ബെംഗളൂരു: ഐപിഎല്‍ 16ാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വിജയത്തുടക്കം. മുംബൈ ഇന്ത്യന്‍സിനെ 8 വിക്കറ്റിനാണ് ബാംഗ്ലൂര്‍ തകര്‍ത്തെറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്‌ത മുംബൈയുടെ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബാംഗ്ലൂര്‍ 16.2 ഓവറില്‍ 2 വിക്കറ്റ് നഷ്‌ടത്തില്‍ 172 റണ്‍സെടുത്ത് വിജയം ഉറപ്പിക്കുകയായിരുന്നു. ഓപ്പണര്‍മാരായ വിരാട് കോലി, ഫാഫ് ഡുപ്ലെസിസ് എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ബാംഗ്ലൂരിന് തുണയായത്. 82 റൺസ് നേടിയ വിരാട് കോലിയാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറർ.
ഇരുവരും ചേർന്ന് 148 റൺസിന്‍റെ തകർപ്പൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇതിനിടെ 14-ാം ഓവറിൽ ഡുപ്ലെസിസിനെ ബാംഗ്ലൂരിന് നഷടമായി. 43 പന്തിൽ ആറ് സിക്‌സും അഞ്ച് ഫോറും ഉൾപ്പെടെ 73 റൺസായിരുന്നു താരത്തിന്‍റെ സമ്പാദ്യം. പിന്നാലെ ദിനേഷ് കാർത്തിക് (0) ക്രീസിലെത്തിയെങ്കിലും നിലയുറപ്പിക്കും മുന്നേ മടങ്ങി.
തുടർന്ന് ക്രീസിൽ ഒന്നിച്ച കോലിയും മാക്‌സ്‌വെല്ലും ചേർന്ന് അനായാസം വിജയലക്ഷ്യം മറികടക്കുകയായിരുന്നു. വിരാട് കോലി 49 പന്തിൽ അഞ്ച് സിക്‌സും ആറ് ഫോറും ഉൾപ്പെടെ 82 റൺസും മാക്‌സ്‌വെൽ മൂന്ന് പന്തിൽ രണ്ട് സികസ് ഉൾപ്പെടെ 12 റൺസുമായും പുറത്താകാതെ നിന്നു. മുംബൈക്കായി കാമറൂൺ ഗ്രീൻ, അർഷാദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
ഒറ്റയാള്‍ പോരാട്ടം നയിച്ച് തിലക് വര്‍മ: നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തിലാണ് 171 റണ്‍സെടുത്തത്. അപരാജിത അര്‍ധ സെഞ്ചുറിയുമായി തിലക് വര്‍മ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് സംഘത്തെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. 46 പന്തില്‍ ഒമ്പത് ഫോറുകളും നാല് സിക്‌സുകളും സഹിതം 84* റണ്‍സാണ് തിലക് നേടിയത്.
പവര്‍പ്ലേ പിന്നിടുമ്പോഴേക്കും ഇഷാൻ കിഷൻ, കാമറൂൺ ഗ്രീൻ , രോഹിത് ശർമ എന്നിവരെ മുംബൈക്ക് നഷ്‌ടമായിരുന്നു. ഇഷാന്‍ കിഷനാണ് ആദ്യം മടങ്ങിയത്. 13 പന്തില്‍ 10 റണ്‍സെടുത്ത താരത്തെ മുഹമ്മദ് സിറാജ് ഹര്‍ഷല്‍ പട്ടേലിന്‍റെ കയ്യിലെത്തിക്കുകയായിരുന്നു. പിന്നാലെ 4 പന്തില്‍ 5 റണ്‍സെടുത്ത ഗ്രീനിനെ റീസ് ടോപ്ലി ബൗള്‍ഡാക്കി.
