പത്തനംതിട്ട: കേക്കും കരോളും സാന്തയും പുൽക്കൂടുമെല്ലാം ഇല്ലാതെ എന്ത് ക്രിസ്‌മസെന്ന് ചേദിക്കും പോലെ, തിരുവനന്തപുരം കെഎസ്ആർടിസി ബസും ജീവനക്കാരുമില്ലാതെ ഞങ്ങൾക്ക് എന്താഘോഷം എന്നാണ് കോഴഞ്ചേരി നിവാസികൾ ചോദിക്കുന്നത്. ആഘോഷമെന്തായാലും അത് കളറാക്കുന്നവരാണ് കോഴഞ്ചേരി നിവാസികൾ. ഈ ക്രിസ്‌മസിനും അവർ ആ പതിവ് തെറ്റിച്ചില്ല.
അവരുടെ ആഘോഷം പൂർണമാകണമെങ്കിൽ തിരുവനന്തപുരം കെഎസ്‌ആർടിസി ജീവനക്കാരും അവർക്കൊപ്പം വേണം എന്ന് കോഴഞ്ചേരിക്കാർക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ക്രിസ്‌മസ് രാവിൽ ക്രിസ്‌മസ് പാപ്പയും കരോൾ സംഘവും ഏറെ നേരം കാത്തു നിന്നാണ് കോഴഞ്ചേരിയുടെ സ്വന്തം സ്‌റ്റേ ബസിനെ സ്വീകരിച്ചത്. ഓണമോ ക്രിസ്‌മസോ ആഘോഷമേതായാലും കോഴഞ്ചേരിക്കാർ അത് കളറാക്കും.
ഒന്നോ രണ്ടോ കിലോമീറ്റർ മാത്രം ചുറ്റളവുള്ള ചെറിയ പഞ്ചായത്താണ് കോഴഞ്ചേരി എങ്കിലും സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ മേഖലകളിലെല്ലാം കോഴഞ്ചേരി ഏറെ മുൻപന്തിയിലാണ്. പള്ളിക്കാര്യമായാലും പള്ളിയോടത്തിൻ്റെ കാര്യമായാലും ജാതിമത ഭേദമന്യേ കോഴഞ്ചേരി ഒറ്റക്കെട്ടാണ്.
പൊതുവേ ആഘോഷ പ്രിയരായ കോഴഞ്ചേരി നിവാസികൾ സത്ക്കാര പ്രിയരുമാണ്. കോഴഞ്ചേരിയിലെ ഏക സ്‌റ്റേ ബസായ കൊല്ലം ഡിപ്പോയിലെ തിരുവനന്തപുരം കോഴഞ്ചേരി റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിനെയും ഇതിലെ ജീവനക്കാരേയും എന്നും കോഴഞ്ചേരി നിവാസികൾ തങ്ങൾക്കൊപ്പം ചേർത്ത് നിർത്തിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ബസിലെ സ്ഥിരം യാത്രക്കാരെയും ജീവനക്കാരെയും ഉൾപ്പെടുത്തി വാട്‌സ്‌ആപ്പ് ഗ്രൂപ്പുമുണ്ട്. അതിൽ ബസിൻ്റെ യാത്രയുടെ വിശദാംശങ്ങൾ സദാ അപ്ഡേറ്റ് ചെയ്യും. ജീവനക്കാരുടെ താമസം ഉൾപ്പടെയുള്ള സൗകര്യങ്ങളൊരുക്കാനും കോഴഞ്ചേരി നിവാസികൾ അതീവ ശ്രദ്ധ പുലർത്തുന്നവരാണ്.
കൊവിഡ് കാലത്ത് നിലച്ച് പോയെങ്കിലും രാഷ്ട്രീയ വ്യത്യാസമില്ലാതെ കോഴഞ്ചേരി നിവാസികൾ സമ്മർദം ചെലുത്തിയാണ് ബസ് സർവീസ് പുനരാരംഭിച്ചത്. ഇന്നലെ (ഡിസംബർ 24) 9 മണിയോടെ കോഴഞ്ചേരിയിലെത്തിയ ബസിനെ കരോൾ ഗാനങ്ങളുടെ അകമ്പടിയോടെ അണിയിച്ചൊരുക്കി സ്വീകരിച്ചു. ജീവനക്കാർക്ക് ക്രിസ്‌മസ് സമ്മാനങ്ങളും നൽകി.
ഓണക്കാലത്തും കോഴഞ്ചേരിയുടെ സ്വന്തം സ്‌റ്റേ ബസിനെ ഉൾപ്പെടുത്തി വിപുലമായ ആഘോഷങ്ങളാണ് കോഴഞ്ചേരി നിവാസികൾ ഒരുക്കുന്നത്. ഇവിടെ ആഘോഷങ്ങൾക്കെന്നല്ല ഒരു കാര്യത്തിലും ജാതിയും മതവും രാഷ്ട്രീയവുമില്ല. കോഴഞ്ചേരിയിൽ മാത്രമെന്താ ഇങ്ങനെ എന്ന് ചോദിച്ചാൽ കോഴഞ്ചേരി നിവാസികൾ ഒരു ചെറു ചിരിയോടെ പറയും ഇവിടെ ഇങ്ങനാണ് ഭായി.