മുംബൈ: ഐപിഎല്ലില്‍ അഞ്ച് പ്രാവശ്യം കപ്പുയര്‍ത്തിയ മുംബൈ ഇന്ത്യന്‍സ് ഇപ്പോള്‍ പ്രതാപകാലത്തിന്‍റെ നിഴലിലാണ്. പ്രധാന താരങ്ങളുടെ പരിക്കും ഫോമില്ലായ്‌മയുമാണ് ഇക്കുറി ടീമിന് തിരിച്ചടിയായിരിക്കുന്നത്. ഐപിഎല്‍ ആദ്യ പകുതിയിലെ 7 മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ അതില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് മുംബൈ ഇന്ത്യന്‍സിന് ജയം പിടിക്കാനായത്.
പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള മത്സരങ്ങളില്‍ ശക്തമായി തന്നെ മുംബൈ ഇന്ത്യന്‍സിന് തിരിച്ചുവരേണ്ടതുണ്ട്. ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ സ്ഥിരതയോടെ റണ്‍സ് കണ്ടെത്തിയില്ലെങ്കില്‍ മുംബൈക്ക് മുന്നോട്ടുള്ള യാത്ര കഠിനമേറിയതായിരിക്കും. നിലവില്‍, പോയിന്‍റ് പട്ടികയില്‍ തലപ്പത്തുള്ള രാജസ്ഥാന്‍ റോയല്‍സിനെ ഞായറാഴ്‌ച നേരിടാനുള്ള ഒരുക്കത്തിലാണ് രോഹിത് ശര്‍മ്മയും മുംബൈ ഇന്ത്യന്‍സും.
ഈ സാഹചര്യത്തിലാണ് മുംബൈ നായകന്‍ രോഹിത് ശര്‍മ്മയുടെ ഐപിഎല്ലിലെ ബാറ്റിങ് പ്രകടനങ്ങളെ കുറിച്ചുള്ള പ്രതികരണവുമായി മുന്‍ ഓസ്‌ട്രേലിയന്‍ താരവും ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ സഹപരിശീലകനുമായ ഷെയ്‌ന്‍ വാട്‌സണ്‍ രംഗത്തെത്തിയിരിക്കുന്നത്. അവസാന നാലോ അഞ്ചോ സീസണുകളിലായി സ്ഥിരതയില്ലാത്ത പ്രകടനമാണ് ഐപിഎല്ലില്‍ രോഹിത് കാഴ്‌ചവെയ്‌ക്കുന്നതെന്ന് വാട്‌സണ്‍ പറഞ്ഞു. അമിതജോലിഭാരം കൊണ്ടാകാം അങ്ങനെ സംഭവിക്കുന്നതെന്നും വാട്‌സണ്‍ അഭിപ്രായപ്പെട്ടു.
'തുടര്‍ച്ചയായി മത്സരങ്ങള്‍ക്ക് വേണ്ടി ഇറങ്ങുമ്പോള്‍ നിങ്ങളുടെ മാനസിക ഊര്‍ജം നിയന്ത്രിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ലോകത്താകമാനമുള്ള അന്താരാഷ്‌ട്ര താരങ്ങള്‍ ഒരുപാട് ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ക്ക് വര്‍ഷത്തില്‍ മുഴുവന്‍ സമയവും കളിക്കേണ്ടി വരുന്നുണ്ട്.
രോഹിത് ശര്‍മ്മ ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്‍റെ നായകനാണ്. അദ്ദേഹത്തിന് നിരവധി ഉത്തരവാദിത്തങ്ങളാണ് ഇപ്പോഴുള്ളത്. ഐപിഎല്ലിലെ എക്കാലത്തേയും മികച്ച നായകനായ രോഹിത് കളിക്കാരില്‍ ഒരാളാണെന്നും നിസംശയം പറയാം.
എന്നാല്‍ കഴിഞ്ഞ ഒരു 4-5 സീസണ്‍ നോക്കിയാല്‍ സ്ഥിരതയാര്‍ന്ന പ്രകടനം ഐപിഎല്ലില്‍ നടത്താന്‍ രോഹിത് ശര്‍മ്മയ്‌ക്ക് കഴിഞ്ഞിട്ടില്ല'. ഗ്രേഡ് ക്രിക്കറ്റര്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വാട്‌സണ്‍ പറഞ്ഞു.
ഈ സീസണില്‍ ബാറ്റ് കൊണ്ട് ഇതുവരെയും മുംബൈക്കായി തിളങ്ങാന്‍ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കായിട്ടില്ല. 7 മത്സരം മുംബൈക്ക് വേണ്ടി കളിച്ച രോഹിത് ഇതുവരെ 25.86 ശരാശരിയില്‍ 181 റണ്‍സ് മാത്രമാണ് നേടിയത്. ഒരു അര്‍ധസെഞ്ച്വറി മാത്രമാണ് രോഹിതിന് ഇതുവരെ നേടാനായത്.
മുന്‍ വര്‍ഷവും ദയനീയ പ്രകടനമായിരുന്നു മുംബൈ നായകന്‍ ഐപിഎല്ലില്‍ കാഴ്‌ചവെച്ചത്. 2022ല്‍ കളിച്ച 14 മത്സരങ്ങളില്‍ നിന്നും 268 റണ്‍സായിരുന്നു രോഹിത് സ്‌കോര്‍ ചെയ്‌തത്. 19.14 ശരാശരിയില്‍ റണ്‍സ് കണ്ടെത്തിയ ഹിറ്റ്‌മാന് ഒരു അര്‍ധസെഞ്ച്വറി പോലും അവസാന വര്‍ഷം നേടാനായിരുന്നില്ല.