ലഖ്‌നൗ : പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് തോല്‍വിയോടെ മടങ്ങേണ്ടി വന്നെങ്കിലും ഐപിഎല്ലിലെ റെക്കോഡ് പുസ്‌തകത്തില്‍ തന്‍റെ പേരെഴുതി ചേര്‍ക്കാന്‍ അവരുടെ നായകന്‍ കെഎല്‍ രാഹുലിനായി. പഞ്ചാബിനെതിരെ 56 പന്ത് നേരിട്ട രാഹുല്‍ 74 റണ്‍സ് നേടിയാണ് പുറത്തായത്. ടീമിലെ മറ്റ് താരങ്ങള്‍ കളിമറന്നപ്പോള്‍ നായകന്‍റെ ഇന്നിങ്‌സായിരുന്നു അവര്‍ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.
ഈ ഐപിഎല്‍ സീസണില്‍ കെഎല്‍ രാഹുലിന്‍റെ ആദ്യ അര്‍ധസെഞ്ച്വറി കൂടിയായിരുന്നു ഇത്. രാഹുലിന്‍റെ ഇന്നിങ്‌സിന്‍റെ ബലത്തില്‍ 159 റണ്‍സാണ് ലഖ്‌നൗ നേടിയത്. മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ് 19.3 ഓവറില്‍ 8 വിക്കറ്റ് നഷ്‌ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
പഞ്ചാബിനെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ ഐപിഎല്‍ കരിയറില്‍ 4000 റണ്‍സ് തികയ്‌ക്കാന്‍ രാഹുലിനായി. കരിയറിലെ 105-ാം ഇന്നിങ്‌സിലാണ് രാഹുല്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ഐപിഎല്ലില്‍ അതിവേഗത്തില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമായും രാഹുല്‍ മാറി.
ടി20യിലെ വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയിലിന്‍റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് രാഹുല്‍ പഴങ്കഥയാക്കിയത്. ഐപിഎല്ലിലെ 112-ാം ഇന്നിങ്‌സിലായിരുന്നു ഗെയ്‌ല്‍ 4,000 റണ്‍സ് നേടിയത്. 114 ഇന്നിങ്‌സില്‍ നിന്നും നേട്ടം സ്വന്തമാക്കിയ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണറാണ് പട്ടികയിലെ മൂന്നാമന്‍.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോലി ഈ പട്ടികയില്‍ നാലാം സ്ഥാനത്താണ്. 128 ഇന്നിങ്‌സില്‍ നിന്നായിരുന്നു കോലി ഈ നാഴികക്കല്ല് പിന്നിട്ടത്. 131-ാം ഇന്നിങ്‌സില്‍ ഐപിഎല്‍ കരിയറില്‍ നേട്ടം പിന്നിട്ട ആര്‍സിബിയുടെ മുന്‍ താരം എബി ഡിവില്ലിയേഴ്‌സാണ് പട്ടികയിലെ അഞ്ചാം സ്ഥാനക്കാരന്‍.
നിലവില്‍ 47.02 ശരാശരിയില്‍ 4044 റണ്‍സാണ് രാഹുലിന്‍റെ അക്കൗണ്ടിലുള്ളത്. 114 മത്സരങ്ങളിലാണ് താരം കളത്തിലിറങ്ങിയിട്ടുള്ളത്. നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകനായ രാഹുല്‍ നേരത്തേ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്. 135.16 ശരാശരിയില്‍ ബാറ്റ് വീശുന്ന താരം ഇതുവരെ നാല് സെഞ്ച്വറിയും 32 അര്‍ധസെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്.
Also Read: ചിന്നസ്വാമിയിലെ പെരിയസ്വാമി; ഐപിഎല്ലില്‍ അപൂര്‍വ റെക്കോഡുമായി വിരാട് കോലി
അതേസമയം, പഞ്ചാബിനെതിരായ മത്സരത്തില്‍ രാഹുലിന് പുറമെ മറ്റ് ലഖ്‌നൗ താരങ്ങള്‍ക്കൊന്നും മികവിലേക്ക് ഉയരാന്‍ കഴിഞ്ഞിരുന്നില്ല. 29 റണ്‍സ് നേടിയ കൈല്‍ മയേഴ്‌സ് ആയിരുന്നു അവരുടെ രണ്ടാം ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങില്‍ സിക്കന്ദര്‍ റാസയുടെയും ഷാരൂഖ് ഖാന്‍റെയും പ്രകടനമാണ് പഞ്ചാബിന് ജയം സമ്മാനിച്ചത്.
തോല്‍വി വഴങ്ങിയെങ്കിലും പോയിന്‍റ് പട്ടികയില്‍ ലഖ്‌നൗവിന്‍റെ രണ്ടാം സ്ഥാനത്തിന് കോട്ടം സംഭവിച്ചിട്ടില്ല. അതേസമയം, പഞ്ചാബ് ആറ് പോയിന്‍റുമായി നാലാം സ്ഥാനത്തേക്ക് മുന്നേറിയിട്ടുണ്ട്.