ബെംഗളൂരു: അന്താരാഷ്‌ട്ര ക്രിക്കറ്റിലാണെങ്കിലും ഐപിഎല്ലിലാണെങ്കിലും റെക്കോഡുകളുടെ തോഴനാണ് വിരാട് കോലി. ഏറെ നീണ്ട റണ്‍വരള്‍ച്ചയ്‌ക്ക് ശേഷം ഫോമിലേക്ക് മടങ്ങിയെത്തിയ 34കാരന്‍ നിലവില്‍ ഐപിഎല്ലിന്‍റെ 16-ാം സീസണില്‍ തന്‍റെ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി മിന്നുന്ന പ്രകടനമാണ് നടത്തുന്നത്.
ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂരിനായി അര്‍ധ സെഞ്ചുറി നേടിയാണ് വിരാട് കോലി തിരിച്ച് കയറിയത്. ബാംഗ്ലൂരിന്‍റെ സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 34 പന്തില്‍ ആറ് ഫോറുകളും ഒരു സിക്‌സും സഹിതം 50 റണ്‍സാണ് താരം അടിച്ചെടുത്തത്. സീസണിലെ മൂന്നാമത്തേയും തുടര്‍ച്ചയായ രണ്ടാമത്തേയും അര്‍ധ സെഞ്ചുറിയാണിത്.
ഈ പ്രകടനത്തോടെ ഐപിഎല്ലിലെ ഒരു അപൂര്‍വ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് കോലി. ഐപിഎല്ലില്‍ ഒരേ വേദിയില്‍ 2500 റണ്‍സ് തികയ്‌ക്കുന്ന ആദ്യ ബാറ്ററെന്ന റെക്കോഡാണ് കോലി പോക്കറ്റിലാക്കിയത്. ഇതോടൊപ്പം ടി20യില്‍ ഒരേവേദിയില്‍ ഏറ്റവും കൂടുതല്‍ തവണ അന്‍പതോ അതില്‍ അധികമോ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന താരമെന്ന റെക്കോഡും കോലി സ്വന്തമാക്കിയിട്ടുണ്ട്.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിലവില്‍ 25 തവണയാണ് വിരാട് കോലി അന്‍പതോ അതില്‍ അധികമോ റണ്‍സ് സ്‌കോര്‍ ചെയ്‌തിട്ടുള്ളത്. ഇതോടെ ട്രെന്‍റ് ബ്രിഡ്‌ജില്‍ 24 തവണ പ്രസ്‌തുത നേട്ടം കൈവരിച്ച അലക്‌സ് ഹെയ്‌ല്‍സിന്‍റെ റെക്കോഡാണ് പഴങ്കഥയായത്. ഐപിഎല്ലിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്താണ് കോലിയുടെ സ്ഥാനം.
നിലവില്‍ 219 ഇന്നിങ്‌സുകളില്‍ നിന്നും 6838 റണ്‍സാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. 36.76 ശരാശരിയില്‍ 1129.65 സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്‍റെ പ്രകടനം. അതേസമയം മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ബാംഗ്ലൂരിന് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 174 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്.
കോലിയുടെ അര്‍ധ സെഞ്ചുറി പ്രകടനമാണ് ബാംഗ്ലൂര്‍ ഇന്നിങ്‌സിന്‍റെ നെടുന്തൂണായത്. ഗ്ലെന്‍ മാക്‌സ്‌വെല്‍ (14 പന്തില്‍ 24), മഹിപാല്‍ ലോംറോര്‍ (18 പന്തില്‍ 26), ഫാഫ് ഡുപ്ലെസിസ് (16 പന്തില്‍ 22), ദിനേശ് കാര്‍ത്തിക് (1 പന്തില്‍ 0) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. ഷഹ്‌ബാസ് അഹമ്മദ് (12 പന്തില്‍ 20*), അനൂജ് റാവത്ത് (22 പന്തില്‍ 15*) എന്നിവര്‍ പുറത്താവാതെ നിന്നു.
ഡൽഹി ക്യാപിറ്റൽസ് (പ്ലേയിങ് ഇലവൻ): ഡേവിഡ് വാർണർ (ക്യാപ്റ്റന്‍), മിച്ചൽ മാർഷ്, യാഷ് ദുൽ, മനീഷ് പാണ്ഡെ, അക്‌സർ പട്ടേൽ, അമൻ ഹക്കിം ഖാൻ, ലളിത് യാദവ്, അഭിഷേക് പോറെൽ (വിക്കറ്റ് കീപ്പര്‍), കുൽദീപ് യാദവ്, ആൻറിച്ച് നോർട്ട്ജെ, മുസ്‌തഫിസുർ റഹ്മാൻ.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (പ്ലേയിങ് ഇലവൻ): വിരാട് കോലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), മഹിപാൽ ലോംറോർ, ഗ്ലെൻ മാക്‌സ്‌വെൽ, ഷഹബാസ് അഹമ്മദ്, ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പര്‍), വാനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, വെയ്ൻ പാർനെൽ, മുഹമ്മദ് സിറാജ്, വിജയകുമാർ വൈശാഖ്.
ALSO READ: 'അവന്‍റെ പരിധി ആകാശം, കോലിയുടെ പിന്‍ഗാമി'; ശുഭ്‌മാന്‍ ഗില്ലിനെ വാഴ്‌ത്തി റമീസ് രാജ