ജയ്‌പൂര്‍: ഇന്ത്യൻ പ്രീമിയർ ലീഗിൽ അവസാന പന്തിലെ തകർപ്പൻ ട്വിസ്റ്റിൽ രാജസ്ഥാൻ റോയൽസിനെതിരെ വിജയം നേടി സൺറൈസേഴ്സ് ഹൈദരാബാദ്. രാജസ്ഥാൻ്റെ 214 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൺറൈസേഴ്സ് ആറ് വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിലെ തകർപ്പൻ സിക്സിൻ്റെ മികവിലാണ് വിജയം പിടിച്ചെടുത്തത്.
അർധ സെഞ്ച്വറിയുമായി തിളങ്ങിയ അഭിഷേക് ശർമയും (55), മധ്യ ഓവറുകളിൽ കളം നിറഞ്ഞ രാഹുൽ ത്രിപാഠിയും (47) അവസാന ഓവറുകളിൽ തകർത്തടിച്ച ഗ്ലെൻ ഫിലിപ്സും (7 പന്തിൽ 25) ചേർന്നാണ് ഹൈദരാബാദിന് മികച്ച വിജയം സമ്മാനിച്ചത്.
വമ്പന്‍ സ്‌കോറിലേക്ക് ബാറ്റേന്തിയ ഹൈദാരാബാദിന് മികച്ച തുടക്കമായിരുന്നു ലഭിച്ചത്. ആറാം ഓവറിന്‍റെ ആദ്യ പന്തില്‍ അൻമോൽപ്രീത് സിങ്ങിനെ യുസ്‌വേന്ദ്ര ചാഹല്‍ വീഴ്‌ത്തിയതോടെ പവര്‍പ്ലേ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 52 റണ്‍സ് എന്ന നിലയിലായിരുന്നു ഹൈദരാബാദ്. 25 പന്തില്‍ 33 റണ്‍സെടുത്ത അൻമോൽപ്രീതിനെ ഹെറ്റ്‌മെയര്‍ പിടികൂടുകായിരുന്നു.
തുടര്‍ന്ന് ഒന്നിച്ച രാഹുല്‍ ത്രിപാഠിയും അഭിഷേക് ശര്‍മയും ചേര്‍ന്ന് 12-ാം ഓവറില്‍ ഹൈദരാബാദിനെ നൂറ് കടത്തി. ഇതിനിടെ അഭിഷേകിനെ റണ്ണൗട്ടാക്കാനുള്ള സുവര്‍ണാവസരം രാജസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ സഞ്‌ജു സാംസണ്‍ പാഴാക്കിയിരുന്നു. തുടര്‍ന്ന് 13-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ അശ്വിനെതിരെ സിക്‌സര്‍ നേടിക്കൊണ്ട് അഭിഷേക് അര്‍ധ സെഞ്ചുറിയിലെത്തി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ താരത്തെ യുസ്‌വേന്ദ്ര ചാഹലിന്‍റെ കയ്യിലെത്തിക്കാന്‍ താരത്തിന് കഴിഞ്ഞത് രാജസ്ഥാന് ആശ്വാസമായി.
ഈ സമയം 116 റണ്‍സായിരുന്നു സണ്‍റൈസേഴ്‌സ് ടോട്ടലില്‍ ഉണ്ടായിരുന്നത്. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഹെൻറിച്ച് ക്ലാസനും രാഹുല്‍ ത്രിപാഠിയും ചേര്‍ന്ന് മുരുകന്‍ അശ്വിന്‍ എറിഞ്ഞ 14-ാം ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 19 റണ്‍സാണ് അടിച്ച് കൂട്ടിയത്. 16-ാം ഓവറില്‍ സംഘം 150 റണ്‍സ് കടന്നെങ്കിലും ഹെൻറിച്ച് ക്ലാസനെ (12 പന്തില്‍ 26) മടക്കി ചാഹല്‍ രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. ചാഹലിനെ സിക്‌സറിന് പറത്താനുള്ള ക്ലാസന്‍റെ ശ്രമം ജോസ് ബട്‌ലര്‍ കയ്യില്‍ ഒതുക്കുകയായിരുന്നു.
