ദുബായ് : ഐപിഎല്ലിലെ നിർണായക മത്സരത്തിൽ രാജസ്ഥാന്‍ റോയൽസിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 164 റണ്‍സ് എടുത്തു. അർദ്ധ സെഞ്ച്വറി നേടിയ നായകൻ സഞ്ജു സാംസണിന്‍റെ മികച്ച പ്രകടനമാണ് രാജസ്ഥാന്‍ ഇന്നിങ്സ് 160 കടത്തിയത്. സഞ്ജു 56 പന്തിൽ നിന്ന് 82 റണ്‍സ് നേടി.
ആദ്യ ഓവറുകളിൽ ഓപ്പണർ എവിന്‍ ലൂയിസ് (6) യശസ്വി ജയ്‌സ്വാള്‍ ( 36) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടപ്പെട്ട രാജസ്ഥാന് തുടക്കത്തിൽ തന്നെ പിഴച്ചു. പിന്നാലെ വന്ന ലിവിങ്സ്റ്റണും (4 ) കാര്യമായ സംഭാവനകള്‍ നൽകാതെ കൂടാരം കയറി.
എന്നാൽ നായകൻ സഞ്ജു സാംസണും എം ലൊമോറും ക്രീസിൽ ഉറച്ചുനിന്നതോടെ കാര്യങ്ങള്‍ മാറി. ആദ്യം നിലയുറപ്പിച്ച സഞ്ജു അവസാന ഓവറുകളിൽ കത്തി കയറിയതോടെ രാജസ്ഥാൻ സ്കോർ 150 കടന്നു. 7 ഫോറുകളും 3 സിക്‌സുകളും പറത്തിയായിരുന്നു താരത്തിന്‍റെ മിന്നും പ്രകടനം.
28 പന്തുകളിൽ നിന്ന് 29 റണ്‍സ് നേടി പുറത്താകാതെ നിന്ന എം ലൊമോർ സഞ്ജുവിന് മികച്ച പിന്തുണ നൽകി. സണ്‍റൈസേഴ്‌സിനായി സിദ്ധാർഥ് കൗള്‍ രണ്ടും, സന്ദീപ് ശർമ , ഭുവനേശ്വർ കുമാർ, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാമതുള്ള രാജസ്ഥാന് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്ന് വിജയം അനിവാര്യമാണ്. നെറ്റ് റണ്‍റേറ്റ് കുറവായതിനാല്‍ ഹൈദരാബാദിനെതിരെ മികച്ച വിജയം കൂടി നേടണം എന്നതാണ് രാജസ്ഥാന് മുന്നിലുള്ള വെല്ലുവിളി.
അതേസമയം ഈ സീസണില്‍ കളിച്ച ഒൻപത് മത്സരത്തില്‍ ഒരെണ്ണം മാത്രം ജയിച്ച സൺറൈസേഴ്‌സ് ഹൈദരാബാദിന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ നേരത്തെ തന്നെ അസ്തമിച്ചിരുന്നു.