ബാംഗ്ലൂർ: ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മടക്ക ടിക്കറ്റ് നൽകി ഗുജറാത്ത് ടൈറ്റൻസ്. ബാംഗ്ലൂരിന്‍റെ 197 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്ത് 5 പന്തുകൾ ശേഷിക്കെ നാല് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. തകർപ്പൻ സെഞ്ച്വറി നേടി കളം നിറഞ്ഞ ശുഭ്മാൻ ഗില്ലാണ് ബാംഗ്ലൂരിന്‍റെ പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് വിലങ്ങുതടിയായത്. ബാംഗ്ലൂർ തോറ്റതോടെ 16 പോയിന്‍റുമായി മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിലേക്ക് യോഗ്യത നേടി.
ബാംഗ്ലൂരിന്‍റെ വലിയ ടോട്ടൽ പിന്തുടർന്നിറങ്ങിയ ഗുജറാത്തിന്‍റെ തുടക്കം മികച്ചതായിരുന്നില്ല. രണ്ടാം ഓവറിന്‍റെ അവസാന പന്തിൽ തന്നെ ഓപ്പണർ വൃദ്ധിമാൻ സാഹയെ ഗുജറാത്തിന് നഷ്‌ടമായി. 14 പന്തിൽ 12 റൺസ് നേടിയ സാഹയെ മുഹമ്മദ് സിറാജാണ് മടക്കിയത്. എന്നാൽ പിന്നാലെ ക്രീസിലെത്തിയ വിജയ് ശങ്കറിനെ കൂട്ടുപിടിച്ച് ശുഭ്മാൻ ഗിൽ സ്കോർ ഉയർത്തുകയായിരുന്നു.
ഇരുവരും ചേർന്ന് തകർത്തടിച്ചതോടെ ഗുജറാത്തിന്‍റെ സ്കോർ അതിവേഗം ഉയർന്നു. ഇതിനിടെ ശുഭ്മാൻ ഗിൽ തന്‍റെ അർധ സെഞ്ച്വറി പൂർത്തിയാക്കി. തൊട്ടു പിന്നാലെ തന്നെ ഇരുവരും ചേർന്ന് ടീം സ്കോർ 100 കടത്തി. പിന്നീടും ഗില്ലും ശങ്കറും ചേർന്ന് കൂറ്റനടികൾ തുടർന്നുകൊണ്ടിരുന്നു. പിന്നാലെ 14-ാം ഓവറിൽ വിജയ് ശങ്കറും 34 പന്തിൽ നിന്ന് തന്‍റെ അർധ സെഞ്ച്വറി പൂർത്തിയാക്കി.
എന്നാൽ തൊട്ടടുത്ത പന്തിൽ തന്നെ താരം പുറത്താകുകയും ചെയ്തു. 35 പന്തിൽ രണ്ട് സിക്സും ഏഴ് ഫോറും ഉൾപ്പെടെ 53 റൺസ് നേടിയാണ് ശങ്കർ പുറത്തായത്. തുടർന്ന് ക്രീസിലെത്തിയ ദസുൻ ശനക സംപൂജ്യനായി മടങ്ങി. പിന്നാലെയെത്തിയ ഡേവിഡ് മില്ലറും (6) വളരെ പെട്ടന്ന് പുറത്തായതോടെ ബാംഗ്ലൂർ വിജയം മുന്നിൽ കണ്ടു. എന്നാൽ ഒരു വശത്ത് ബാംഗ്ലൂരിന് വിലങ്ങു തടിയായി ശുഭ്മാൻ ഗിൽ തകർത്തടിക്കുന്നുണ്ടായിരുന്നു.
ഇതോടെ അവസാന ഓവറിൽ ബാംഗ്ലൂരിന്‍റെ വിജയ ലക്ഷ്യം എട്ട് റൺസായി മാറി. എന്നാൽ വെയ്ൻ പാർനെൽ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് തന്നെ നോബോളായി മാറി. ഫ്രീ ഹിറ്റ് പന്തിൽ കൂറ്റനൊരു സിക്സ് നേടി ശുഭ്മാൻ ഗിൽ തന്‍റെ സെഞ്ച്വറിയും ഗുജറാത്തിന്‍റെ വിജയവും സ്വന്തമാക്കുകയായിരുന്നു. ഗിൽ 52 പന്തിൽ എട്ട് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 104 റൺസുമായും രാഹുൽ തെവാട്ടിയ നാല് റൺസുമായും പുറത്താകാതെ നിന്നു. ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ വൈശാഖ് വിജയ് കുമാർ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും നേടി.
