ന്യൂഡൽഹി : ഐപിഎല്ലിൽ ഫൈനൽ ഉൾപ്പടെയുള്ള പ്ലേ ഓഫിൽ മഴയോ മറ്റ് കാരണങ്ങളാലോ ഒറ്റ പന്തും പോലും എറിയാനാവാത്ത സാഹചര്യം വന്നാല്‍ സൂപ്പർ ഓവറിലൂടെ വിജയികളെ നിർണയിക്കും. കൂടാതെ നിശ്ചിത സമയത്ത് മത്സരം തുടരാനാകാത്ത സാഹചര്യങ്ങൾ വന്നാൽ ലീഗ് പോയിന്‍റടിസ്ഥാനത്തിൽ വിജയികളെ തീരുമാനിക്കുമെന്നും ഐപിഎൽ വൃത്തങ്ങൾ അറിയിച്ചു. റിസർവ് ദിവസങ്ങളില്ലാത്ത ക്വാളിഫയർ 1, എലിമിനേറ്റർ, ക്വാളിഫയർ 2 എന്നിവയ്ക്കും ഇത് ബാധകമാകും.
ഐപിഎൽ പ്ലേ ഓഫിന് വേദിയാകുന്നത് കൊൽക്കത്തയിലെ ഈർഡൻ ഗാർഡനാണ്. കാലാവസ്ഥാപ്രവചനം കണക്കിലെടുത്താണ് മഴ തടസപ്പെടുത്തുന്ന മത്സരങ്ങളുടെ ഫലം തീരുമാനിക്കുന്നതിൽ പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. ആദ്യ ക്വാളിഫയറില്‍ ഒന്നാം സ്ഥാനക്കാരായ ഗുജറാത്തും രണ്ടാം സ്ഥാനക്കാരായ രാജസ്ഥാനും ഏറ്റുമുട്ടും.
ഈഡന്‍ ഗാര്‍ഡനില്‍ ചൊവ്വാഴ്‌ചയാണ് (24.05.22) മത്സരം നടക്കുക. ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലെത്തും. തോൽക്കുന്ന ടീമിന് എലിമിനേറ്ററിലെ വിജയിയെ രണ്ടാം ക്വാളിഫയറില്‍ നേരിടാം. ബുധനാഴ്‌ചത്തെ സമാന വേദിയില്‍ നടക്കുന്ന എലിമിനേറ്ററില്‍ മൂന്നാം സ്ഥാനക്കാരായ ലഖ്‌നൗവും നാലാം സ്ഥാനക്കാരായ ബാംഗ്ലൂരും ഏറ്റുമുട്ടും. തുടര്‍ന്ന് വെള്ളിയാഴ്‌ച (മെയ് 27) രണ്ടാം ക്വാളിഫയറും, ഞായറാഴ്‌ച (മെയ് 29) ഫൈനലും നടക്കും.
ഫൈനലിന് മാത്രമാണ് റിസര്‍വ് ദിനമുള്ളത്. റിസര്‍വ് ദിനത്തിലും കളി നടത്താന്‍ കഴിയാതിരുന്നാലേ ഫൈനലില്‍ സൂപ്പര്‍ ഓവര്‍ വേണ്ടിവരൂ. എന്നാല്‍ ക്വാളിഫയറിനും എലിമിനേറ്ററിനും റിസര്‍വ് ദിനമില്ല.
READ MORE: IPL 2022: ഐപിഎല്ലില്‍ ഇനി പ്ലേ ഓഫ് ആവേശം
പ്ലേ ഓഫില്‍ ഇരു ടീമിനും അഞ്ചോവര്‍ വീതമെങ്കിലും ബാറ്റ് ചെയ്യാനുള്ള സാഹചര്യമില്ലെങ്കില്‍ മാത്രമേ സൂപ്പര്‍ ഓവര്‍ പരിഗണിക്കൂ. അഞ്ചോവര്‍ കളിയാണെങ്കില്‍ ടൈം ഔട്ട് ഉണ്ടായിരിക്കില്ല. ഇന്നിങ്‌സ് ബ്രേക്ക് 10 മിനിറ്റായിരിക്കും. അഞ്ചോവര്‍ മത്സരവും സാധ്യമായില്ലെങ്കില്‍ സാഹചര്യങ്ങള്‍ അനുവദിച്ചാല്‍ പ്ലേ ഓഫിനും എലിമിനേറ്ററിനും സൂപ്പര്‍ ഓവറിലൂടെ വിജയിയെ തീരുമാനിക്കും. സൂപ്പര്‍ ഓവറും സാധ്യമല്ലെങ്കില്‍ ലീഗ് റൗണ്ടില്‍ ഒന്നാമത് എത്തിയ ടീമിനെ വിജയികളായി പ്രഖ്യാപിക്കും.