അഹമ്മദാബാദ്: കൊല്‍ക്കത്തക്കെതിരായ മത്സരം അനായാസം പിടിച്ചടക്കി ഡല്‍ഹി. യുവതാരം പൃഥ്വി ഷായുടെ സ്ഫോടനാത്മാക ബാറ്റിങ്ങാണ് ഡല്‍ഹിക്ക് തുണയായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ആറ് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 155 റണ്‍സ് വിജയ ലക്ഷ്യം 21 പന്തുകളും ഏഴ് വിക്കറ്റുകളും ബാക്കിവച്ചാണ് ഡല്‍ഹി മറി കടന്നത്. 41 പന്തില്‍ 82 റണ്‍സാണ് പൃഥ്വി ഷാ അടിച്ചെടുത്തത്. 11 ഫോറുകളുടേയും മൂന്ന് സിക്സുകളുടേയും അകമ്പടിയോടെയാണിത്. സ്കോര്‍: ഡല്‍ഹി-156/3. കൊല്‍ക്കത്ത- 154/6
ശിഖര്‍ ധവാന്‍ 47 പന്തില്‍ 46 റണ്‍സും, റിഷഭ് പന്ത് എട്ട് പന്തില്‍ 16 റണ്‍സും നേടി. മാര്‍കസ് സ്റ്റോയിനിസ് മൂന്ന് പന്തില്‍ ആറ് റണ്‍സ് കണ്ടെത്തി വിജയമുറപ്പിച്ചു. കൊല്‍ത്തയ്ക്കായി പാറ്റ് കമ്മിന്‍സാണ് മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത്. ഒരോവര്‍ മാത്രം എറിഞ്ഞ ശിവം മാവി 25 റണ്‍സാണ് വിട്ടുകൊടുത്തത്. അതേസമയം 27 പന്തില്‍ 45 റണ്‍സടിച്ച് പുറത്താവാതെ നിന്ന അന്ദ്രെ റസ്സലിന്‍റെ പ്രകടനമാണ് കൊല്‍ക്കത്തയുടെ ടോട്ടലില്‍ നിര്‍ണായകമായത്.
ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ 38 പന്തില്‍ 43 റണ്‍സെടുത്ത് പുറത്തായി. നിതീഷ് റാണ (12 പന്തില്‍ 15), രാഹുല്‍ ത്രിപാഠി (17 പന്തില്‍ 19), ദിനേഷ് കാര്‍ത്തിക് (10 പന്തില്‍ 14), പാറ്റ് കമ്മിന്‍സ് 13 പന്തില്‍ 11*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന. ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍, സുനില്‍ നരേന്‍ എന്നിവര്‍ പൂജ്യത്തിന് പുറത്തായി. ഡല്‍ഹിക്കായി അക്സര്‍ പട്ടേല്‍, ലളിത് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആവേശ് ഖാന്‍, മാര്‍കസ് സ്റ്റോയിനിസ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.