മൊഹാലി : ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്‌സിനെതിരെ മികച്ച സ്‌കോറുമായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 174 റണ്‍സ് നേടി. ഓപ്പണർമാരായ ഫഫ് ഡുപ്ലസിസിന്‍റെയും (84) നായകൻ വിരാട് കോലിയുടേയും (59) അർധ സെഞ്ച്വറി പ്രകടനമാണ് ബാംഗ്ലൂരിനെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിനായി ഓപ്പണർമാരായ കോലിയും ഡുപ്ലസിസും ചേർന്ന് സെഞ്ച്വറി കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 137 റണ്‍സാണ് അടിച്ച് കൂട്ടിയത്. പവർപ്ലേയിൽ 59 റണ്‍സായിരുന്നു ഓപ്പണിങ് സഖ്യം സ്വന്തമാക്കിയത്. പഞ്ചാബ് ബോളർമാരെ സസൂക്ഷ്മം നേരിട്ട ഇരുവരും മോശം പന്തുകൾ തെരഞ്ഞ് പിടിച്ച് അടിക്കുകയായിരുന്നു.
ഇതിനിടെ 9-ാം ഓവറിന്‍റെ അവസാന പന്തിൽ ഫഫ് ഡുപ്ലസിസ് അർധ സെഞ്ച്വറി പൂർത്തിയാക്കി. ഐപിഎല്ലിലെ തന്‍റെ 29-ാം അർധ സെഞ്ച്വറിയായിരുന്നു ഡുപ്ലസിസ് മൊഹാലിയിൽ സ്വന്തമാക്കിയത്. 12-ാം ഓവറിലാണ് ബാംഗ്ലൂരിന്‍റെ ടീം സ്‌കോർ 100 കടന്നത്. പിന്നാലെ 14-ാം ഓവറിൽ വിരാട് കോലിയും അർധ സെഞ്ച്വറി പൂർത്തിയാക്കി. 40 പന്തിൽ നിന്നാണ് കോലി 50 റണ്‍സ് നേടിയത്.
ഇരട്ട പ്രഹരവുമായി ഹർപ്രീത് ബ്രാർ : അർധ സെഞ്ച്വറി പൂർത്തിയാക്കിയതോടെ ഡു പ്ലസിസ് ഗിയർ മാറ്റി. പഞ്ചാബ് ബോളർമാർക്കെതിരെ കൂറ്റനടികളുമായി കളം നിറഞ്ഞ താരം സ്‌കോർ ബോർഡിന്‍റെ വേഗം കൂട്ടി. ഇരുവരും ചേർന്ന് ബാംഗ്ലൂരിനെ കൂറ്റൻ സ്കോറിലേക്ക് എത്തിക്കുമെന്ന് തോന്നിച്ചു. എന്നാൽ 16-ാം ഓവറിന്‍റെ ആദ്യ പന്തിൽ വിരാട് കോലിയെ ഹർപ്രീത് ബ്രാർ കീപ്പർ ജിതേഷ് ശർമയുടെ കൈകളിൽ എത്തിച്ച് ഈ കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു.
പുറത്താകുമ്പോൾ 47 പന്തിൽ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറും ഉൾപ്പടെ 59 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. കൂടാതെ ഐപിഎല്ലിൽ 600 ഫോറുകൾ എന്ന റെക്കോഡും കോലി ഇന്നത്തെ മത്സരത്തിലൂടെ സ്വന്തമാക്കി. തൊട്ടുപിന്നാലെ കഴിഞ്ഞ മത്സരത്തിലെ കൂറ്റനടിക്കാരൻ ഗ്ലെൻ മാക്‌സ്‌വെൽ കളത്തിലെത്തി. എന്നാൽ തൊട്ടടുത്ത പന്തിൽ തന്നെ അക്കൗണ്ട് തുറക്കും മുന്നേ മാക്‌സ്‌വെല്ലിനെയും പുറത്താക്കി ഹർപ്രീത് ബ്രാർ ബാംഗ്ലൂരിന് ഇരട്ട പ്രഹരം നൽകി.
തൊട്ടടുത്ത ഓവറിൽ ഡുപ്ലസിസിനെയും പുറത്താക്കി കൂറ്റൻ സ്‌കോറിലേക്ക് നീങ്ങുകയായിരുന്ന ബാംഗ്ലൂരിനെ പഞ്ചാബ് പിടിച്ചുകെട്ടി. 56 പന്തുകളിൽ നിന്ന് അഞ്ച് വീതം സിക്‌സും ഫോറും ഉൾപ്പടെ 84 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. തുടർന്ന് ക്രീസിലെത്തിയ ദിനേഷ് കാർത്തിക്കിനും അധിക നേരം പിടിച്ച് നിൽക്കാനായില്ല. ഏഴ് റണ്‍സ് നേടിയ താരത്തെ അർഷ്‌ദീപ് സിങ് പുറത്താക്കുകയായിരുന്നു. പഞ്ചാബിനായി ഹർപ്രീത് ബ്രാർ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ അർഷ്‌ദീപ് സിങ്, നാഥൻ എല്ലിസ് എന്നിവർ ഓരോ വിക്കറ്റും നേടി.
പ്ലേയിങ് ഇലവൻ:
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ : വിരാട് കോലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), മഹിപാൽ ലോംറോർ, ഗ്ലെൻ മാക്‌സ്‌വെൽ, ഷഹബാസ് അഹമ്മദ്, ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പര്‍), വാനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, വെയ്ൻ പാർനെൽ, മുഹമ്മദ് സിറാജ്.
പഞ്ചാബ് കിങ്‌സ് : അഥർവ ടൈഡെ, മാത്യു ഷോർട്ട്, ഹർപ്രീത് സിങ് ഭാട്ടിയ, ലിയാം ലിവിങ്‌സ്റ്റണ്‍, സാം കറൻ(ക്യാപ്റ്റന്‍), ജിതേഷ് ശർമ(വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാൻ, ഹർപ്രീത് ബ്രാർ, നാഥൻ എല്ലിസ് , രാഹുൽ ചാഹർ, അർഷ്ദീപ് സിങ്.