ലഖ്‌നൗ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണി ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ഐപിഎല്‍ 16-ാം സീസണിലെ 45-ാം മത്സരമാണിത്. ലഖ്‌നൗവിന്‍റെ തട്ടകമായ ഏകന സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. മഴയെത്തുടര്‍ന്ന് നിശ്ചിത സമയത്തില്‍ നിന്ന് വൈകിയാണ് മത്സരം ആരംഭിക്കുന്നത്.
കഴിഞ്ഞ മത്സരത്തിനിറങ്ങിയ ടീമില്‍ മാറ്റവുമായാണ് ചെന്നൈ കളിക്കുന്നതെന്ന് നായകന്‍ എംഎസ് ധോണി അറിയിച്ചു. ദീപക് ചഹാര്‍ പ്ലെയിങ് ഇലവനിലെത്തിയപ്പോള്‍ ആകാശാണ് പുറത്തായത്. അതേസമയം തന്‍റെ വിരമിക്കലുമായി ബന്ധപ്പെട്ട് സുപ്രധാനമായ ഒരു പ്രതികരണവും ധോണി നടത്തി.
ഐപിഎല്ലില്‍ ഇത് തന്‍റെ അവസാന സീസണാവുമെന്ന് തീരുമാനിച്ചത് നിങ്ങളാണെന്നും താനല്ലെന്നുമാണ് ധോണി പറഞ്ഞത്. മറുവശത്ത് സ്ഥിരം നായകന്‍ കെഎല്‍ രാഹുലിന് പരിക്കേറ്റതിനാല്‍ ക്രുണാല്‍ പാണ്ഡ്യയ്‌ക്ക് കീഴിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഇറങ്ങുന്നത്. തങ്ങള്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായി ക്രുണാല്‍ പാണ്ഡ്യ പറഞ്ഞു.
കെഎല്‍ രാഹുലിന് കളിക്കാന്‍ കഴിയാത്തത് ടീമിന് വലിയ നഷ്‌ടം തന്നെയാണ്. ഏറെ ഗുണനിലവാരമുള്ള താരമാണ് അദ്ദേഹം. എന്നാല്‍ തങ്ങളുടെ മനോവീര്യം വളരെ ഉയർന്നതാണ്, മികച്ച ക്രിക്കറ്റ് കളിക്കാനാണ് തങ്ങള്‍ ലക്ഷ്യം വയ്‌ക്കുന്നതെന്നും ക്രുണാല്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മത്സരത്തിലെ പ്ലെയിങ് ഇലവനില്‍ മാറ്റവുമായാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഇറങ്ങുന്നത്. മനൻ വോറ, കരൺ ശർമ എന്നിവർ ടീമിലിടം നേടി.
ചെന്നൈ സൂപ്പർ കിങ്‌സ് (പ്ലെയിംഗ് ഇലവൻ): റിതുരാജ് ഗെയ്‌ക്‌വാദ്, ഡെവോൺ കോൺവെ, അജിങ്ക്യ രഹാനെ, മൊയീൻ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍/ ക്യാപ്റ്റന്‍), ദീപക് ചഹാർ, മതീഷ പതിരണ, തുഷാർ ദേശ്‌പാണ്ഡെ, മഹീഷ് തീക്ഷണ.
ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് (പ്ലെയിംഗ് ഇലവൻ): കൈൽ മേയേഴ്‌സ്, മനൻ വോറ, കരൺ ശർമ, ആയുഷ് ബദോണി, മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാൻ(വിക്കറ്റ് കീപ്പര്‍), ക്രുണാൽ പാണ്ഡ്യ(ക്യാപ്റ്റന്‍), കൃഷ്ണപ്പ ഗൗതം, നവീൻ ഉള്‍ ഹഖ്, രവി ബിഷ്‌ണോയ്, മൊഹ്‌സിൻ ഖാൻ.
ഐപിഎല്‍ 16-ാം സീസണില്‍ തങ്ങളുടെ 10-ാം മത്സരത്തിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും ഇറങ്ങുന്നത്. കളിച്ച ഒമ്പത് മത്സരങ്ങളില്‍ അഞ്ച് വീതം വിജയം നേടാന്‍ ഇരു ടീമുകള്‍ക്കും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ലഖ്‌നൗ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളപ്പോള്‍ ചെന്നൈ നാലാമതാണ്.
ഇന്ന് ഏകന സ്റ്റേഡിയത്തില്‍ കളി പിടിച്ച് പോയിന്‍റ് പട്ടികയില്‍ മുന്നേറ്റമുറപ്പിക്കാനാവും ഇരു സംഘവും ലക്ഷ്യം വയ്‌ക്കുക. ഇതിനപ്പുറം അവസാനം കളിച്ച മത്സരത്തില്‍ തോല്‍വി വഴങ്ങിയാണ് ലക്‌നൗവും ചെന്നൈയും എത്തുന്നത്. ലഖ്‌നൗ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് 18 റൺസിന് കീഴടങ്ങിയപ്പോള്‍ ചെന്നൈയെ നാല് വിക്കറ്റിന് പഞ്ചാബ് കിങ്‌സിനോടാണ് തോറ്റത്.
ഇതോടെ വിജയ വഴിയില്‍ തിരിച്ചെത്താന്‍ ഇരു ടീമുകളും ഇറങ്ങുമ്പോള്‍ പോരുമുറുകുമെന്നുറപ്പ്. ഇതിനപ്പുറം സീസണില്‍ നേരത്തെ നേര്‍ക്കുനേരെത്തിയപ്പോള്‍ ലഖ്‌നൗ ചെന്നൈയോട് തോല്‍വി വഴങ്ങിയിരുന്നു. സ്വന്തം തട്ടകത്തില്‍ ഈ കണക്ക് കൂടി തീര്‍ക്കാനുറച്ചാവും ലഖ്‌നൗ ഇറങ്ങുകയെന്നുറപ്പ്.