പിടിച്ച് നില്‍ക്കാന്‍ ശ്രമം നടത്തിയ മുംബൈ നായകന്‍ ആകാശ് ദീപിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ കയ്യില്‍ ഒതുങ്ങുകയായിരുന്നു. 10 പന്തില്‍ ഒരു റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാന്‍ കഴിഞ്ഞത്. തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവും നിരാശപ്പെടുത്തിയതോടെ മുംബൈ 8.5 ഓവറില്‍ നാലിന് 48 എന്ന നിലയിലേക്ക് തകര്‍ന്നു. 16 പന്തില്‍ 15 മൈക്കല്‍ ബ്രേസ്‌വെല്ലാണ് പുറത്താക്കിയത്.
പിന്നീട് ഒന്നിച്ച തിലക് വര്‍മയും നേഹൽ വാധേരയും സംഘത്തിന് പ്രതീക്ഷ നല്‍കി. പക്ഷെ 101 മീറ്റര്‍ പറന്ന ഒരു തകര്‍പ്പന്‍ സിക്‌സറിന് പിന്നാലെ നേഹൽ വാധേരയെ പുറത്താക്കി കർൺ ശർമ ബാംഗ്ലൂരിന് ബ്രേക്ക് ത്രൂ നല്‍കി. അഞ്ചാം വിക്കറ്റില്‍ തിലകിനൊപ്പം 50 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് നേഹൽ തിച്ച് കയറിയത്. 13 പന്തില്‍ 21 റണ്‍സായിരുന്നു താരം നേടിയത്.
തുടര്‍ന്നെത്തിയ വമ്പനടിക്കാരന്‍ ടിം ഡേവിഡും (7 പന്തില്‍ 4), ഹൃത്വിക് ഷോക്കീനും (3 പന്തില്‍ 5) വന്ന പാടെ മടങ്ങി. പിന്നീട് ഒന്നിച്ച തിലകും അർഷാദ് ഖാൻ കൂടുതല്‍ വിക്കറ്റ് നഷ്‌ടപ്പെടുത്താതെ തകര്‍പ്പനടികളുമായി മുംബൈയെ ഭേദപ്പെട്ട നിലയിലേക്ക് നയിക്കുകയായിരുന്നു. 9 പന്തില്‍ 15 റണ്‍സാണ് അർഷാദ് ഖാൻ നേടിയത്.
പിരിയാത്ത എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 18 പന്തില്‍ 48 റണ്‍സ് കണ്ടെത്തിയിരുന്നു. ബാംഗ്ലൂരിനായി കർൺ ശർമ രണ്ട് വിക്കറ്റ് വീഴ്‌ത്തി. മുഹമ്മദ് സിറാജ്, റീസ് ടോപ്ലി. ആകാശ് ദീപ്, ഹര്‍ഷല്‍ പട്ടേല്‍, മൈക്കല്‍ ബ്രേസ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (പ്ലേയിങ് ഇലവൻ): വിരാട് കോലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), ഗ്ലെൻ മാക്‌സ്‌വെൽ, മൈക്കൽ ബ്രേസ്‌വെൽ, ഷഹബാസ് അഹമ്മദ്, ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പര്‍), കരണ്‍ ശര്‍മ, ഹർഷൽ പട്ടേൽ, ആകാശ് ദീപ്, റീസ് ടോപ്ലി, മുഹമ്മദ് സിറാജ്.
മുംബൈ ഇന്ത്യൻസ് (പ്ലേയിങ് ഇലവൻ): രോഹിത് ശർമ(ക്യാപ്റ്റന്‍), ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പര്‍), സൂര്യകുമാർ യാദവ്, കാമറൂൺ ഗ്രീൻ, തിലക് വർമ്മ, ടിം ഡേവിഡ്, നെഹാൽ വധേര, ഹൃത്വിക് ഷോക്കീൻ, പിയൂഷ് ചൗള, ജോഫ്ര ആർച്ചർ, അർഷാദ് ഖാൻ.
ALSO READ: IPL 2023 | ആദ്യം അടിച്ചൊതുക്കി, പിന്നെ എറിഞ്ഞിട്ടു; ഹൈദരാബാദിനെതിരെ രാജസ്ഥാന് തകര്‍പ്പന്‍ വിജയം