കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ തന്‍റെ 100-ാം മത്സരത്തിനാണ് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ പ്രീമിയം ബോളര്‍ റാഷിദ് ഖാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഇറങ്ങിയത്. പക്ഷെ റാഷിദ് ഖാന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു ദിവസമാകുമിതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം നാല് ഓവര്‍ എറിഞ്ഞ താരത്തിന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ലെന്ന് മാത്രമല്ല, നാല് ഓവര്‍ എറിഞ്ഞ താരം 54 റണ്‍സാണ് താരം വഴങ്ങിയത്.
ഐപിഎല്ലില്‍ താരത്തിന്‍റെ മോശം സ്‌പെല്ലുകളുടെ പട്ടികയില്‍ രണ്ടാമത്തെ പ്രകടനമായും ഇതുമാറി. 2019-ല്‍ പഞ്ചാബ് കിങ്‌സിന് എതിരെ നാല് ഓവറില്‍ 55 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തിയതാണ് ഐപിഎല്ലില്‍ റാഷിദിന്‍റെ ഏറ്റവും ചിലവേറിയ പ്രകടനം. 2022ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ നാല് ഓവറില്‍ ഒരു വിക്കറ്റ് വീഴ്‌ത്തിയ താരം 49 റണ്‍സ് വഴങ്ങിയിരുന്നു.
അതേസമയം റാഷിദിനെതിരെ ഏറ്റവും കൂടുതല്‍ ആക്രമണം നടത്തിയത് അഫ്‌ഗാനിസ്ഥാന്‍ ടീമില്‍ സഹതാരമായ റഹ്‌മാനുള്ള ഗുര്‍ബാസാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ഓപ്പണറായ റഹ്‌മാനുള്ള ഗുര്‍ബാസ് റാഷിദിന്‍റെ 11 പന്തുകള്‍ നേരിട്ടപ്പോള്‍ 30 റണ്‍സാണ് അടിച്ച് കൂട്ടിയത്. പിന്നീടെത്തിയ ആന്ദ്രെ റസ്സലും കടന്ന് ആക്രമിച്ചതോടെയാണ് താരത്തിന്‍റെ നല്ല ദിനം നശിപ്പിക്കപ്പെട്ടത്.
അര്‍ധ സെഞ്ചുറി നേടിയ ഗുര്‍ബാസിനെ ഗുജറാത്തിന്‍റെ മറ്റൊരു അഫ്‌ഗാന്‍ താരമായ നൂര്‍ അഹമ്മദാണ് പുറത്താക്കിയത്. നൂര്‍ അഹമ്മദിനെ സിക്‌സറിന് പറത്താനുള്ള ഗുര്‍ബാസിന്‍റെ ശ്രമം റാഷിദ് ഖാന്‍റെ കയ്യിലാണ് അവസാനിച്ചതെന്നത് രസകരമായ മറ്റൊരു കാര്യമാണ്.
റാഷിദിനെ സംബന്ധിച്ച് മോശം ദിനമായിരുന്നുവെങ്കിലും ഗുജറാത്തിന് മത്സരം ജയിച്ച് കയറാന്‍ കഴിഞ്ഞിരുന്നു. കൊല്‍ക്കത്തയുടെ മൈതാനത്ത് നടന്ന കളിയില്‍ ഏഴ് വിക്കറ്റിനായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് വിജയം നേടിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 179 റണ്‍സാണ് നേടിയത്.
റഹ്മാനുള്ള ഗുർബാസിന്‍റെ അര്‍ധ സെഞ്ചുറി പ്രകടനമായിരുന്നു ടീമിനെ പൊരുതാവുന്ന സ്‌കോറില്‍ എത്തിച്ചത്. 39 പന്തില്‍ അഞ്ച് ഫോറുകളും ഏഴ് സിക്‌സും സഹിതം 81 റണ്‍സാണ് ഗുര്‍ബാസ് നേടിയത്. അവസാന ഓവറുകളിലെ ആന്ദ്രെ റസ്സലിന്‍റെ വെടിക്കെട്ടും നിര്‍ണായകമായി. 19 പന്തില്‍ 34 റണ്‍സായിരുന്നു റസ്സല്‍ അടിച്ചെടുത്തത്.
മറുപടിക്കിറങ്ങിയ ഗുജറാത്ത് 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 180 റണ്‍സ് നേടിയാണ് വിജയം ഉറപ്പിച്ചത്. 24 പന്തില്‍ 51 റണ്‍സ് നേടിയ വിജയ് ശങ്കറാണ് ഗുജറാത്തിന്‍റെ ടോപ് സ്‌കോറര്‍. 18 പന്തില്‍ പുറത്താവാതെ 32 റണ്‍സ് നേടിയ ഡേവിഡ് മില്ലര്‍ പിന്തുണ നല്‍കി. ഇംപാക്‌ട് പ്ലെയറായെത്തിയ ശുഭ്‌മാൻ ഗില്‍ 35 പന്തില്‍ 49 റണ്‍സ് നേടിയിരുന്നു. വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്താനും ഹാര്‍ദിക് പാണ്ഡ്യയ്‌ക്കും സംഘത്തിനും കഴിഞ്ഞു.
ALSO READ: IPL 2023 | കണക്കുവീട്ടി ഗുജറാത്ത്; കൊല്‍ക്കത്തയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് തലപ്പത്ത്