ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 21 റൺസിൻ്റെ തകർപ്പൻ ജയം. കൊൽക്കത്തയുടെ 201 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബാംഗ്ലൂരിന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 179 റൺസേ നേടാനായുള്ളു. മൂന്ന് വിക്കറ്റ് നേടിയ വരുൺ ചക്രവർത്തിയാണ് കൊൽക്കത്തയുടെ ജയം അനായാസമാക്കിയത്. വിജയത്തോടെ കൊൽക്കത്ത ആറ് പോയിൻ്റുമായി മുംബൈ ഇന്ത്യൻസിനെ മറികടന്ന് പോയിൻ്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്കെത്തി.
വലിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂരിന്‍റെ തുടക്കം തന്നെ പാളി. ആദ്യ രണ്ട് ഓവറില്‍ 30 റണ്‍സാണ് ഓപ്പണര്‍മാരായ വിരാട് കോലിയും ഫാഫ് ഡുപ്ലെസിസും അടിച്ചെടുത്തത്. എന്നാല്‍ മൂന്നാം ഓവറിന്‍റെ രണ്ടാം പന്തില്‍ ഡുപ്ലെസിസിനെ (7 പന്തില്‍ 17) റിങ്കു സിങ്ങിന്‍റെ കയ്യിലെത്തിച്ച സുയാഷ് ശര്‍മ കൊല്‍ക്കത്തയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കി.
തുടര്‍ന്നെത്തിയ ഷഹ്‌ബാസ് അഹമ്മദിന് അഞ്ച് പന്തുകള്‍ മാത്രമായിരുന്നു ആയുസ്. രണ്ട് റണ്‍സെടുത്ത ഷഹ്‌ബാസിനെ സുയാഷ് വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. നാലാം നമ്പറിലെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്ലും (4 പന്തില്‍ 5) നിലയുറപ്പിക്കും മുമ്പ് മടങ്ങിയതോടെ പവര്‍ പ്ലേ പിന്നിടുമ്പോള്‍ 58/3 എന്ന നിലയിലായിരുന്നു ബാംഗ്ലൂര്‍.
തുടര്‍ന്ന് ക്രീസിലൊന്നിച്ച കോലിയും മഹിപാൽ ലോംറോറും ചേര്‍ന്ന് 11 ഓവറില്‍ ടീമിനെ 100 കടത്തി. ഇതിനിടെ 33 പന്തുകളില്‍ നിന്നും കോലി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ മഹിപാലിനെ (18 പന്തില്‍ 34) റസ്സലിന്‍റെ കയ്യിലെത്തിച്ച് വരുണ്‍ ചക്രവര്‍ത്തി തിരിച്ചടി നല്‍കി.
കോലിക്ക് പിന്നാലെ വീണ് ബാംഗ്ലൂർ: തൊട്ടുപിന്നാലെ കോലിയും മടങ്ങിയോടെ ബാംഗ്ലൂര്‍ 12.1 ഓവറില്‍ അഞ്ചിന് 115 റണ്‍സ് എന്ന നിലയിലേക്ക് വീണു. 37 പന്തില്‍ 54 റണ്‍സെടുത്ത കോലിയെ റസ്സലിന്‍റെ പന്തില്‍ ഒരു മികച്ച ക്യാച്ചിലൂടെ വെങ്കടേഷ് അയ്യരാണ് പുറത്താക്കിയത്. ഇതോടെ ബാംഗ്ലൂരിൻ്റെ തകർച്ചയും ആരംഭിച്ചു. തുടർന്ന് സുയാഷ് പ്രഭുദേശായ് (10) വനിന്ദു ഹസരങ്ക (5) എന്നിവരും പുറത്തായി.
പിന്നാലെ ഒരു വശത്ത് നിലയുറപ്പിച്ച് കളിക്കുകയായിരുന്ന ദിനേഷ് കാർത്തിക് (18 പന്തിൽ 22) കൂടി പുറത്തായതോടെ ബാംഗ്ലൂർ തോൽവിയിലേക്ക് വീണു. ഡേവിഡ് വില്ലി (11) വൈശാഖ് വിജയ് കുമാർ (13) എന്നിവർ പുറത്താകാതെ നിന്നു. കൊൽക്കത്തക്കായി വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ സുയാഷ് ശർമ, ആന്ദ്രേ റസൽ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
കളം നിറഞ്ഞ് റോയിയും റാണയും: നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 200 റണ്‍സ് നേടിയത്. അര്‍ധ സെഞ്ച്വറി നേടിയ ജേസണ്‍ റോയ്‌ക്ക് പുറമെ ക്യാപ്റ്റന്‍ നിതീഷ് റാണയും വെങ്കടേഷ് അയ്യരും തിളങ്ങി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റിങ്കു സിങ്ങിൻ്റേയും ഡേവിഡ് വീസിന്‍റേയും പ്രകടനവും സംഘത്തിന് നിര്‍ണായകമായി.
മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ എന്‍ ജഗദീശനും ജേസണ്‍ റോയിയും ചേര്‍ന്ന് കൊല്‍ക്കത്തയ്‌ക്ക് നല്‍കിയത്. വിക്കറ്റ് നഷ്‌ടമില്ലാതെ 66 റണ്‍സായിരുന്നു പവര്‍പ്ലേ പിന്നിടുമ്പോള്‍ ഇരുവരും ചേര്‍ന്ന് നേടിയത്. ജഗദീശന്‍ ശ്രദ്ധയോടെ കളിച്ചപ്പോള്‍ റോയ് ആയിരുന്നു ആക്രമണകാരി.
ഇതോടെ പവര്‍പ്ലേക്ക് പിന്നാലെ 22 പന്തുകളില്‍ നിന്നും റോയ് അര്‍ധ സെഞ്ചുറി തികച്ചു. മികച്ച രീതിയില്‍ മുന്നേറിയ ഈ കൂട്ടുകെട്ട് 10-ാം ഓവറിന്‍റെ രണ്ടാം പന്തില്‍ ജഗദീശനെ (29 പന്തില്‍ 27 ) വീഴ്‌ത്തിയ വിജയകുമാര്‍ വൈശാഖാണ് പൊളിച്ചത്. ഒന്നാം വിക്കറ്റില്‍ 83 റണ്‍സാണ് റോയ്-ജഗദീശന്‍ സഖ്യം നേടിയത്.
നാല് പന്തുകള്‍ക്കപ്പുറം റോയിയേയും വൈശാഖ് വിജയ് കുമാര്‍ തിരിച്ച് കയറ്റി. 29 പന്തില്‍ നാല് ഫോറുകളും അഞ്ച് സിക്‌സും സഹിതം 56 റണ്‍സ് നേടിയ റോയ് ബൗള്‍ഡാവുകയിരുന്നു. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച വെങ്കടേഷ് അയ്യരും ക്യാപ്റ്റന്‍ നിതീഷ് റാണയും ചേര്‍ന്ന് 16-ാം ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ കൊല്‍ക്കത്തയെ 150 റണ്‍സില്‍ എത്തിച്ചു.
ഫിനിഷിങ്ങിൽ തിളങ്ങി റിങ്കു സിങ്: തകര്‍പ്പനടികളുമായി കളം നിറഞ്ഞ നിതീഷിനെ (21 പന്തില്‍ 48) 18-ാം ഓവറിന്‍റെ രണ്ടാം പന്തില്‍ മടക്കിയ ഹസരങ്കയാണ് ബാംഗ്ലൂരിന് ബ്രേക്ക് ത്രൂ നല്‍കിയത്. രണ്ട് പന്തുകള്‍ക്കപ്പുറം വെങ്കടേഷ് അയ്യരേയും (26 പന്തില്‍ 31) ഹസരങ്ക തിരിച്ച് കയറ്റി. മുഹമ്മദ് സിറാജ് എറിഞ്ഞ 19-ാം ഓവറിലെ ആദ്യ അഞ്ച് പന്തുകളില്‍ റിങ്കു സിങ് 15 റണ്‍സ് നേടിയെങ്കിലും അവസാന പന്തില്‍ ആന്ദ്രേ റസലിന്‍റെ (2 പന്തില്‍ 1) കുറ്റി തെറിച്ചു.
20-ാം ഓവറില്‍ ഹര്‍ഷല്‍ പട്ടേലിനെതിരെ ഡേവിഡ് വീസും റിങ്കു സിങ്ങും ചേര്‍ന്ന് 15 റണ്‍സ് അടിച്ചതോടെയാണ് കൊല്‍ക്കത്ത വമ്പന്‍ ടോട്ടല്‍ ഉറപ്പിച്ചത്. റിങ്കു സിങ് 10 പന്തില്‍ 18 റണ്‍സുമായും ഡേവിഡ് വീസ് 3 പന്തില്‍ 12 റണ്‍സുമായും പുറത്താവാതെ നിന്നു. ബാംഗ്ലൂരിനായി ഹസരങ്ക, വൈശാഖ് വിജയ് കുമാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റും സ്വന്തമാക്കി.
ALSO READ: രോഹിത് അസ്വസ്ഥനാണ്; ഐപിഎല്ലില്‍ നിന്നും ഇടവേള എടുക്കണം: സുനില്‍ ഗവാസ്‌കര്‍