കൊല്‍ക്കത്ത : ഐപിഎല്ലിലെ നിർണായക മത്സരത്തിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പഞ്ഞിക്കിട്ട് രാജസ്ഥാന്‍ റോയല്‍സ്. കൊൽക്കത്തയുടെ 150 റൺസ് വിജയലക്ഷ്യം യശ്വസി ജയ്സ്വാളിൻ്റെ മാന്ത്രിക ഇന്നിങ്സിൻ്റെ പിൻബലത്തിൽ 41 പന്തുകൾ ശേഷിക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാൻ മറികടക്കുകയായിരുന്നു. ഐപിഎല്ലിലെ അതിവേഗ ഫിഫ്റ്റിയുടെ റെക്കോഡിട്ട് കളം നിറഞ്ഞ ജയ്സ്വാൾ 47 പന്തിൽ 98 റൺസുമായി പുറത്താകാതെ നിന്നു. നായകൻ സഞ്ജു സാംസൺ 48* റൺസുമായി ജയ്സ്വാളിന് മികച്ച പിന്തുണ നൽകി.
മത്സരത്തിൻ്റെ ആദ്യ പന്ത് രണ്ട് പന്തുകളും ഗാലറിയിലേക്ക് പറത്തിയാണ് ജയ്സ്വാൾ രാജസ്ഥാൻ്റെ ഇന്നിങ്സിന് തുടക്കമിട്ടത്. നായകൻ നിതീഷ് റാണ എറിഞ്ഞ ആദ്യ ഓവറിൽ 26 റൺസാണ് ജയ്സ്വാൾ അടിച്ച് കൂട്ടിയത്. നോൺസ്ട്രൈക്കർ എൻഡിൽ ജോസ് ബട്‌ലറെ കാഴ്ചക്കാരനാക്കി നിർത്തി ജയ്സ്വാൾ കൊൽക്കത്തൻ ബോളർമാരെ അടിച്ച് പറത്തുകയായിരുന്നു.
ഇതിനിടെ രണ്ടാം ഓവറിൻ്റെ നാലാം പന്തിൽ ജോസ് ബട്‌ലറെ രാജസ്ഥാന് നഷ്ടമായി. അനാവശ്യ റൺസിനായി ഓടിയ താരത്തെ റസൽ റൺഔട്ട് ആവുകയായിരുന്നു. ബട്‌ലർ സംപൂജ്യനായി പുറത്താകുമ്പോഴും രാജസ്ഥാൻ്റെ സ്കോർ 30ൽ എത്തിയിരുന്നു. പിന്നാലെ നായകൻ സഞ്ജു സാംസൺ കളത്തിലെത്തി.
സഞ്ജു നിലയുറപ്പിച്ച് കളിക്കുമ്പോഴും ജയ്സ്വാൾ അടി തുടർന്നുകൊണ്ടിരുന്നു. ഇതിനിടെ ജയ്സ്വാൾ 13 പന്തിൽ തൻ്റെ അർധ സെഞ്ച്വറി പൂർത്തിയാക്കി. ഐപിഎല്ലിലെ തന്നെ ഏറ്റവും വേഗമേറിയ ഹാഫ് സെഞ്ച്വറിയായിരുന്നു ഇത്. ഇതിന് പിന്നാലെ ഒൻപതാം ഓവറിൽ തന്നെ ഇരുവരും ചേർന്ന് ടീം സ്കോർ 100 കടത്തി. പിന്നാലെ സഞ്ജു സാംസണും പതിയെ ഗിയർ മാറ്റി.
തുടർന്ന് ഇരുവരും ചേർന്നായി ആക്രമണം. കൊൽക്കത്തൻ ബോളർമാരെ മത്സരിച്ച് തല്ലിയ ജയ്സ്വാൾ- സാംസൺ സഖ്യം 14-ാം ഓവറിൽ തന്നെ ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. വിജയത്തോടെ 12 പോയിൻ്റുമായി രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ പിൻതള്ളി പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കെത്തി.
എറിഞ്ഞ് വീഴ്ത്തി ചാഹൽ: നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 149 റൺസ് നേടിയത്. 4 വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചാഹലാണ് കൊൽക്കത്തൻ ബാറ്റിങ് നിരയെ തകർത്തെറിഞ്ഞത്. വെങ്കിടേഷ് അയ്യരുടെ ഒറ്റയാൾ പോരാട്ടത്തിൻ്റെ മികവിലാണ് കൊൽക്കത്ത പൊരുതാവുന്ന സ്കോറിലേക്ക് എത്തിയത്. 42 പന്തിൽ 57 റൺസായിരുന്നു താരത്തിൻ്റെ സമ്പാദ്യം.
ജേസൻ റോയ് (10), റഹ്‌മാനുള്ള ഗുര്‍ബാസ്(18), നിതീഷ് റാണ (22), ആന്ദ്രേ റസ്സല്‍ (10), റിങ്കു സിങ് (16), ശാര്‍ദുല്‍ താക്കൂർ (1), സുനില്‍ നരെയ്ന്‍ (6) എന്നിങ്ങനെയാണ് കൊൽക്കത്തയുടെ മറ്റ് താരങ്ങളുടെ സ്കോർ. രാജസ്ഥാനായി ചാഹലിനെ കൂടാതെ ട്രെൻ്റ് ബോൾട്ട് രണ്ടും, സന്ദീപ് ശർമ, കെ എം ആസിഫ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.