ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബാംഗ്ലൂര്‍ നായകന് ഫാഫ് ഡുപ്ലെസിസ് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്‍ 16-ാം സീസണിലെ 24-ാം മത്സരമാണിത്. ബാംഗ്ലൂരിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് ബാംഗ്ലൂര്‍ കളിക്കുന്നതെന്നും മഞ്ഞ് വീഴ്ച ചേസിങ് എളുപ്പമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡുപ്ലെസിസ് പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് ചെന്നൈ കളിക്കുന്നതെന്ന് നായകന് എംഎസ് ധോണി അറിയിച്ചു. പരിക്കേറ്റ സിസന്ദ മഗല പുറത്തായപ്പോള്‍ മതീഷ പതിരണയാണ് പ്ലേയിങ് ഇലവനിലെത്തിയത്.
ചെന്നൈ സൂപ്പർ കിങ്സ് (പ്ലേയിങ് ഇലവൻ): ഡെവൺ കോൺവേ, റിതുരാജ് ഗെയ്ക്വാദ്, അജിങ്ക്യ രഹാനെ, മൊയിൻ അലി, അമ്പാട്ടി റായിഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍/ ക്യാപ്റ്റന്‍), മതീഷ പതിരണ, തുഷാർ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (പ്ലേയിങ് ഇലവൻ): വിരാട് കോലി, ഫാഫ് ഡുപ്ലെസിസ് (ക്യാപ്റ്റന്‍), മഹിപാൽ ലോംറോർ, ഗ്ലെൻ മാക്സ്വെൽ, ഷഹബാസ് അഹമ്മദ്, ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പര്‍), ഹർഷൽ പട്ടേൽ, വാനിന്ദു ഹസരംഗ, വെയ്ൻ പാർനെൽ, വിജയ്കുമാർ വൈശാഖ്, മുഹമ്മദ് സിറാജ്.
മത്സരം ലൈവായി കാണാന്‍: ഐപിഎല്ലിലെ ചെന്നൈ സൂപ്പര്‍ കിങ്സ് vs റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോരാട്ടം ടിവിയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളിലൂടെ തത്സമയം കാണാം. കൂടാതെ ജിയോ സിനിമാസിന്റെ വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ചെന്നൈ-ബാംഗ്ലൂര്‍ മത്സരത്തിന്റെ തത്സമയ സ്ട്രീമിങ്ങുണ്ട്.
ചരിത്രം: ഐപിഎല്ലിലെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് ആധിപത്യമുണ്ട്. നേരത്തെ 30 മത്സരങ്ങളിലാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിങ്സും നേര്‍ക്കുനേരെത്തിയത്.
ഇതില്‍ 19 മത്സരങ്ങളില്‍ ചെന്നൈ വിജയിച്ചപ്പോള്‍ 10 കളികളാണ് ബാംഗ്ലൂരിനൊപ്പം നിന്നത്. ഒരു മത്സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ രണ്ട് തവണ തമ്മില്‍ പോരടിച്ചപ്പോള്‍ ഓരോ ജയം വീതം നേടാന്‍ ഇരു ടീമുകള്‍ക്കും കഴിഞ്ഞിരുന്നു.
തിരിച്ചെത്താന്‍ ചെന്നൈ, വിജയത്തുടര്‍ച്ചയ്ക്ക് ബാംഗ്ലൂര്‍: സീസണില്‍ തങ്ങളുടെ അഞ്ചാം മത്സരത്തിനാണ് ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സും ഇറങ്ങുന്നത്. കളിച്ച നാല് മത്സരങ്ങളില്‍ രണ്ട് വീതം വിജയം നേടിയ ഇരു സംഘത്തിനും നാല് പോയിന്റാണുള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഏഴാമതുമാണ് നിലവിലുള്ളത്.
സീസണിലെ ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയ ചെന്നൈ തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളില്‍ വിജയിച്ചിരുന്നു. എന്നാല്‍ അവസാന മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനോട് കീഴടങ്ങിയിരുന്നു. ഇതോടെ ബാംഗ്ലൂരിനെതിരായ മത്സരം പിടിച്ച് വിജയ വഴിയില്‍ തിരിച്ചെത്താനാവും ധോണിപ്പടയുടെ ശ്രമം.
മറുവശത്ത് ജയത്തോടെ തുടങ്ങിയ ബാംഗ്ലൂര്‍ പിന്നീട് കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റിരുന്നു. എന്നാല്‍ ഒടുവില്‍ കളിച്ച മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ വീഴ്ത്തിയാണ് സംഘം എത്തുന്നത്. ഇതോടെ ചെന്നൈയെ കീഴടക്കി വിജയത്തുടര്ച്ചയ്ക്കാവും ബാംഗ്ലൂര്‍ ലക്ഷ്യം വയ്ക്കുന്നത്.
ALSO READ: ശീതസമരം മുറുകുന്നോ, ഗാംഗുലിയെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്ത് കോലി?