മുംബൈ: ഐപിഎല്‍ 16ാം സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തോല്‍വി വഴങ്ങിയെങ്കിലും യുവ ഓപ്പണര്‍ റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ചെന്നൈയെ മികച്ച നിലയിലേക്ക് നയിച്ചത് റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. 50 പന്തില്‍ 92 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്.
നാല് ഫോറുകളും ഒമ്പത് എണ്ണം പറഞ്ഞ സിക്‌സുകളും നേടിയായിരുന്നു താരം കളം നിറഞ്ഞത്. 2020ല്‍ ചെന്നൈ കുപ്പായത്തില്‍ അരങ്ങേറിയത് മുതല്‍ ടീമിന്‍റെ പ്രധാനിയാണ് 26കാരനായ റിതുരാജ്. ഇതുവരെ കളിച്ച 37 മത്സരങ്ങളില്‍ നിന്നും 11 അര്‍ധ സെഞ്ചുറിയും ഒരു സെഞ്ചുറിയും താരം അടിച്ചെടുത്തിട്ടുണ്ട്.
ഇത്രയും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടും റിതുരാജിന് ഇന്ത്യന്‍ ടീമില്‍ കാര്യമായ അവസരം ലഭിക്കാത്തതിനെ ചോദ്യം ചെയ്‌ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓപ്പണറായ വിരേന്ദര്‍ സെവാഗ്. മികച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാന്‍ കഴിയുന്ന റിതുരാജിന് ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി കളിക്കാനാകുന്നില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്നാണ് സെവാഗ് പറയുന്നത്.
"ഇതു അര്‍ധ സെഞ്ചുറി നേടുന്നതിനെക്കുറിച്ച് മാത്രമല്ല, അവന്‍ അതിനെ വലിയ സ്‌കോറിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. മികച്ച തുടക്കം വലിയ സ്‌കോറിലേക്ക് എത്തിക്കാന്‍ കഴിയുന്നുവെന്നതാണ് റിതുരാജിന്‍റെ പ്രത്യേകത. രണ്ട് സീസണുകള്‍ക്ക് മുമ്പ് ചെന്നൈക്കായി അവന്‍ സെഞ്ചുറിയടിച്ചിരുന്നു.
എന്നിട്ടും താരത്തിന് ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരം ലഭിക്കാത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു. കാരണം മറ്റുള്ളവർക്ക് ഏറെ അവസരം ലഭിച്ചപ്പോഴാണ്, ഇന്ത്യയ്‌ക്കായി മികച്ച പ്രകടനം നടത്തിയത്. എന്തുകൊണ്ടാണ് റിതുരാജിന് ഇത്രയും കാത്തിക്കേണ്ടി വരുന്നത്". സെവാഗ് പറഞ്ഞു.
ധോണിയുടെ പിന്‍ഗാമി: ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറുടെ പ്രതികരണം. ഐപിഎല്ലിന്‍റെ ഈ സീസണിലും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞാല്‍ റിതുരാജിന് ഇന്ത്യന്‍ ടീമിലെത്താന്‍ അധികം കാത്തിരിക്കേണ്ടി വരില്ലെന്നു പറഞ്ഞ സെവാഗ് ചെന്നൈയില്‍ ധോണിയുടെ പിന്‍ഗാമായിയായി താന്‍ താരത്തെ കാണുന്നതായും കൂട്ടിച്ചേര്‍ത്തു.
"ഐപിഎല്ലിന്‍റെ ഈ സീസണിലും മികച്ച പ്രടനം നടത്താന്‍ കഴിഞ്ഞാല്‍ അവന് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് തോന്നുന്നു. എംഎസ് ധോണിയുടെ പിന്‍ഗാമിയായി ചെന്നൈയുടെ നായകനാവാന്‍ മികച്ച പിന്‍ഗാമിയാണ് റിതുരാജെന്നാണ് ഞാന്‍ കരുതുന്നത്'' സെവാഗ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കായി ഇതേവരെ ഒരു ഏകദിനത്തില്‍ മാത്രമാണ് റിതുരാജ് കളിച്ചിട്ടുള്ളത്. നിലവിലെ ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷന്‍ സാഹചര്യം അനുസരിച്ച് ശുഭ്‌മാന്‍ ഗില്ലിനും ഇഷാന്‍ കിഷനും പിന്നിലാണ് റിതുരാജിന്‍റെ പേരുള്ളത്. ഇന്ത്യയുടെ ഏകദിന ടീമിന്‍റെ ഓപ്പണറായി രോഹിത് ശര്‍മയ്‌ക്കൊപ്പം ശുഭ്‌മാന്‍ ഗില്‍ ഏറെക്കുറെ സ്ഥാനം ഉറപ്പിച്ചതിനാല്‍ 2023ലെ ഏകദിന ലോകകപ്പില്‍ റിതുരാജിന് ഇടം ലഭിച്ചേക്കില്ലെന്ന് ഉറപ്പാണ്.
അതേസമയം ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റിന്‍റെ തോല്‍വി ആയിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 178 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഗുജറാത്ത് നാല് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 182 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്.
ALSO READ: IPL 2023 | ചെന്നൈയും മുംബൈയും തോറ്റുതുടങ്ങി; കളത്തിന് പുറത്തെ പോര് ട്വിറ്ററില്‍