മുംബൈ: ക്രിക്കറ്റ് ലോകത്തിന് ഏറെ സുപരിചിതമായ പേരാണ് ഗൗതം ഗംഭീര്‍, വിരാട് കോലി എന്നിവരുടേത്. ആഭ്യന്തര തലത്തില്‍ ഡല്‍ഹിക്കായി ഒരുമിച്ച് കളിച്ച ഇരുവരും പിന്നീട് ഇന്ത്യന്‍ കുപ്പായത്തിലും ഒന്നിച്ചിറങ്ങിയുന്നു. ഡല്‍ഹിക്കായും ഇന്ത്യയ്‌ക്കായും എതിരാളികളോട് പോരടിച്ചിരുന്ന ഇരുവരും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കെത്തിയപ്പോള്‍ തമ്മില്‍ തമ്മില്‍ കൊമ്പുകോര്‍ക്കുന്നതിനാണ് പിന്നീട് ആരാധകര്‍ സാക്ഷ്യം വഹിക്കുന്നത്.
2013ലെ ഒരു ഐപിഎല്‍ മത്സരത്തിനിടെയാണ് ഗംഭീറും കോലിയും തമ്മില്‍ ആദ്യമായി പരസ്‌പരം വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നത്. തുടര്‍ന്ന് പലകുറി ഇരുവരും തമ്മിലുള്ള ഈ ഉരസല്‍ നടന്നു. ഇതിന്‍റെയൊക്കെ തുടര്‍ച്ചയെന്നോണമായിരുന്നു ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിന് ശേഷം നടന്ന അനിഷ്‌ട സംഭവങ്ങള്‍.
ലഖ്‌നൗവില്‍ കയ്യാങ്കളിയുടെ അടുത്തുവരെ എത്തിയ ഗൗതം ഗംഭീറിനെയും വിരാട് കോലിയേയും സഹതാരങ്ങള്‍ ഇടപെട്ടാണ് പിടിച്ച് മാറ്റിയത്. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള ഈ ഉരസല്‍ എന്നന്നേക്കുമായി അവസാനിപ്പിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും പരിശീലകനുമായ രവി ശാസ്‌ത്രി.
"ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഈ ചൂട് കുറയുമെന്ന് ഞാൻ കരുതുന്നു. അപ്പോള്‍ ഇതൊക്കെ കൂടുതൽ നന്നായി കൈകാര്യം ചെയ്യാമായിരുന്നുവെന്നും അവർ മനസിലാക്കും. ഇരുവരും ഒരേ സംസ്ഥാനത്തിന് വേണ്ടി ഏറെ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്.
ഗൗതം ഇരട്ട ലോകകപ്പ് ജേതാവാണ്, വിരാട് ഒരു ഐക്കണാണ്. ഇരുവരും ഡൽഹിയിൽ നിന്നാണ് വന്നത്. ഇരുവരെയും ഒന്നിച്ചിരുത്തി ഇതൊക്കെയും അവസാനിപ്പിക്കുന്നതാണ് ഏറ്റവും നല്ല കാര്യം എന്നാണ് ഞാൻ കരുതുന്നത്. ഒരിക്കൽ എന്നന്നേക്കുമായി അവസാനിപ്പിക്കണം", രവി ശാസ്‌ത്രി പറഞ്ഞു.
പ്രശ്‌നം പരിഹരിക്കുന്നതിനായി മധ്യസ്ഥത വഹിക്കാന്‍ താന്‍ തയ്യാറാണെന്നും രവി ശാസ്‌ത്രി വ്യക്തമാക്കി. "അതാര് ചെയ്‌താലും, എത്രയും വേഗത്തില്‍ ആയാല്‍ ആത്രയും നല്ലത്. കാരണം ഇതു ഇങ്ങനെ തുടര്‍ന്ന് പോകാന്‍ ആരും ആഗ്രഹിക്കുന്നില്ല. അടുത്ത തവണ ഇരുവരും തമ്മില്‍ കാണുമ്പോള്‍ വീണ്ടും വാക്കുകൾ കൈമാറുകയും ഒരു കാര്യം മറ്റൊന്നിലേക്ക് നയിക്കുകയും ചെയ്യാം.
എത്രയും വേഗമോ അത്രയും വേഗത്തില്‍ അതവസാനിപ്പിച്ചേ മതിയാവു. ഇരുവര്‍ക്കുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ ഞാന്‍ തയ്യാറാണ്", രവി ശാസ്‌ത്രി ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിലെ ചര്‍ച്ചയ്‌ക്കിടെ പറഞ്ഞു.
ലഖ്‌നൗവിന്‍റെ തട്ടകമായ ഏകാന സ്റ്റേഡിയത്തില്‍ ബാംഗ്ലൂരിന്‍റെ വിജയത്തിന് പിന്നാലെയായിരുന്നു കോലിയും ഗംഭീറും തമ്മില്‍ കൊമ്പുകോര്‍ത്തത്. മത്സരത്തില്‍ ബാംഗ്ലൂര്‍ ജയത്തോട് അടുത്തപ്പോള്‍ തന്നെ ലഖ്‌നൗ താരമായ നവീന്‍ ഉല്‍ ഹഖും വിരാട് കോലിയുമായി ചെറിയ വാക് പോരുണ്ടായിരുന്നു.
ക്രീസിലുണ്ടായിരുന്ന വെറ്ററന്‍ സ്‌പിന്നര്‍ അമിത് മിശ്രയും അമ്പയറും ഇടപെട്ടായിരുന്നു ഈ രംഗം തണുപ്പിച്ചത്. തുടര്‍ന്ന് മത്സരശേഷം ഹസ്‌തദാനത്തിനിടെയും കോലിയും നവീനും ഉരസി. തുടര്‍ന്നാണ് പ്രശ്‌നം കോലിയും ഗംഭീറും തമ്മിലുള്ള ഏറ്റുമുട്ടലായി മാറിയത്. സംഭവത്തില്‍ മൂന്ന് പേര്‍ക്കും ബിസിസിഐ വമ്പന്‍ പിഴ ശിക്ഷ വിധിച്ചിരുന്നു.
ALSO READ: IPL 2023: ലഖ്‌നൗവിലെ ഏറ്റുമുട്ടല്‍; കോലിക്കും ഗംഭീറിനും വമ്പന്‍ ശിക്ഷ വിധിച്ച് ബിസിസിഐ