അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം പതിപ്പില്‍ ജയക്കുതിപ്പ് തുടരാന്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് ഇന്നിറങ്ങും. പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സാണ് ഹാര്‍ദിക് പാണ്ഡ്യക്കും സംഘത്തിനും എതിരാളികള്‍. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് ഈ മത്സരം ആരംഭിക്കുന്നത്.
ഇരു ടീമുകളും സീസണില്‍ ഏറ്റുമുട്ടുന്നത് ഇത് രണ്ടാം തവണ. ആദ്യ കളിയില്‍ ഗുജറാത്തിനൊപ്പമായിരുന്നു ജയം. അന്ന് 6 വിക്കറ്റിനായിരുന്നു ഗുജറാത്തിന്‍റെ ജയം.
കുതിപ്പ് തുടരാന്‍ ഗുജറാത്ത്: പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത്. 8 കളിയില്‍ 6 ജയം നേടിയ അവര്‍ക്ക് 12 പോയിന്‍റാണ് ഉള്ളത്. അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും ജയിച്ച ഗുജറാത്ത് മിന്നും ഫോമിലാണ്.
ബാറ്റര്‍മാരെല്ലാം പ്രതിഭയ്‌ക്കൊത്ത പ്രകടനം ടീമിനായി നടത്തുന്നുണ്ട്. ശുഭ്‌മാന്‍ ഗില്‍ തുടങ്ങുന്ന റണ്‍വേട്ട അവസനിപ്പിക്കാന്‍ ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ വരെ ഗുജറാത്തിന് താരങ്ങളുണ്ട്. വിജയ് ശങ്കറിന്‍റെ ബാറ്റിങ് പ്രകടനമാണ് ടീമിനെ നിലവില്‍ ശക്തരാക്കുന്നത്.
ബൗളിങ്ങിലും ഹാര്‍ദിക് പാണ്ഡ്യക്കും സംഘത്തിനും കാര്യമായ തലവേദനയില്ല. മുഹമ്മദ് ഷമി നേതൃത്വം നല്‍കുന്ന പേസ് നിര എത് ബാറ്റിങ് നിരയേയും എറിഞ്ഞിടാന്‍ കെല്‍പ്പുള്ളവര്‍. സ്പിന്നര്‍ റാഷിദ് ഖാനും മികച്ച ഫോമില്‍ പന്തെറിയുന്നത് ടീമിനാശ്വാസം.
മുന്നേറാന്‍ ഇനിയും വേണം വിജയം: ഐപിഎല്‍ പതിനാറാം പതിപ്പ് കഷ്‌ടകാലമാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്. ഇതുവരെ കളിച്ച 8 മത്സരങ്ങളില്‍ 2 എണ്ണത്തില്‍ മാത്രം ജയിച്ച അവര്‍ പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ്. പ്ലേ ഓഫിലേക്ക് മുന്നേറണമെങ്കില്‍ ഡല്‍ഹിക്ക് ഇനി അവിശ്വസനീയ കുതിപ്പ് തന്നെ നടത്തേണ്ടി വരും.
അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോല്‍വി വഴങ്ങിയാണ് ഡേവിഡ് വാര്‍ണറും സംഘവും ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനിറങ്ങുന്നത്. ബാറ്റര്‍മാര്‍ മികവിലേക്ക് ഉയരാതിരുന്നതായിരുന്നു ടീമിന് ഇക്കുറി തിരിച്ചടിയായത്. ബോളര്‍മാര്‍ തരക്കേടില്ലാതെ തന്നെ ടീമിനായി പന്തെറിയുന്നുണ്ട്. ബാറ്റിങ്ങില്‍ ഡേവിഡ് വാര്‍ണര്‍, അക്സര്‍ പട്ടേല്‍ എന്നിവര്‍ക്ക് പുറമെ അവസാന മത്സരത്തില്‍ മിച്ചല്‍ മാര്‍ഷും റണ്‍സ് അടിച്ചത് ടീമിന് ആശ്വാസമാണ്.
Also Read : തുടങ്ങിയത് അവിടെ, 10 വര്‍ഷത്തിന് ഇപ്പുറവും അവസാനിക്കാതെ മൈതാനത്തെ കോലി- ഗംഭീര്‍ പോര്..
പിച്ച് റിപ്പോര്‍ട്ട്: ബാറ്റര്‍മാര്‍ക്ക് പിന്തുണ ലഭിക്കുന്ന പിച്ചാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലേത്. 170 ആണ് ഇവിടുത്തെ ശരാശരി ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍. മത്സരത്തിന്‍റെ തുടക്കത്തില്‍ പേസ് ബോളര്‍മാര്‍ക്ക് ആവശ്യമായ പേസും സ്വിങും പിച്ചില്‍ നിന്നും ലഭിക്കും.
മത്സരം പുരോഗമിക്കവെ സാഹചര്യങ്ങള്‍ ബാറ്റിങിന് അനുകൂലമായി മാറും. ടോസ് നേടുന്ന ടീം ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കാനാണ് സാധ്യത. കഴിഞ്ഞ മത്സരങ്ങള്‍ക്കിടെ രസംകൊല്ലിയായെത്തിയ മഴ ഇന്ന് അഹമ്മദാബാദില്‍ പെയ്യാന്‍ സാധ്യതയില്ലെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍.
Also Read : IPL 2023| 'കൊടുത്താല്‍ തിരിച്ചും കിട്ടുമെന്ന് ഓര്‍മ്മ വേണം'; മാസ് ഡയലോഗുമായി വിരാട് കോലി - വീഡിയോ