ഹൈദരാബാദ് : ഐപിഎല്‍ 16-ാം സീസണില്‍ തുടര്‍ച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദും മുംബൈ ഇന്ത്യന്‍സും ഇന്നിറങ്ങുമ്പോള്‍ പോരുമുറുകുമെന്നുറപ്പ്. സീസണില്‍ തങ്ങളുടെ അഞ്ചാം മത്സരത്തിനാണ് മുംബൈയും ഹൈദരാബാദും ഇറങ്ങുന്നത്. കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റുകൊണ്ടായിരുന്നു ഇരു ടീമുകളും തുടങ്ങിയത്.
എന്നാല്‍ തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളും വിജയിച്ച് ശക്തമായ തിരിച്ചുവരവായിരുന്നു രോഹിത് ശര്‍മയുടേയും എയ്‌ഡന്‍ മാര്‍ക്രത്തിന്‍റേയും സംഘം നടത്തിയത്. ഹൈദരാബാദിന്‍റെ തട്ടകമായ ഉപ്പലിലെ രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഈ മത്സരത്തില്‍ പിറക്കാനിരിക്കുന്ന മൂന്ന് വമ്പന്‍ റെക്കോഡുകള്‍ അറിയാം.
എലൈറ്റ് പട്ടികയിലേക്ക് രോഹിത് ശര്‍മ : ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങളുള്ള നായകനാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തിലെ റണ്‍വേട്ടക്കാരുടെ പട്ടികയിലും താരം മുന്നില്‍ തന്നെയുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 14 റണ്‍സ് കൂടി നേടാന്‍ കഴിഞ്ഞാല്‍ ഐപിഎല്ലില്‍ 6000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ട താരങ്ങളുടെ എലൈറ്റ് പട്ടികയില്‍ ഇടം നേടാന്‍ രോഹിത്തിന് കഴിയും.
നിലവില്‍ 226 ഇന്നിങ്‌സുകളില്‍ നിന്ന് 30.23 ശരാശരിയില്‍ 5,986 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്. 129.93 ആണ് പ്രഹര ശേഷി. വിരാട് കോലി (6,844), ശിഖർ ധവാൻ (6,477), ഡേവിഡ് വാർണർ (6,109) എന്നിവർ മാത്രമാണ് ലീഗിൽ ഇതുവരെ ഈ നാഴികക്കല്ല് പിന്നിട്ടിട്ടുള്ളത്.
വിക്കറ്റിന് പിന്നില്‍ ഇഷാനും റെക്കോഡ് : മുംബൈ ഇന്ത്യന്‍സ് നിരയില്‍ ഏറ്റവും വിലകൂടിയ താരങ്ങളിലൊരാളാണ് ഇഷാന്‍ കിഷന്‍. മുംബൈ നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായെത്തുന്ന താരത്തിന്‍റെ പ്രകടനം ടീമിന്‍റെ വിജയങ്ങളില്‍ നിര്‍ണായകമാണ്. മുംബൈയുടെ വിക്കറ്റ് കാക്കുന്ന ചുമതലയും ഇഷാനാണ്.
ഇന്ന് ഹൈദരാബാദിനെതിരെ വിക്കറ്റിന് പിന്നില്‍ തിളങ്ങാന്‍ കഴിഞ്ഞാല്‍ താരത്തെയും ഒരു തകര്‍പ്പന്‍ റെക്കോഡ് കാത്തിരിപ്പുണ്ട്. ഇതുവരെ 35 ഇന്നിങ്‌സുകളില്‍ മുംബൈയ്‌ക്കായി വിക്കറ്റുകാത്ത ഇഷാന്‍ 27 പേരെയാണ് പുറത്താക്കിയിട്ടുള്ളത്.
ഉപ്പലില്‍ ഇന്ന് രണ്ടോ അതില്‍ കൂടുതലോ പേരെ പുറത്താക്കാന്‍ കഴിഞ്ഞാല്‍ മുംബൈക്കായി ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താന്‍ ഇഷാന് കഴിയും. 28 പേരെ പുറത്താക്കിയ പാര്‍ഥിവ് പട്ടേലിനെയാണ് ഇഷാന്‍ പിന്നിലാക്കുക. നിലവില്‍ ക്വിന്‍റ് ഡി കോക്കാണ് മുംബൈക്കായി ഏറ്റവും കൂടുതല്‍ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍. 47 ഡിസ്‌മിസലുകളാണ് താരത്തിന്‍റെ പേരിലുള്ളത്.
എലൈറ്റ് പട്ടികയിലേക്ക് മാര്‍ക്രവും : മുംബൈക്കെതിരെ ഇറങ്ങുമ്പോള്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രത്തിന്‍റെ പ്രകടനത്തില്‍ ഹൈദരാബാദിന് പ്രതീക്ഷ ഏറെയാണുള്ളത്. ഹൈദരാബാദിനെ വിജയ വഴിയിലേക്ക് നയിച്ചതില്‍ താരത്തിന്‍റെ ക്യാപ്റ്റന്‍സിക്കൊപ്പം ഫോമും നിര്‍ണായകമായിരുന്നു. ഹൈദരാബാദ് കുപ്പായത്തില്‍ ഇതേവരെ 15 ഇന്നിങ്‌സുകളില്‍ നിന്നായി 145.3 സ്ട്രൈക്ക് റേറ്റിൽ 46.8 ശരാശരിയില്‍ 468 റൺസാണ് മാര്‍ക്രം നേടിയിട്ടുള്ളത്.
മുംബൈക്കെതിരെ കുറഞ്ഞത് 32 റൺസെങ്കിലും സ്കോർ ചെയ്താൽ ഹൈദരാബാദിനായി 500 റൺസ് തികയ്ക്കുന്ന അഞ്ചാമത്തെ വിദേശ താരമാകാന്‍ 28കാരനായ ദക്ഷിണാഫ്രിക്കന്‍ താരത്തിന് കഴിയും. ഡേവിഡ് വാര്‍ണര്‍, കെയ്‌ന്‍ വില്യംസണ്‍, ജോണി ബെയർസ്റ്റോ, മോയിസസ് ഹെൻറിക്സ് എന്നിവരാണ് പട്ടികയിലുള്ള മറ്റ് പേരുകാര്‍.