മുംബൈ: ഐപിഎൽ പതിനാറാം പതിപ്പിൽ പ്ലേഓഫ് ലക്ഷ്യമിടുന്ന മുംബൈ ഇന്ത്യൻസിന് ഇന്ന് ജീവൻമരണപ്പോരാട്ടം. പോയിന്‍റ് പട്ടികയിലെ ആദ്യ നാലിൽ ഇടം പിടിക്കാൻ രോഹിതിനും സംഘത്തിനും ജയം അനിവാര്യമായ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ആണ് അവരുടെ എതിരാളികൾ. മുംബൈയുടെ അങ്കത്തട്ടായ വാങ്കഡെ സ്റ്റേഡിയത്തിൽ വൈകുന്നേരം മൂന്നരയ്ക്കാണ് മത്സരം.
13 കളിയിൽ 14 പോയിന്‍റാണ് നിലവിൽ മുംബൈ ഇന്ത്യൻസിന്. പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനക്കാരായ മുംബൈക്ക് അവസാന സ്ഥാനത്തുള്ള ഹൈദരാബാദിനെ വീഴ്ത്തിയാൽ മാത്രമേ പ്ലേഓഫ് മോഹങ്ങൾ നിലനിർത്താനാകു. മറുവശത്ത് ജയത്തോടെ സീസൺ അവസാനിപ്പിക്കാനാണ് എസ്ആർഎച്ചിന്‍റെ വരവ്.
ഈ സീസണില്‍ മുംബൈ ഹൈദരാബാദ് ടീമുകള്‍ പരസ്‌പരം പോരടിക്കുന്ന രണ്ടാമത്തെ മത്സരമാണിത്. നേരത്തെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ഇരുടീമും തമ്മിലേറ്റുമുട്ടിയിരുന്നു. അന്ന് കാമറൂണ്‍ ഗ്രീനിന്‍റെ മികവില്‍ 14 റണ്‍സിന് ജയം പിടിക്കാന്‍ മുംബൈക്കായി.
'സൂര്യ'പ്രതീക്ഷയിൽ മുംബൈ: കഴിഞ്ഞ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനോടേറ്റ തോൽവിയാണ് മുംബൈ ഇന്ത്യൻസിന് പ്ലേഓഫ് റേസിൽ തിരിച്ചടിയായത്. ആ തോൽവിയിൽ നിന്നും കരകയറാനായില്ലെങ്കിൽ രോഹിതിനും സംഘത്തിനും പ്ലേഓഫ് കാണാതെ മടങ്ങേണ്ടി വരും. അതുകൊണ്ട് തന്നെ ജയം മാത്രം മുന്നിൽ കണ്ടുകൊണ്ടാവും 5 തവണ ചാമ്പ്യൻമാരായ മുംബൈ ഇന്ന് ഇറങ്ങുന്നത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ജയിച്ചാലും മുംബൈക്ക് പ്ലേഓഫ് ഉറപ്പിക്കാനാകില്ല. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പ്പിക്കുകയും ചെയ്‌താലെ മുംബൈ ഇന്ത്യന്‍സിന് മുന്നേറാന്‍ സാധിക്കൂ. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ നെറ്റ്റണ്‍റേറ്റില്‍ ബാംഗ്ലൂരിനെ മറികടക്കാന്‍ രോഹിതിനും സംഘത്തിനും ഇന്ന് കൂറ്റന്‍ ജയം തന്നെ വേണം.
Also Read : IPL 2023 | 'ഇത് ഇങ്ങനെയൊന്നുമല്ലട...'; വാള്‍ വീശി ആഘോഷം അനുകരിച്ച് വാര്‍ണര്‍, ചിരിയടക്കാനാകാതെ ജഡേജ: വീഡിയോ
സൂര്യകുമാർ യദാവ് ആണ് മുംബൈയുടെ വജ്രായുധം. ബാറ്റിങ് പറുദീസയായ വാങ്കഡെയിൽ ഈ സീസണിൽ മിന്നും പ്രകടനമാണ് സൂര്യ പുറത്തെടുക്കുന്നത്. താളം കണ്ടെത്തി കഴിഞ്ഞാൽ സൂര്യയെ പൂട്ടാൻ ഹൈദരാബാദ് ബൗളർമാർക്ക് നന്നേ വിയർക്കേണ്ടി വരും.
നായകൻ രോഹിത് ശർമ ഫോമിന്‍റെ മിന്നലാട്ടങ്ങൾ കാണിച്ചത് മുംബൈക്ക് പ്രതീക്ഷ നൽകുന്നു. ഇഷാൻ കിഷനും ടിം ഡേവിഡും ക്രിസ് ഗ്രീനും റൺസ് അടിക്കുന്നത് ടീമിന് ആശ്വാസം. വാങ്കഡെയില്‍ കളിച്ച അവസാന മത്സരത്തില്‍ ബൗളര്‍മാര്‍ എതിരാളികളെ എറിഞ്ഞിട്ടതും രോഹിതിനും സംഘത്തിനും പ്രതീക്ഷയാണ്.
നിലമെച്ചപ്പെടുത്താന്‍ ഹൈദരാബാദ്: പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരെന്ന നാണക്കേട് മാറ്റാനാകും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ശ്രമം. സീസണിലെ അവസാന മത്സരത്തിന് ഇറങ്ങുമ്പോള്‍ ടീമില്‍ മറ്റ് ആശങ്കകളൊന്നുമില്ല. അവസാന മത്സരമായതിനാല്‍ തന്നെ ഇതുവരെ അവസരം ലഭിക്കാത്തവര്‍ ഇന്ന് കളിക്കാന്‍ ഇറങ്ങാനാണ് സാധ്യത.