ചെന്നൈ : ഐപിഎല്‍ പതിനാറാം പതിപ്പില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി മിന്നും പ്രകടനം നടത്തുന്ന താരമാണ് ശ്രീലങ്കന്‍ യുവ പേസര്‍ മതീഷ പതിരണ. സീസണില്‍ ചെന്നൈക്കായി 7 മത്സരം കളിച്ച താരം ഇതുവരെ 10 വിക്കറ്റാണ് നേടിയിട്ടുള്ളത്. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലും മിന്നും പ്രകടനം പുറത്തെടുക്കാന്‍ ഈ 20 കാരനായി.
മത്സരത്തില്‍ നാലോവര്‍ പന്തെറിഞ്ഞ പതിരണ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് വീഴ്‌ത്തിയത്. മത്സരത്തില്‍ മുംബൈയുടെ ടോപ് സ്‌കോററായ നേഹല്‍ വധേര, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അര്‍ഷാദ് ഖാന്‍ എന്നിവരായിരുന്നു പതിരണയ്‌ക്ക് മുന്നില്‍ വീണത്. ഈ പ്രകടനത്തിന്‍റെ കരുത്തില്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ചെന്നൈ യുവ പേസറായിരുന്നു.
മുംബൈക്കെതിരായ മത്സരത്തിന് പിന്നാലെ യുവ പേസറെ പ്രശംസിച്ച് ചെന്നൈ നായകന്‍ എംഎസ് ധോണി തന്നെ രംഗത്തെത്തി. പതിരണ സ്ഥിരതയോടെ പന്തെറിയുന്നുണ്ട്. വലിയ ടൂര്‍ണമെന്‍റുകളില്‍ ശ്രീലങ്കയ്‌ക്കായി താരം മികച്ച പ്രകടനം നടത്തുമെന്നും ധോണി പറഞ്ഞു.
വ്യത്യസ്‌ത ആക്ഷനോടെ പന്തെറിയുന്ന ബൗളര്‍മാരെ ബാറ്റര്‍മാര്‍ക്ക് നേരിടാന്‍ പ്രയാസമാണ്. എന്നാല്‍ സ്ഥിരതയും, വേരിയേഷന്‍സും, വേഗതയുമാണ് അവന്‍റെ സവിശേഷത. എത്രത്തോളം മത്സരങ്ങളില്‍ അവന് കളിക്കാന്‍ സാധിക്കുമെന്നത് നിരീക്ഷിക്കേണ്ടതുണ്ട്.
റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കുന്നത് പരമാവധി കുറയ്‌ക്കണം. ഏകദിന ക്രിക്കറ്റിലും ഐസിസി ടൂര്‍ണമെന്‍റുകളിലും മാത്രം അവനെ കളിപ്പിക്കുക. വര്‍ക്ക് ലോഡ് കുറയ്‌ക്കാനായി മറ്റ് മത്സരങ്ങളില്‍ നിന്ന് കഴിയുന്നത്ര മാറി നില്‍ക്കണം. കാരണം അവന്‍റെ ബൗളിങ് ആക്ഷന്‍ മാറാന്‍ സാധ്യതയില്ല എന്നതാണ്.
നിര്‍ണായക സമയങ്ങളില്‍ മാത്രം അവനെ ഉപയോഗിക്കാം. പൂര്‍ണ ഫിറ്റാണെങ്കില്‍ ഐസിസി ടൂര്‍ണമെന്‍റുകളിലും മറ്റും അവന്‍ ശ്രീലങ്കയ്‌ക്ക് വലിയൊരു മുതല്‍ക്കൂട്ടായിരിക്കും. ശ്രീലങ്കന്‍ ടീമിനായി മതീഷ പതിരണ ദീര്‍ഘകാലം പന്തെറിയുമെന്നാണ് പ്രതീക്ഷിക്കുന്നത്' - ധോണി വ്യക്തമാക്കി.
Also Read : IPL 2023| 'ഹിറ്റ്‌മാനോ അതോ ഡക്ക്‌മാനോ'?; ഐപിഎല്ലില്‍ മോശം റെക്കോഡിട്ട് രോഹിത് ശര്‍മ
അതേസമയം, മുംബൈ ഇന്ത്യന്‍സിനെതിരായ ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ ചെന്നൈക്കായി. നിലവില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് സിഎസ്‌കെ. 11 മത്സരങ്ങളില്‍ നിന്ന് 13 പോയിന്‍റാണ് നിലവില്‍ ധോണിക്കും സംഘത്തിനുമുള്ളത്.
മുംബൈക്കെതിരായ മത്സരത്തില്‍ 6 റണ്‍സിന്‍റെ ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ചെപ്പോക്കില്‍ ആദ്യം ബാറ്റ് ചെയ്‌ത മുംബൈ 139 റണ്‍സായിരുന്നു നേടിയത്. മതീഷ് പതിരണ മൂന്ന് വിക്കറ്റ് നേടിയ മത്സരത്തില്‍ ദീപക് ചഹാര്‍, തുഷാര്‍ ദേശ്‌പാണ്ഡെ എന്നിവര്‍ ചെന്നൈക്കായി രണ്ട് വിക്കറ്റ് വീഴ്‌ത്തി.
Also Read : IPL 2023| രണ്ടാം എല്‍ ക്ലാസിക്കോയിലും മുംബൈ വീണു; ചെപ്പോക്കിലും ചിരി ധോണിപ്പടയ്‌ക്ക്
മറുപടി ബാറ്റിങ്ങില്‍ തകര്‍ത്തടിച്ച റിതുരാജ് ഗെയ്‌ക്‌വാദിന്‍റെയും (30) നിലയുറപ്പിച്ച് കളിച്ച ഡെവോണ്‍ കോണ്‍വെയുടെയും (44) ബാറ്റിങ് പ്രകടനമാണ് ആതിഥേയര്‍ക്ക് അനായാസ ജയം സമ്മാനിച്ചത്. മത്സരത്തിന്‍റെ പതിനെട്ടാം ഓവറിലായിരുന്നു ചെന്നൈ ജയം പിടിച്ചത്.