പിന്നാലെ വമ്പനടികളുമായി ത്രിപാഠി കളം നിറഞ്ഞതോടെ രാജസ്ഥാന് ആശങ്കയായി. എന്നാല്‍ 18-ാം ഓവറിന്‍റെ രണ്ടാം പന്തില്‍ ത്രിപാഠിയെ (29 പന്തില്‍ 47) ജയ്‌സ്‌വാളിന്‍റെ കയ്യില്‍ എത്തിച്ച ചാഹല്‍ രാജസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. രണ്ട് പന്തുകളുടെ ഇടവേളയില്‍ ഹൈദരാബാദ് ക്യാപ്റ്റന്‍ എയ്‌ഡന്‍ മാര്‍ക്രത്തെയും (5 പന്തില്‍ 6) ചാഹല്‍ വിക്കറ്റിന് മുന്നില്‍ കുടക്കിയതോടെ ഹൈദരാബാദ് ആശങ്കയിലായി. അവസാന രണ്ട് ഓവറില്‍ 41 റണ്‍സായിരുന്നു ഹൈദരാബാദിൻ്റെ വിജയ ലക്ഷ്യം.
19-ാം ഓവര്‍ എറിയാനെത്തിയ കുല്‍ദീപ് യാദവിന്‍റെ ആദ്യ മൂന്ന് പന്തുകളില്‍ സിക്‌സറടിച്ച ഗ്ലെന്‍ ഫിലിപ്‌സ് നാലാം പന്തില്‍ ബൗണ്ടറി കണ്ടെത്തിയതോടെ ഹൈദരാബാദ് വിജയത്തിനടുത്തെത്തി. എന്നാല്‍ അഞ്ചാം പന്തില്‍ ഫിലിപ്‌സിനെ (7 പന്തില്‍ 25) ഹെറ്റ്‌മെയര്‍ പിടികൂടി. സന്ദീപ് ശർമ എറിഞ്ഞ അവസാന ഓവറിൽ 17 റൺസായിരുന്നു സൺറൈസേഴ്സിൻ്റെ വിജയ ലക്ഷ്യം. ഓവറിൻ്റെ രണ്ടാം പന്തിൽ സിക്സ് നേടി അബ്ദുൾ സമദ് ഹൈദരാബാദിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
മൂന്നാമത്തെ പന്തിൽ രണ്ട് റൺസും അടുത്ത രണ്ട് പന്തുകളിൽ ഓരോ റൺസ് വീതവും ഹൈദരാബാദ് നേടി. അവസാന പന്തിൽ അഞ്ച് റൺസായിരുന്നു സൺറൈസേഴ്സിൻ്റെ വിജയ ലക്ഷ്യം. എന്നാൽ അവസാന പന്ത് ഉയർത്തിയടിച്ച അബ്ദുൾ സമദ് ക്യാച്ച് നൽകി. ഇതോടെ രാജസ്ഥാൻ വിജയാഘോഷവും തുടങ്ങി. എന്നാൽ അവിടെയായിരുന്നു മത്സരത്തിൻ്റെ ഏറ്റവും വലിയ ട്വിസ്റ്റ്.
സന്ദീപിൻ്റെ അവസാന പന്ത് നോബോളായി അമ്പയർ വിധിക്കുകയായിരുന്നു. ഇതോടെ ലഭിച്ച ഫ്രീ ഹിറ്റ് ബോളിൽ തകർപ്പനൊരു സിക്സർ നേടി അബ്ദുൾ സമദ് സൺറൈസേഴ്സിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. രാജസ്ഥാനായി ചാഹല്‍ നാല് വിക്കറ്റ് നേടിയപ്പോൾ കുൽദീപ് യാദവ്, രവിചന്ദ്രൻ അശ്വിൻ എന്നിവർ ഓരോ വിക്കറ്റും നേടി.
ബട്‌ലര്‍ സഞ്‌ജു വെടിക്കെട്ട്: നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ രാജസ്ഥാന്‍ നായകന്‍ സഞ്‌ജു സാംസണിന്‍റേയും ജോസ് ബട്‌ലറുടേയും അര്‍ധ സെഞ്ചുറിക്കരുത്തില്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 214 റണ്‍സാണ് നേടിയത്. 58 പന്തില്‍ 95 റണ്‍സ് അടിച്ച് കൂട്ടിയ ജോസ് ബട്‌ലറാണ് രാജസ്ഥാന്‍റെ ടോപ് സ്‌കോറര്‍.
