സിഡ്നി : പത്ത് വര്‍ഷം പിന്നിട്ടിട്ടും ഐപിഎൽ ടീമായിരുന്ന കൊച്ചി ടസ്കേഴ്സിൽ (കെടികെ) കളിച്ച താരങ്ങളുടെ 35 ശതമാനം പ്രതിഫലവും ഇതേ വരെ ലഭിച്ചില്ലെന്ന് ഓസ്ട്രേലിയയുടെ മുന്‍ ഓൾറൗണ്ടറും കെടികെ ടീമംഗവുമായിരുന്ന ബ്രാഡ് ഹോഡ്ജ്. ട്വിറ്ററിലൂടെയായിരുന്നു ബിസിസിഐക്കെതിരെ ഹോഡ്ജിന്‍റെ പ്രതികരണം.
വനിതകളുടെ ടി20 ക്രിക്കറ്റ് ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇതേവരെ സമ്മാനത്തുക വിതരണം ചെയ്തില്ലെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഹോഡ്ജിന്‍റെ മറുപടി. പ്രസ്തുത വാര്‍ത്ത പങ്കുവച്ച ട്വീറ്റിന് മറുപടിയായാണ് ഹോഡ്ജ് ഇക്കാര്യം പറഞ്ഞത്.
also read: ടി20 വനിതാ ലോകകപ്പിലെ സമ്മാനത്തുക ബിസിസിഐ വിതരണം ചെയ്തില്ലെന്ന് റിപ്പോര്‍ട്ട്
'പത്ത് വര്‍ഷം കഴിഞ്ഞിട്ടും ഐപിഎല്ലില്‍ കൊച്ചി ടസ്കേഴ്‌സ് കളിച്ച കളിക്കാര്‍ക്ക് ഇനിയും 35 ശതമാനത്തോളം ശമ്പളം ലഭിക്കാനുണ്ട്. ആ പണം എങ്ങനെയെങ്കിലും നൽകാൻ ബിസിസിഐക്ക് സാധിക്കുമോ?'- ഹോഡ്ജ് ട്വീറ്റ് ചെയ്തു. ബ്രിട്ടീഷ് ദിനപത്രമായ ദ ടെലഗ്രാഫായിരുന്നു ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം ലഭിച്ച തുകയാണ് ഇതേവരെ താരങ്ങള്‍ക്ക് നല്‍കാതിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.