മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്‌സിനെതിരെ 24 റണ്‍സിന്‍റെ തകർപ്പൻ ജയവുമായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ബാംഗ്ലൂരിന്‍റെ 175 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബ് കിങ്സ് 18.2 ഓവറിൽ 150 റണ്‍സിന് ഓൾഔട്ട് ആവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് സിറാജാണ് പഞ്ചാബിനെ തകർത്തെറിഞ്ഞത്. 46 റണ്‍സ് നേടിയ പ്രഭ്‌സിമ്രാൻ സിങിന് മാത്രമാണ് പഞ്ചാബ് നിരയിൽ പിടിച്ച് നിൽക്കാനായത്.
ബാംഗ്ലൂരിന്‍റെ വലിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബിന്‍റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. മത്സരത്തിന്‍റെ രണ്ടാം പന്തിൽ തന്നെ ഓപ്പണർ അഥർവ ടൈഡെയെ പഞ്ചാബിന് നഷ്‌ടമായി. നാല് റണ്‍സെടുത്ത താരത്തെ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. തുടർന്നിറങ്ങിയ മാത്യു ഷോർട്ടും അധികം വൈകാതെ തന്നെ കൂടാരം കയറി. എട്ട് റണ്‍സെടുത്ത താരം വനിന്ദു ഹസരങ്കയുടെ പന്തിൽ ബൗൾഡാവുകയായിരുന്നു.
തൊട്ടടുത്ത ഓവറിൽ തന്നെ സൂപ്പർ താരം ലിയാം ലിവിങ്‌സ്റ്റണെ (2) പുറത്താക്കി മുഹമ്മദ് സിറാജ് പഞ്ചാബിനെ ഞെട്ടിച്ചു. ഇതോടെ 3.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 27 റണ്‍സ് എന്ന നിലയിലായി പഞ്ചാബ്. പിന്നാലെ ഹർപ്രീത് സിങ് ഭാട്ടിയ ക്രീസിലെത്തി. അതേസമയം വിക്കറ്റുകൾ പൊഴിയുമ്പോഴും ഒരു വശത്ത് ഇംപാക്‌ട് പ്ലയറായി കളത്തിലെത്തിയ പ്രഭ്‌സിമ്രാൻ സിങ് തകർത്തടിക്കുകയായിരുന്നു.
ടീം സ്കോർ 43 ൽ നിൽക്കെ ഹർപ്രീത് സിങ് ഭാട്ടിയയും (13) റണ്‍ഔട്ടിലൂടെ പുറത്തായി. ഇതോടെ ക്രീസിലെത്തിയ നായകൻ സാം കറനെ കൂട്ടുപിടിച്ച് പ്രഭ്‌സിമ്രാൻ സിങ് സ്കോർ ഉയർത്തിക്കൊണ്ടിരുന്നു. എന്നാൽ ടീം സ്കോർ 76ൽ നിൽക്കെ സാം കറനും (10) റണ്‍ഔട്ട് ആയി. 11-ാം ഓവറിൽ അർധ സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന പ്രഭ്‌സിമ്രാൻ സിങിനെയും പുറത്താക്കി ബാംഗ്ലൂർ വിജയം ഉറപ്പിച്ചു.
30 പന്തിൽ നാല് സിക്‌സും മൂന്ന് ഫോറും ഉൾപ്പെടെ 46 റണ്‍സ് നേടിയ താരത്തെ വെയ്‌ൻ പാർനെൽ ബൗൾഡാക്കുകയായിരുന്നു. ഇതോടെ പഞ്ചാബ് 11.3 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 97 റണ്‍സ് എന്ന നിലയിലേക്കെത്തി പരാജയം ഉറപ്പിച്ചു. ശേഷം വൻ തകർച്ച ഒഴിവാക്കാനുള്ള ശ്രമം മാത്രമാണ് പഞ്ചാബ് നടത്തിയത്.
കൂട്ട തകർച്ചയിൽ പഞ്ചാബ്: തുടർന്നിറങ്ങിയ ഷാറൂഖ് ഖാനും അധിക നേരം പിടിച്ച് നിൽക്കാനായില്ല. 7 റണ്‍സെടുത്ത താരത്തെ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക് സ്റ്റംപ് ചെയ്‌ത് പുറത്താക്കുകയായിരുന്നു. തുടർന്നിറങ്ങിയ ജിതേഷ് ശർമ ഒരു വശത്ത് തകർത്തടിച്ച് തുടങ്ങി. ഇതിനിടെ ഹർപ്രീത് ബ്രാർ (13), നാഥൻ എല്ലിസ് (1) എന്നിവരും പുറത്തായി.
പിന്നാലെ ടീം സ്കോർ 150 ൽ നിൽക്കെ 18-ാം ഓവറിലെ രണ്ടാം പന്തിൽ ജിതേഷ് ശർമയെ പുറത്താക്കി ഹർഷൽ പട്ടേൽ പഞ്ചാബിന്‍റെ ഇന്നിങ്‌സിന് തിരശ്ശീലയിടുകയായിരുന്നു. പുറത്താകുമ്പോൾ 27 പന്തിൽ മൂന്ന് സിക്‌സും രണ്ട് ഫോറും ഉൾപ്പെടെ 41 റണ്‍സായിരുന്നു ജിതേഷ് ശർമ നേടിയിരുന്നത്. ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ വനിന്ദു ഹസരങ്ക രണ്ട് വിക്കറ്റും വെയ്‌ൻ പാർനെൽ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും നേടി.
തകർപ്പൻ കൂട്ടുകെട്ടുമായി ഡുപ്ലസിസും കോലിയും: നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂർ ഓപ്പണർമാരായ നായകൻ വിരാട് കോലി, ഫഫ് ഡുപ്ലസിസ് എന്നിവരുടെ ബാറ്റിങ് മികവിലാണ് മികച്ച സ്‌കോർ കണ്ടെത്തിയത്. ഇരുവരും ചേർന്ന് ബാംഗ്ലൂരിനായി സെഞ്ച്വറി കൂട്ടുകെട്ടാണ് ഒന്നാം വിക്കറ്റിൽ പടുത്തുയർത്തിയത്. ഫഫ് ഡുപ്ലസിസ് 84 റണ്‍സും വിരാട് കോലി 59 റണ്‍സും നേടി പുറത്തായി.
ALSO READ: IPL 2023 | മൊഹാലിയെ പൂരപ്പറമ്പാക്കി കോലിയും ഡുപ്ലസിസും ; പഞ്ചാബിന് 175 റണ്‍സ് വിജയ ലക്ഷ്യം