ബെംഗളൂരു : ഐപിഎല്‍ റണ്‍വേട്ടക്കാരിലെ ഒന്നാം സ്ഥാനക്കാരനാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ വിരാട് കോലി. ഐപിഎല്ലില്‍ ഇതുവരെ കളിച്ച 226 മത്സരങ്ങളില്‍ നിന്നും 6788 റണ്‍സാണ് വിരാട് അടിച്ചെടുത്തിട്ടുള്ളത്. കരിയറില്‍ 129.54 ആണ് വിരാട് കോലിയുടെ സ്‌ട്രെക്ക് റേറ്റ്.
ഈ സീസണിലും വിരാട് കോലി മികച്ച ഫോമിലാണ് ബാറ്റ് വീശുന്നത്. മൂന്ന് മത്സരങ്ങളില്‍ നിന്നും ഇതിനോടകം തന്നെ ആര്‍സിബി സ്റ്റാര്‍ ബാറ്റര്‍ രണ്ട് അര്‍ധ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 82 റണ്‍സെടുത്ത് പുറത്താകാതെ നിന്ന താരം, അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ 61 റണ്‍സായിരുന്നു നേടിയത്.
ലഖ്‌നൗവിനെതിരായ മത്സരത്തില്‍ ടോപ് ഗിയറിലായിരുന്നു കോലി ബാറ്റിങ് ആരംഭിച്ചത്. പവര്‍പ്ലേയില്‍ തകര്‍പ്പന്‍ അടികളുമായി കളം നിറഞ്ഞ താരം നേരിട്ട ആദ്യ 25 പന്തില്‍ നിന്നും 42 റണ്‍സ് നേടിയിരുന്നു. പിന്നാലെ പത്ത് പന്തുകള്‍ നേരിട്ടായിരുന്നു കോലി മത്സരത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ഇതിന് പിന്നാലെ കോലിയുടെ ബാറ്റിങ് ശൈലിയെ വിമര്‍ശിച്ച് മുന്‍ ന്യൂസിലന്‍ഡ് താരവും കമന്‍റേറ്ററുമായ സൈമണ്‍ ഡൗള്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. അതിവേഗത്തില്‍ ഇന്നിങ്‌സ് ആരംഭിച്ച കോലി പിന്നീട് തന്‍റെ അര്‍ധസെഞ്ച്വറിയെ കുറിച്ച് ആശങ്കപ്പെട്ടിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ അങ്ങനെയൊരു ചിന്തയുടെ ആവശ്യമില്ലായിരുന്നു എന്നാണ് സൈമണ്‍ ഡൗള്‍ അഭിപ്രായപ്പെട്ടത്.
ഇപ്പോള്‍ ഡൗളിന്‍റെ പ്രതികരണത്തിന് മറുപടിയുമായി വിരാട് കോലി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 'സാധാരണയായി പവര്‍പ്ലേ കഴിഞ്ഞാല്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്‌ത് കളിക്കാനായിരിക്കും എല്ലാവരുടെയും ശ്രമം. എന്നാല്‍ ആദ്യ ആറോവറില്‍ വിക്കറ്റ് ഒന്നും നഷ്‌ടപ്പെട്ടിട്ടില്ലെങ്കില്‍ എതിര്‍ ടീം അവരുടെ ഏറ്റവും മികച്ച ബോളറെയാകും പന്തെറിയാന്‍ ഏല്‍പ്പിക്കുക.
അങ്ങനെ ഒരാളെ ഒരു ബാറ്ററും തുടക്കത്തില്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചേക്കില്ല. അയാളെ എങ്ങനെ നേരിടാം എന്നതിനെ കുറിച്ചായിരിക്കാം ആദ്യം ബാറ്റര്‍ നോക്കുന്നത്. അങ്ങനെ ചെയ്‌താല്‍ മാത്രമേ ഇന്നിങ്‌സിന്‍റെ ബാക്കി സമയങ്ങളില്‍ അയാള്‍ക്കെതിരെ ആധിപത്യം പുലര്‍ത്താന്‍ സാധിക്കൂ' - വിരാട് കോലി വ്യക്തമാക്കി. മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയുമായുള്ള ജിയോ സിനിമയുടെ അഭിമുഖ സംഭാഷണത്തിലായിരുന്നു കോലിയുടെ പ്രതികരണം.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തില്‍ 44 പന്ത് നേരിട്ടാണ് വിരാട് കോലി 61 റണ്‍സ് നേടിയത്. അതേസമയം, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്നാണ് സീസണില്‍ തങ്ങളുടെ നാലാം മത്സരത്തിനായി ഇറങ്ങുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സാണ് ബാംഗ്ലൂരിന്‍റെ എതിരാളികള്‍.