ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്ലിന്‍റെ 16-ാം സീസണിലെ 30-ാം മത്സരമാണിത്. പിച്ച് വേഗത കുറഞ്ഞതാണെന്ന് തോന്നുന്നതായി ഹാര്‍ദിക് പ്രതികരിച്ചു.
ടോസ് ലഭിച്ചിരുന്നുവെങ്കില്‍ ലഖ്‌നൗവും ബാറ്റിങ് തെരഞ്ഞെടുക്കുമെന്ന് തനിക്ക് ഉറപ്പാണ്. ഈ വിക്കറ്റിൽ ആദ്യം ബാറ്റ് ചെയ്യുന്നതാണ് മികച്ച ഓപ്ഷൻ എന്ന് ഞാൻ കരുതുന്നു. എന്നാല്‍ പിന്തുടരുമ്പോഴുള്ള ഞങ്ങളുടെ റെക്കോഡിനെക്കുറിച്ച് ആശങ്കയില്ലെന്നും ഹാര്‍ദിക് പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഒരു മാറ്റവുമായാണ് ഗുജറാത്ത് ഇറങ്ങുന്നത്.
അൽസാരി ജോസഫ് പുറത്തായപ്പോള്‍ നൂർ അഹമ്മദാണ് ടീമില്‍ ഇടം നേടിയത്. ടോസിനെക്കുറിച്ച് ആശങ്കയില്ലെന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകന്‍ കെഎല്‍ രാഹുല്‍ പറഞ്ഞു. അവരെ ഒരു നല്ല ലക്ഷ്യത്തിലേക്ക് പരിമിതപ്പെടുത്താനും അതിനെ പിന്തുടരാനുമാണ് ആഗ്രഹിക്കുന്നതെന്നും താരം വ്യക്തമാക്കി. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഒരു മാറ്റവുമായാണ് ലഖ്‌നൗവും കളിക്കുന്നത്. യുധ്‌വീര്‍ പുറത്തായപ്പോള്‍ അമിത് മിശ്രയാണ് പ്ലേയിങ് ഇലവനിലെത്തിയത്.
ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് (പ്ലേയിങ് ഇലവൻ): കെ എൽ രാഹുൽ (ക്യാപ്റ്റന്‍), കെയ്‌ൽ മേയേഴ്‌സ്, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ക്രുണാൽ പാണ്ഡ്യ, നിക്കോളാസ് പുരാൻ (വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോനി, നവീൻ ഉൾ ഹഖ്, അമിത് മിശ്ര, അവേഷ് ഖാൻ, രവി ബിഷ്‌ണോയ്.
ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിങ് ഇലവൻ): വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്‌മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), വിജയ് ശങ്കർ, അഭിനവ് മനോഹർ, ഡേവിഡ് മില്ലർ, രാഹുൽ തിവാട്ടിയ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി, നൂർ അഹമ്മദ്, മോഹിത് ശർമ.
ഐപിഎല്ലിന്‍റെ 16-ാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് തങ്ങളുടെ ഏഴാം മത്സരത്തിനിറങ്ങുമ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിനിത് ആറാം മത്സരമാണ്. കളിച്ച ആറ് മത്സരങ്ങളില്‍ നാല് വിജയങ്ങളുള്ള ലഖ്‌നൗ നിലവിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. അവസാന മത്സരത്തിൽ ടേബിള്‍ ടോപ്പേഴ്‌സായ രാജസ്ഥാൻ റോയൽസിനെ തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് സംഘം.
മറുവശത്ത് ഗുജറാത്താവട്ടെ കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്ന് വിജയങ്ങളുമായി പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണുള്ളത്. കളിച്ച അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് സംഘം കീഴടങ്ങിയിരുന്നു. ഇതോടെ വിജയത്തുടര്‍ച്ചയ്‌ക്ക് ലഖ്‌നൗവും വിജയ വഴിയില്‍ തിരിച്ചെത്താന്‍ ഗുജറാത്തുമിറങ്ങുമ്പോള്‍ ഏക്‌ന സ്റ്റേഡിയത്തില്‍ പോരാട്ടം കടുക്കുമെന്നുറപ്പ്.
ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണില്‍ അരങ്ങേറ്റം നടത്തിയ ടീമുകളാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും ഗുജറാത്ത് ടൈറ്റന്‍സും. ഇതേവരെ രണ്ട് തവണ മാത്രമാണ് ഇരു ടീമുകളും മുഖാമുഖമെത്തിയത്. അതില്‍ രണ്ടിലും വിജയം പിടിച്ചത് ഹാര്‍ദിക് പാണ്ഡ്യയുടെ കീഴിലിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സാണ്. ഇതോടെ ഈ കണക്ക് കൂടെ തീര്‍ക്കാനാവും ഇന്ന് കെഎല്‍ രാഹുലിന്‍റെയും സംഘത്തിന്‍റെയും ശ്രമം.
ALSO READ: IPL 2023 | 'ആദരാഞ്ജലി നേരട്ടെ' ; രോമാഞ്ചത്തിലെ സിനു സോളമനായി രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ - വീഡിയോ