) എന്നിവരുടെ അര്‍ധസെഞ്ച്വറിക്കരുത്തിലാണ് 213 റണ്‍സ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ലിയാം ലിവിങ്‌സ്റ്റണിനും അഥര്‍വ ടൈഡേയ്‌ക്കും പുറമെ മറ്റാര്‍ക്കും പഞ്ചാബ് നിരയില്‍ തിളങ്ങാനായില്ല.
More Read : IPL 2023| ലിവിങ്സ്റ്റൻ്റെ പോരാട്ടം പാഴായി; ഡൽഹിക്ക് ആശ്വാസ ജയം, പഞ്ചാബിന് തിരിച്ചടി