38 പന്തില്‍ പുറത്താവാതെ 66 റണ്‍സാണ് സഞ്‌ജു സാംസണിന്‍റെ സമ്പാദ്യം. കലക്കന്‍ തുടക്കമായിരുന്നു രാജസ്ഥാന്‍ റോയല്‍സിന് ലഭിച്ചത്. ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 61 റണ്‍സായിരുന്നു പവര്‍പ്ലേ പിന്നിടുമ്പോള്‍ രാജസ്ഥാന് നേടാന്‍ കഴിഞ്ഞത്.
തകര്‍പ്പനടികളുമായി കളം നിറഞ്ഞ യശസ്വി ജയ്‌സ്‌വാളായിരുന്നു രാജസ്ഥാന്‍റെ തുടക്കം മിന്നിച്ചത്. എന്നാല്‍ അഞ്ചാം ഓവറിന്‍റെ അവസാന പന്തില്‍ യശസ്വിയെ (18 പന്തില്‍ 35) മടക്കിയ മാർക്കോ ജാൻസെന്‍ ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കി. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ സഞ്‌ജു സാംസണും ജോസ് ബട്‌ലറും പതിഞ്ഞാണ് തുടങ്ങിയത്.
എന്നാല്‍ മായങ്ക് മാർക്കണ്ഡെ എറിഞ്ഞ ഒമ്പതാം ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ സഞ്‌ജുവും അവസാന പന്തില്‍ ബട്‌ലറും സിക്‌സര്‍ പറത്തിക്കൊണ്ട് ഗിയര്‍ മാറ്റി. ഇതോടെ 10-ാം ഓവറില്‍ രാജസ്ഥാന്‍ 100 റണ്‍സ് പിന്നിട്ടു. രണ്ട് ഓവറുകള്‍ക്കപ്പുറം ബട്‌ലര്‍ അര്‍ധ സെഞ്ചുറി തികച്ചു. 32 പന്തുകളില്‍ നിന്നാണ് താരം അര്‍ധ സെഞ്ചുറി നേടിയത്.
ഇതിന് ശേഷം കൂടുതല്‍ ആക്രമണകാരിയായ ബട്‌ലറെയാണ് കാണാന്‍ കഴിഞ്ഞത്. സണ്‍റൈസേഴ്‌സ് ബോളര്‍മാര്‍ അടിവാങ്ങിയതോടെ രാജസ്ഥാന്‍ ഇന്നിങ്‌സിന് കൂടുതല്‍ വേഗം വച്ചു. 15-ാം ഓവറില്‍ സഞ്‌ജുവും ബട്‌ലറും ചേര്‍ന്ന് രാജസ്ഥാനെ 150 റണ്‍സ് കടത്തിയിരുന്നു. പിന്നാലെ 18-ാം ഓവറില്‍ സഞ്‌ജുവും അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി.
33 പന്തില്‍ നിന്നുമാണ് രാജസ്ഥാന്‍ നായകന്‍ അന്‍പത് കടന്നത്. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന ബട്‌ലറെ രാജസ്ഥാന് നഷ്‌ടമായി. ഭുവനേശ്വര്‍ കുമാറിന്‍റെ മനോഹരമായൊരു പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് ബട്‌ലര്‍ മടങ്ങിയത്. 10 ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതാണ് ബട്‌ലറുടെ തകര്‍പ്പന്‍ ഇന്നിങ്‌സ്. ഈ ഓവറില്‍ ഭുവി ഒരു ബൗണ്ടറി പോലും വഴങ്ങിയില്ല.
എന്നാല്‍ 20-ാം ഓവറില്‍ ടി നടരാജനെതിരെ ഒരു സിക്‌സും രണ്ട് ഫോറുകളും നേടിയ സഞ്‌ജു ക്ഷീണം തീര്‍ത്തതോടെയാണ് രാജസ്ഥാന്‍ വമ്പന്‍ സ്‌കോര്‍ ഉറപ്പിച്ചത്. സഞ്‌ജുവിനൊപ്പം 5 പന്തില്‍ 7* റണ്‍സുമായി ഷിമ്രോണ്‍ ഹെറ്റ്‌മയറും പുറത്താവാതെ നിന്നു. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍, മാര്‍ക്കോ ജാന്‍സെന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.
ALSO READ: IPL 2023| അഹമ്മദാബാദില്‍ കളിപിടിച്ച് 'അനിയന്‍ പാണ്ഡ്യ'; 'ചേട്ടന്‍ പാണ്ഡ്യ'യുടെ ലഖ്‌നൗവിന് തോല്‍വി