മുംബൈ: ഐപിഎല്‍ മത്സരങ്ങളുടെ ടിവി, ഡിജിറ്റല്‍ സംപ്രേഷണാവകാശം രണ്ട് പ്രമുഖ കമ്പനികള്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. 2023 മുതല്‍ 2027 വരെയുളള അഞ്ച് വര്‍ഷ കാലയളവിലേക്കുളള ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേഷണാവകാശമാണ് വിറ്റുപോയത്. 44,075 കോടി രൂപയ്‌ക്കാണ് ഐപിഎല്ലിലെ അടുത്ത അഞ്ച് വര്‍ഷത്തേക്കുളള സംപ്രേഷണാവകാശം വിറ്റുപോയത്.
ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ടിവി സംപ്രേഷണാവകാശം 23, 575 കോടി രൂപയ്‌ക്കും, ഡിജിറ്റല്‍ അവകാശം 20,500 കോടി രൂപയ്‌ക്കും വിറ്റതായി അറിയുന്നു. ഇതോടെ ഓരോ മത്സരത്തില്‍ നിന്നും 107 കോടിയിലധികം രൂപ ബിസിസിഐയ്‌ക്ക് ലഭിക്കും.
ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് രണ്ടു വ്യത്യസ്‌ത കമ്പനികള്‍ സംപ്രേഷണാവകാശം പങ്കിടുന്നത്. ഡിജിറ്റല്‍ സംപ്രേഷണാവകാശം വിയാകോം 18 സ്വന്തമാക്കിയെന്നും, ടിവി അവകാശം സോണി നേടിയെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ചുളള ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
ALSO READ: ഐപിഎല്‍ സംപ്രേഷണാവകാശ ലേലം; ഒരു മത്സരത്തിന് 105 കോടി, ലോകത്തിലെ രണ്ടാം അതിസമ്പന്ന കായിക ലീഗാകും
ലേലം ഇന്ന്(ജൂണ്‍ 13) രാവിലെ പതിനൊന്നിനാണ് പുനരാരംഭിച്ചത്. സോണി, റിലയന്‍സ് എന്നിവര്‍ക്ക് പുറമെ ഡിസ്‌നി, സീ എന്‍റർടെയ്‌ൻമെന്‍റ് എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്ന പ്രമുഖര്‍. നാല് വ്യത്യസ്‌ത പാക്കേജുകളായാണ് ലേലം നടന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ടെലിവിഷന്‍ സംപ്രേഷണത്തിന് മാത്രമായാണ് ഒരു പാക്കേജ്.
ഇതേ മേഖലയിലെ ഡിജിറ്റല്‍ സംപ്രേഷണ അവകാശത്തിനായാണ് രണ്ടാമത്തെ പാക്കേജ്. 2017-2022 കാലയളവില്‍ സ്റ്റാര്‍ ഇന്ത്യയാണ് ഐപിഎല്‍ സംപ്രേഷണാവകാശം നേടിയത്. 16, 347 കോടി രൂപയ്‌ക്കാണ് അന്ന് സോണിയെ മറികടന്ന് ടിവി,ഡിജിറ്റല്‍ അവകാശം സ്റ്റാര്‍ സ്വന്തമാക്കിയത്