അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് മുന്നില്‍ ഹിമാലയന്‍ ലക്ഷ്യമുയര്‍ത്തി ഗുജറാത്ത് ടൈറ്റന്‍സ്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 227 റണ്‍സാണ് അടിച്ച് കൂട്ടിയത്. വെടിക്കെട്ടുമായി കളം നിറഞ്ഞ വൃദ്ധിമാന്‍ സാഹയും ശുഭ്‌മാന്‍ ഗില്ലും ചേര്‍ന്നാണ് ഗുജറാത്തിനെ വമ്പന്‍ നിലയിലേക്ക് നയിച്ചത്.
പുറത്താവാതെ 51 പന്തില്‍ 94 റണ്‍സ് അടിച്ചെടുത്ത ശുഭ്‌മാന്‍ ഗില്ലാണ് ടോപ് സ്‌കോറര്‍. രണ്ട് ഫോറുകളും ഏഴ് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്‌സ്. 44 പന്തില്‍ 82 റണ്‍സാണ് സാഹ അടിച്ചെടുത്തത്. വെടിക്കെട്ട് തുടക്കമായിരുന്നു ഗുജറാത്തിന് ലഭിച്ചത്.
വമ്പനടികളുമായി സാഹ കളം നിറയുകയും ശുഭ്‌മാന്‍ ഗില്‍ പിന്തുണ നല്‍കുകയും ചെയ്‌തതോടെ നാല് ഓവറില്‍ തന്നെ ഗുജറാത്ത് 50 കടന്നിരുന്നു. പവര്‍പ്ലേയുടെ ആദ്യ പന്തില്‍ തന്നെ സാഹ അര്‍ധ സെഞ്ചുറി തികച്ചതോടെ ആറ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 78 റണ്‍സാണ് ഗുജറാത്തിന് നേടാന്‍ കഴിഞ്ഞത്.
20 പന്തുകളില്‍ നിന്നാണ് സാഹ അന്‍പത് കടന്നത്. സീസണില്‍ ഗുജറാത്ത് പവര്‍പ്ലേയില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. പിന്നാലെ ഗില്ലും ആക്രമണത്തിലേക്ക് മാറിയതോടെ ഒമ്പതാം ഓവര്‍ പിന്നിടുമ്പോള്‍ 115 റണ്‍സാണ് ടീമിന്‍റെ ടോട്ടലിലെത്തിയത്. തുടര്‍ന്ന് 29 പന്തുകളില്‍ നിന്നും ശുഭ്‌മാന്‍ ഗില്‍ അര്‍ധ സെഞ്ചുറി തികച്ചു.
സീസണില്‍ ഗില്ലിന്‍റെ നാലാം അര്‍ധ സെഞ്ചുറിയാണിത്. ഒടുവില്‍ 13-ാം ഓവറിന്‍റെ ആദ്യ പന്തില്‍ സാഹയെ മടക്കിയ ആവേശ് ഖാനാണ് ലഖ്‌നൗവിന് ആശ്വാസം നല്‍കിയത്. ആവേശിനെ സിക്‌സറിന് പറത്താനുള്ള സാഹയുടെ ശ്രമം പകരക്കാരനായെത്തിയ പ്രേരകിന്‍റെ കയ്യില്‍ അവസാനിക്കുകയായിരുന്നു.
10 ഫോറുകളും ആറ് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സാഹയുടെ ഇന്നിങ്സ്. ഒന്നാം വിക്കറ്റില്‍ 142 റണ്‍സാണ് സാഹ-ഗില്‍ സഖ്യം നേടിയത്. തുടര്‍ന്ന് ഗില്ലിനൊപ്പം ചേര്‍ന്ന ഹാര്‍ദിക് പാണ്ഡ്യയും അടി തുടങ്ങിയതോടെ തൊട്ടടുത്ത ഓവറില്‍ ഗുജറാത്ത് 150 റണ്‍സ് കടന്നു. 15-ാം ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ 176/1 എന്ന ശക്തമായ നിലയിലായിരുന്നു ഗുജറാത്ത്.
എന്നാല്‍ 16-ാം ഓവറിന്‍റെ അവസാന പന്തില്‍ ഹാര്‍ദിക്കിനെ (15 പന്തില്‍ 25) ക്രുണാല്‍ പാണ്ഡ്യയുടെ കയ്യിലെത്തിച്ച മൊഹ്‌സിന്‍ ഖാന്‍ ലഖ്‌നൗവിന് ബ്രേക്ക് ത്രൂ നല്‍കി. നാലാം നമ്പറിലെത്തിയ ഡേവിഡ് മില്ലര്‍ക്കൊപ്പം ചേര്‍ന്ന ഗില്‍ 18-ാം ഓവറില്‍ ഗുജറാത്തിനെ 200 കടത്തിയിരുന്നു. ആവേശ് ഖാന്‍ എറിഞ്ഞ 19-ാം ഓവറില്‍ 11 റണ്‍സാണ് ഗുജറാത്ത് താരങ്ങള്‍ക്ക് നേടാന്‍ കഴിഞ്ഞത്. യാഷ് താക്കൂർ എറിഞ്ഞ അവസാന ഓവറില്‍ 14 റണ്‍സും പിറന്നു. ഗില്ലിനൊപ്പം 12 പന്തില്‍ 21 റണ്‍സ് നേടിയ ഡേവിഡ് മില്ലറും പുറത്താവാതെ നിന്നു.
ALSO READ: IPL 2023 | ഐപിഎല്‍ ചരിത്രത്തിലാദ്യം ; അപൂര്‍വ നേട്ടവുമായി പാണ്ഡ്യ സഹോദരങ്ങള്‍