ബെംഗളൂരു: തന്‍റെ പ്രതാപകാലത്തെപോലും വെല്ലുന്ന പ്രകടനമായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി ഇന്നലെ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ നടത്തിയത്. മത്സരത്തില്‍ ഓപ്പണറായത്തിയ കോലി തുടക്കം മുതല്‍ക്ക് കത്തിക്കയറുകയായിരുന്നു. സഹ ഓപ്പണറായ ഫാഫ് ഡുപ്ലെസിസിനെ ഒരറ്റത്ത് കാഴ്‌ചക്കാരനാക്കിയ 34കാരന്‍റെ വ്യക്തിഗത സ്‌കോര്‍ ആദ്യ ആറോവര്‍ പിന്നിടുമ്പോള്‍ 42 റണ്‍സായിരുന്നു.
വെറും 25 പന്തുകളില്‍ നാല് ഫോറുകളും മൂന്ന് സിക്‌സുകളും സഹിതമായിരുന്നു കോലിയുടെ വെടിക്കെട്ട്. കരിയറിന്‍റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും പവര്‍പ്ലേയില്‍ ഇത്തരമൊരു കലക്കന്‍ അടി കോലി നടത്തിയിട്ടില്ല. ക്രുണാല്‍ പാണ്ഡ്യയ്‌ക്കും ആവേശ് ഖാനും അതിവേഗക്കാരന്‍ മാര്‍ക്ക് വുഡിനുമെതിരെയായിരുന്നു കോലി സിക്‌സര്‍ നേടിയത്.
പിന്നാലെ 35 പന്തുകളില്‍ താരം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്‌തു. ഒടുവില്‍ 44 പന്തില്‍ നാല് ഫോറുകളും നാല് സിക്‌സുകളും സഹിതം 61 റണ്‍സടിച്ചാണ് വിരാട് കോലി കളം വിട്ടത്. ഈ പ്രകടനത്തോടെ അന്താരാഷ്‌ട്ര തലത്തില്‍ ഒരു എലൈറ്റ് ലിസ്റ്റിലെ തന്‍റെ സ്ഥാനം മെച്ചപ്പെടുത്താനും കോലിക്ക് കഴിഞ്ഞു.
ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ കോലി നാലാമതാണെത്തിയത്. 2007ല്‍ ടി20 അരങ്ങേറ്റം നടത്തിയ കോലിയുടെ അക്കൗണ്ടില്‍ നിലവില്‍ 362 മത്സരങ്ങളില്‍ നിന്ന് 11,429 റണ്‍സാണുള്ളത്. 41.11 ശരാശരിയില്‍ 133.17 സ്‌ട്രൈക്ക് റേറ്റില്‍ ആറ് സെഞ്ചുറിയും 86 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെയാണ് താരത്തിന്‍റെ പ്രകടനം.
ഇതോടെ ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ ആരോണ്‍ ഫിഞ്ചാണ് ഒരു സ്ഥാനം താഴ്‌ന്ന് അഞ്ചാമതെത്തിയത്. 2009ല്‍ ടി20 അരങ്ങേറിയ ഫിഞ്ച് 382 മത്സരങ്ങളില്‍ നിന്നും എട്ട് സെഞ്ചുറിയും 77 അര്‍ധ സെഞ്ചുറിയും സഹിതം 11,392 റണ്‍സാണ് നേടിയിട്ടുള്ളത്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ് പട്ടികയില്‍ തലപ്പത്തുള്ളത്. 2005ല്‍ ടി20 അരങ്ങേറ്റം നടത്തിയ ഗെയ്‌ല്‍ 463 മത്സരങ്ങളിൽ നിന്ന് 36.22 ശരാശരിയിലും 144.75 സ്‌ട്രൈക്ക് റേറ്റിലും 14,562 റണ്‍സാണ് അടിച്ച് കൂട്ടിയിട്ടുള്ളത്.
22 സെഞ്ചുറികളും 88 അർധ സെഞ്ചുറികളും ഉള്‍പ്പെടെയാണ് താരത്തിന്‍റെ പ്രകടനം. പാകിസ്ഥാന്‍റെ ഷൊയ്ബ് മാലിക്കാണ് രണ്ടാം സ്ഥാനത്ത്. 2005ല്‍ ടി20യില്‍ അരങ്ങേറിയ ഷൊയ്ബ് 510 മത്സരങ്ങളിൽ നിന്ന് 36.00 ശരാശരിയിലും 127.55 സ്‌ട്രൈക്ക് റേറ്റിലും 12,528 റൺസാണ് നേടിയിട്ടുള്ളത്. 77 അർധസെഞ്ചുറികളാണ് താരം നേടിയിട്ടുള്ളത്. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കീറോൺ പൊള്ളാർഡാണ് പിന്നുള്ളത്.
2006ല്‍ ടി20യില്‍ അരങ്ങേറിയ പൊള്ളാര്‍ഡ് 625 മത്സരങ്ങളിൽ നിന്ന് 31.29 ശരാശരിയിൽ 12,175 റൺസാണ് അടിച്ചെടുത്തത്. 150.51 ആണ് സ്‌ട്രൈക്ക് റേറ്റ്. ഒരു സെഞ്ചുറിയും 58 അർധസെഞ്ചുറികളും താരം അടിച്ചെടുത്തിട്ടുണ്ട്. അതേസമയം ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്താണ് കോലി. 226 മത്സരങ്ങളില്‍ നിന്നും 6788 റണ്‍സാണ് താരം ഇതേവരെ നേടിയിട്ടുള്ളത്. 209 കളികളില്‍ നിന്നും 6469 റണ്‍സുമായി ശിഖര്‍ ധവാനാണ് പിന്നിലുള്ളത്.
ALSO READ: IPL 2023 | വിക്കറ്റിന് പിന്നിലെ വമ്പന്‍ 'മിസ്'; എയറിലായി ദിനേശ് കാര്‍ത്തിക്