അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ തോറ്റ് പുറത്തായിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. മത്സരത്തിൽ ഗുജറാത്തിന്‍റെ 233 എന്ന റണ്‍മല പിന്തുടർന്നിറങ്ങിയ മുംബൈയുടെ ഇന്നിങ്സ് 171 റണ്‍സിൽ അവസാനിക്കുകയായിരുന്നു. സൂര്യകുമാറിനും, തിലക് വർമയ്‌ക്കും, കാമറൂണ്‍ ഗ്രീനിനും മാത്രമാണ് മുംബൈ നിരയിൽ തിളങ്ങാനായത്.
അതേസമയം നിർണായകമായ മത്സരത്തിൽ നായകൻ രോഹിത് ശർമയുടെ പ്രകടനം ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. മത്സരത്തിൽ ഏഴ് പന്തിൽ എട്ട് റണ്‍സ് മാത്രം നേടിയ രോഹിത്, മുഹമ്മദ് ഷമിയുടെ പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ക്യാച്ച് നൽകി പുറത്താകുകയായിരുന്നു. ടൂർണമെന്‍റിലുടനീളം രോഹിതിന്‍റെ ഇന്നിങ്സുകൾക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നുവന്നത്.
പല നിർണായക മത്സരങ്ങളിലും അനാവശ്യമായി വിക്കറ്റുകൾ വലിച്ചെറിയുന്നു എന്നതായിരുന്നു രോഹിതിനെതിരെ ഉയർന്ന ഏറ്റവും വലിയ പരാതി. തുടർച്ചയായ രണ്ട് മത്സരങ്ങളിൽ താരം ഡക്കായി പുറത്താകുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ഐപിഎല്ലിൽ ഏറ്റവുമധികം ഡക്കുകൾ നേടുന്ന താരം എന്ന നാണക്കേടിന്‍റെ റെക്കോഡും രോഹിത് സ്വന്തമാക്കിയിരുന്നു.
ഇത്തവണത്തെ ഐപിഎല്ലിൽ 16 മത്സരങ്ങളിൽ 132.80 സ്‌ട്രൈക്ക് റേറ്റിൽ രണ്ട് അർധ സെഞ്ച്വറികൾ ഉൾപ്പെടെ 332 റണ്‍സ് മാത്രമാണ് മുംബൈയുടെ ഓപ്പണർ കൂടിയായ താരത്തിന് സ്വന്തമാക്കാനായുള്ളു. ഇപ്പോൾ ബാറ്റിങ്ങിൽ തിളങ്ങാനായില്ലെങ്കിലും ടീമിന്‍റെ യാത്രയിൽ ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് വലിയ പങ്കാണ് വഹിച്ചതെന്ന് വ്യക്‌തമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസിന്‍റെ മുഖ്യ പരിശീലകൻ മാർക്ക് ബൗച്ചർ.
മുന്നിൽ നിന്ന് നയിച്ച നായകൻ: രോഹിത് വളരെ ക്വാളിറ്റിയുള്ളൊരു കളിക്കാരനാണ്. ഞങ്ങൾ ആഗ്രഹിച്ച രീതിയിൽ തന്നെ ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹം മുന്നിൽ നിന്ന് തന്നെ ടീമിനെ നയിച്ചു. ഈ സീസണിൽ ഞങ്ങളുടെ ബാറ്റിങ് മികച്ചതായിരുന്നു. സീസണിന്‍റെ തുടക്കത്തിൽ ഞങ്ങൾ കുറച്ച് പിന്നോട്ട് പോയി. എന്നാൽ മികച്ച താരങ്ങൾ ഉള്ളതിനാൽ തന്നെ കളിയുടെ നിർണായക ഘട്ടങ്ങളിൽ ഞങ്ങൾക്ക് മെച്ചപ്പെടാൻ കഴിയുമെന്നുള്ള വിശ്വാസം ഉണ്ടായിരുന്നു.
അവിടെ ടീമിനെ ഞങ്ങളുടെ ആ കാഴ്‌ചപ്പാടുകളിലേക്ക് നയിക്കാൻ ഏറ്റവും മികച്ച വ്യക്‌തി ക്യാപ്‌റ്റൻ തന്നെയാണ്. പവർ പ്ലേയിലും, 7 മുതൽ 10 വരെയുള്ള ഓവറുകളിലും സ്‌കോറിങ്ങ് നിരക്ക് ഉയർത്തി പോസിറ്റീവായി ക്രിക്കറ്റ് കളിക്കാൻ ശ്രമിച്ചു. അത് ഭാവിയിലും നമ്മെ നല്ല നിലയിൽ നിർത്തും. ഇതിൽ നിന്ന് താരങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം ലഭിക്കും, ബൗച്ചർ വ്യക്‌തമാക്കി.
ബൗളിങ്ങും മെച്ചപ്പെട്ടു: അതേസമയം മികച്ച ബൗളർമാർ ഇല്ലെങ്കിൽ പോലും സീസണിലുടനീളം ശക്‌തമായി പന്തെറിഞ്ഞ മുംബൈയുടെ ബൗളർമാരെയും ബൗച്ചർ പ്രശംസിച്ചു. ബൗളർമാരുടെ പ്രകടനത്തെ മറ്റൊരു വീക്ഷണകോണിൽ നിന്ന് നോക്കണമെന്നാണ് ഞാൻ കരുതുന്നത്. വാങ്കഡെയിൽ ഞങ്ങൾ സ്‌കോർ ചെയ്‌തും പിന്തുടരുന്നതുമായ ടോട്ടലുകൾ പരിശോധിക്കുകയാണെങ്കിൽ ചിലപ്പോൾ നമ്മുടെ ബൗളർമാർ ഒരുപാട് റണ്‍സ് വഴങ്ങി എന്ന് നിങ്ങൾക്ക് തോന്നും.
അതെ, ചില മത്സരങ്ങളിൽ കുറച്ച് മികവേടെ ബൗൾ ചെയ്യാമായിരുന്നു എന്ന തോന്നൽ ഉണ്ടായിട്ടുണ്ട്. ഞങ്ങൾക്ക് അനുഭവ സമ്പത്തില്ലാത്ത ഒരു ബൗളിങ് ലൈനപ്പാണുള്ളത്. ഞങ്ങൾ തമ്മിലുള്ള ആശയ വിനിമയം മികച്ചതായിരുന്നു. മത്സരം പുരോഗമിക്കുന്നതോടൊപ്പം ഞങ്ങൾ മെച്ചപ്പെട്ടു എന്നാണ് ഞാൻ മനസിലാക്കുന്നത്, ബൗച്ചർ കൂട്ടിച്ചേർത്തു.