അഹമ്മദാബാദ്: ഐപിഎല്‍ ഉദ്‌ഘാടന മത്സരത്തില്‍ ഗുജറാത്തിനെതിരെ ചെന്നൈ പിടിമുറുക്കിയ ഘട്ടത്തിലായിരുന്നു റാഷിദ് ഖാന്‍ ക്രീസിലേക്കെത്തിയത്. ഈ സമയം ജയം പിടിക്കാന്‍ ഗുജറാത്തിന് രണ്ട് ഓവറില്‍ 23 റണ്‍സായിരുന്നു ആവശ്യം. നിര്‍ണായകമായ പത്തൊന്‍പതാം ഓവര്‍ എറിയാനെത്തിയതാകട്ടെ ചെന്നൈയുടെ സ്റ്റാര്‍ ബോളര്‍ ദീപക് ചാഹറും.
ചഹാറിന്‍റെ ഓവറിന്‍റെ രണ്ടാം പന്തില്‍ തെവാട്ടിയ സിംഗിളെടുത്ത് സ്ട്രൈക്ക് റാഷിദ് ഖാന് കൈമാറി. ദീപക് ചഹാറിനെ നേരിട്ട ആദ്യ പന്ത് തന്നെ റാഷിദ് ഖാന്‍ അതിര്‍ത്തി കടത്തി. തൊട്ടടുത്ത പന്തില്‍ ഫോര്‍.
ഈ രണ്ട് പന്തുകളായിരുന്നു ഐപിഎല്‍ പതിനാറാം സീസണിലെ ഗുജറാത്ത് ചെന്നൈ മത്സരത്തിന്‍റെ വിധി മാറ്റിയെഴുതിയത്. ഒടുവില്‍ അവസാന ഓവറിലെ രണ്ട് പന്തുകള്‍ ബൗണ്ടറി കടത്തി രാഹുല്‍ തെവാട്ടിയ നിലവിലെ ചാമ്പ്യന്മാര്‍ക്ക് ജയത്തുടക്കം സമ്മാനിക്കുകയായിരുന്നു.
റാഷിദ് ഖാന്‍റെ കാമിയോ ഇന്നിങ്സിന് പിന്നാലെ അഫ്‌ഗാന്‍ താരം എത്രത്തോളം അപകടകാരിയായ ബാറ്റര്‍ ആണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരിശീലകന്‍ ടോം മൂഡി. ഇഎസ്‌പിഎന്‍ ക്രിക് ഇന്‍ഫോയ്‌ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ടോം മൂഡിയുടെ പ്രതികരണം.
'പത്താം ഓവറിലാണ് റാഷിദ് ഖാന്‍ ക്രീസിലേക്കെത്തുന്നതെങ്കില്‍ ഒരുപക്ഷെ ഇങ്ങനെ ആയിരിക്കില്ല അയാള്‍ മത്സരത്തെ സമീപിക്കുന്നത്. എന്നാല്‍, 17-ാം ഓവറിന് ശേഷമാണ് അവന്‍റെ വരവ് എങ്കില്‍ എതിര്‍ ടീം ശരിക്കും ഭയക്കണം. ആ സമയത്താണ് അയാള്‍ കൂടുതല്‍ വിനാശകാരിയായി മാറുന്നത്'- ടോം മൂഡി അഭിപ്രായപ്പെട്ടു. റാഷിദ് ഖാനെപ്പോലുള്ള താരങ്ങള്‍ ഏത് ഘട്ടത്തിലും മത്സരത്തിന്‍റെ ഗതിമാറ്റാന്‍ കഴിവുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെന്നൈക്കെതിരായ മത്സരത്തില്‍ മൂന്ന് പന്തില്‍ നിന്നാണ് റാഷിദ് ഖാന്‍ 10 റണ്‍സ് നേടിയത്. നേരത്തെ ബോളിങ്ങില്‍ ചെന്നൈയുടെ രണ്ട് വിക്കറ്റും റാഷിദ് നേടിയിരുന്നു. ചെന്നൈയുടെ പ്രധാന താരങ്ങളായ മോയീന്‍ അലി, ബെന്‍ സ്റ്റോക്‌സ് എന്നിവരുടെ വിക്കറ്റുകളാണ് റാഷിദ് സ്വന്തമാക്കിയത്. ബാറ്റ് കൊണ്ടും ബോളുകൊണ്ടും നിര്‍ണായക പ്രകടനം കാഴ്‌ചവെച്ച റാഷിദ് ആയിരുന്നു കളിയിലെ താരം.
ഐപിഎല്‍ ഉദ്‌ഘാടന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് 5 വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ജയം നേടിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഓപ്പണര്‍ റിതുരാജ് ഗെയ്‌ക്‌വാദ് നേടിയ അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ 178 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങില്‍ ശുഭ്‌മാന്‍ ഗില്‍ തകര്‍ത്തടിച്ചതോടെ ഗുജറാത്ത് അനായാസം വിജയത്തിലേക്ക് കുതിച്ചു. ഗുജറാത്തിനായി ഗില്‍ 63 റണ്‍സ് നേടി. ഗില്‍ പുറത്തായ ശേഷം വിജയ് ശങ്കര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍ എന്നിവര്‍ നടത്തിയ ബാറ്റിങ് പ്രകടനമാണ് നിലവിലെ ചാമ്പ്യന്മാര്‍ക്ക് ആദ്യ മത്സരത്തില്‍ തന്നെ ജയം സമ്മാനിച്ചത്.
Also Read: IPL 2023 | തലയുടെ തകർപ്പൻ സിക്‌സർ റെക്കോഡ് ബുക്കിലും: ഇത് ശരിക്കും വിന്‍റേജ് ധോണി