സെഞ്ച്വറി 'കിങ്': നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ വിരാട് കോലിയുടെ തകർപ്പൻ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്കോർ കണ്ടെത്തിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ കോലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ് മികവില്‍ 20 ഓവറില്‍ 197 റണ്‍സാണ് ബാംഗ്ലൂർ അടിച്ചെടുത്തത്. 61 പന്തുകളില്‍ നിന്നും 13 ഫോറുകളുടെയും ഒരു സിക്‌സറിന്‍റെയും അകമ്പടിയിലാണ് കോലി 101 റണ്‍സ് എടുത്തത്.
ഐപിഎല്‍ കരിയറിലെ തന്‍റെ ഏഴാമത്തെ സെഞ്ച്വറിയാണ് കിങ് കോലി ഇന്ന് നേടിയത്. മികച്ച തുടക്കമാണ് ഫാഫ് ഡു പ്ലസിസും വിരാട് കോലിയും ചേർന്ന് ബാംഗ്ലൂരിന് സമ്മാനിച്ചത്. നായകൻ ഫാഫ് ഡു പ്ലസിസിനെയാണ് ബാംഗ്ലൂരിന് ആദ്യം നഷ്‌ടമായത്. 19 പന്തിൽ 28 റൺസ് എടുത്തായിരുന്നു ബാംഗ്ലൂർ നായകന്‍റെ മടക്കം.
ഡു പ്ലസിസ് പുറത്തായ ശേഷം ഇറങ്ങിയ വെടിക്കെട്ട് ബാറ്റര്‍ മാക്‌സ്‌വെല്ലിന് കോലിക്ക് കാര്യമായ പിന്തുണ നല്‍കാന്‍ കഴിഞ്ഞില്ല. അഞ്ച് പന്തില്‍ ഒരു സിക്‌സും ഫോറും ഉള്‍പ്പെടെ 11 റണ്‍സെടുത്ത് മാക്‌സ്‌വെല്ലും മടങ്ങി. റാഷിദ് ഖാന്‍റെ പന്തില്‍ ബൗള്‍ഡായായിരുന്നു താരത്തിന്‍റെ മടക്കം.
നാലാമനായി ഇറങ്ങിയ മഹിപാല്‍ ലോംറോറും(1) പെട്ടെന്ന് തന്നെ പുറത്തായി. ഇതോടെ ബാംഗ്ലൂർ ഒൻപത് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 85 റൺസ് എന്ന നിലയിലായി. അഞ്ചാം വിക്കറ്റില്‍ മൈക്കല്‍ ബ്രേസ്‌വെല്ലിനൊപ്പം ചേര്‍ന്നാണ് പിന്നാലെ കോലി ബാംഗ്ലൂര്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 16 പന്തില്‍ അഞ്ച് ഫോറ് ഉള്‍പ്പെടെ 26 റണ്‍സ് എടുത്ത് ബ്രേസ്‌വെല്‍ കോലിക്ക് മികച്ച പിന്തുണ നല്‍കി.
ബാംഗ്ലൂര്‍ സ്‌കോര്‍ 132ല്‍ നില്‍ക്കെയാണ് ബ്രേസ്‌വെല്ലിന്‍റെ പുറത്താകല്‍. റിട്ടേണ്‍ ക്യാച്ചിലൂടെ മുഹമ്മദ് ഷമിയാണ് താരത്തെ പവലിയനിലേക്ക് മടക്കിയത്. പിന്നാലെ സീനിയർ താരം ദിനേഷ് കാര്‍ത്തിക് എത്തിയെങ്കിലും ആദ്യ പന്തില്‍ തന്നെ റണ്ണൊന്നുമെടുക്കാതെ പുറത്തായി. തുടര്‍ന്ന് അനുജ് റാവത്തിനെ കൂട്ടുപിടിച്ചാണ് കോലി ബാംഗ്ലൂര്‍ സ്‌കോര്‍ 197ല്‍ എത്തിച്ചത്. അവസാന ഓവറിലാണ് കോലി ഐപിഎല്ലിലെ തന്‍റെ ഏഴാമത്തെ സെഞ്ച്വറി സ്വന്തമാക്കിയത്.
കോലി 101 റൺസുമായും അനുജ് റാവത്ത് 15 പന്തില്‍ ഒരു ഫോറും സിക്‌സും ഉള്‍പ്പെടെ 23 റണ്‍സുമായും പുറത്താകാതെ നിന്നു. ഗുജറാത്തിനായി 39 റണ്‍സ് വഴങ്ങി സ്‌പിന്നര്‍ നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റ് നേടി. റാഷിദ് ഖാന്‍, മുഹമ്മദ് ഷമി, യഷ് ദയാല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.