മുംബെെ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സും ചെന്നെെ സൂപ്പര്‍ കിങ്സും ഏറ്റുമുട്ടും. രാത്രി 7.30ന് വാങ്കഡെയിലാണ് മത്സരം നടക്കുക. സീസണില്‍ ഇരു ടീമികളുടേയും നാലാം മത്സരമാണിത്. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്ത ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനോട് തോറ്റിരുന്നു. അതേസമയം രാജസ്ഥാനെതിരായ വിജയത്തിന്‍റെ ആവേശത്തിലാണ് ചെന്നെെ ഇറങ്ങുന്നത്.
നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും തുടര്‍ച്ചായ രണ്ട് വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ചെന്നെെ. ഒരു വിജയം മാത്രമുള്ള കൊല്‍ക്കത്ത മുംബെെ ഇന്ത്യന്‍സിന് പിന്നില്‍ അഞ്ചാം സ്ഥാനത്താണ്. ഇതോടെ മത്സരത്തില്‍ വിജയം പിടിച്ച് പോയിന്‍റ് പട്ടികയില്‍ മുന്നേറാനാവും ഇരു കൂട്ടരുടേയും ശ്രമം. ചെന്നെെ നിരയില്‍ കൊല്‍ക്കത്തയ്ക്കെതിരെ സുരേഷ് റെെനയ്ക്ക് മികച്ച റെക്കോഡാണ് ഉള്ളത്. ഇതേവരെ കളിച്ച 24 മത്സരങ്ങളില്‍ നിന്നും 818 റണ്‍സ് താരം കണ്ടെത്തിയിട്ടുണ്ട്.
ഇതോടെ നിലവില്‍ മികച്ച ഫോമിലുള്ള താരത്തിന്‍റെ പ്രകടനം ചെന്നെെക്ക് മുതല്‍ക്കൂട്ടാവും. ഫോം പുലര്‍ത്തുന്ന ഓള്‍ റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, മോയിന്‍ അലി എന്നിവരും ബൗളിങ് യൂണിറ്റില്‍ ദീപക് ചഹർ, ഡ്വെയ്ൻ ബ്രാവോ, സാം കറണ്‍ എന്നിവരുടെ പ്രകടനം നിര്‍ണായകമാവും. ബാറ്റിങ് നിരയില്‍ ഫാഫ് ഡു പ്ലെസിസ്, അമ്പാട്ടി റായിഡു തുടങ്ങിയവരും തിളങ്ങിയാല്‍ മികച്ച സ്കോര്‍ കണ്ടെത്തുകയെന്നത് ചെന്നെെക്ക് പ്രയാസമല്ല. അതേസമയം കഴിഞ്ഞ മത്സരത്തിലും പരാജയപ്പെട്ട റിതുരാജ് ഗെയ്‌ക്‌വാദിന് പകരം റോബിന്‍ ഉത്തപ്പ ടീമിലെത്തിയേക്കും.
കഴിഞ്ഞ മത്സരത്തില്‍ ബാംഗ്ലൂരിനെതിരെ 38 റണ്‍സിന്‍റെ തോല്‍വിയാണ് കൊല്‍ക്കത്ത വഴങ്ങിയത്. സന്തുലിതമായ ചെപ്പോക്കിലെ പിച്ചില്‍ പ്രധാന ബൗളര്‍മാരെല്ലാം കൂടുതല്‍ റണ്‍ വഴങ്ങിയതാണ് ടീമിന് തിരിച്ചടിയായത്. 7.75 ഇക്കോണമി റേറ്റുള്ള പ്രസിദ്ധ് കൃഷ്ണയാണ് കൂട്ടത്തില്‍ കുറവ് റണ്‍സ് വഴങ്ങിയ താരം. 19 ഇക്കോണമിയുള്ള അന്ദ്രേ റസ്സലാണ് കൂടുതല്‍ റണ്‍ വഴങ്ങിയത്. രണ്ട് ഓവറില്‍ 38 റണ്‍സായിരുന്നു റസ്സല്‍ വിട്ടുകൊടുത്തത്.
അതേസമയം ബാറ്റിങ് നിരയില്‍ നിതീഷ് റാണയുടെ പ്രകടനം നിര്‍ണായകമാവും. ശുഭ്‌മാൻ ഗില്‍, രാഹുൽ ത്രിപാഠി, ദിനേശ് കാർത്തിക്, അന്ദ്ര റസ്സല്‍ തുടങ്ങിയവര്‍ കൂടെ ഫോമിലേക്കുയര്‍ന്നാല്‍ കൊല്‍ക്കത്ത അപകടകാരികളാവും. ബാറ്റിങ്ങിനെ പിന്തുണയ്ക്കുന്ന പിച്ചാണ് വാങ്കഡെയില്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്നായി 170 റണ്‍സാണ് ഇവിടെ ശരാശരി സ്കോര്‍.