ഹൈദരാബാദ്: ഐപിഎല്‍ പതിനാറാം പതിപ്പ് അവസാനഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ലീഗ് സ്റ്റേജില്‍ ഇനി ആകെ 14 മത്സരങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഓരോ ടീമും 11 മത്സരങ്ങള്‍ വീതം ഇതിനോടകം തന്നെ പൂര്‍ത്തിയാക്കി. ആരും ഇതുവരെ ടൂര്‍ണമെന്‍റിന്‍റെ പ്ലേഓഫില്‍ സ്ഥാനം ഉറപ്പിച്ചിട്ടില്ല. നിലവില്‍ പോയിന്‍റ് പട്ടികയില്‍ 9-ാം സ്ഥാനക്കാരയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് പോലും വമ്പന്‍ ജയങ്ങള്‍ സ്വന്തമാക്കാനായല്‍ അവസാന നാലിലെത്താമെന്ന സാഹചര്യമാണ്. പ്ലേഓഫില്‍ സ്ഥാനം ഉറപ്പിക്കാന്‍ മുഴുവന്‍ ടീമുകളുടെയും സാധ്യതകള്‍ ഇങ്ങനെ....
ഗുജറാത്ത് ടൈറ്റന്‍സ്
നിലവില്‍ പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്. 11 മത്സരങ്ങളില്‍ നിന്ന് 16 പോയിന്‍റാണ് ഹാര്‍ദിക് പാണ്ഡ്യക്കും സംഘത്തിനുമുള്ളത്. പ്ലേഓഫ് ഉറപ്പിക്കാന്‍ ശേഷിക്കുന്ന മൂന്ന് കളികളില്‍ ഒരണ്ണത്തില്‍ ജയിച്ചാല്‍ മതി അവര്‍ക്ക്.
എന്നാല്‍ അവസാന മൂന്ന് മത്സരങ്ങളിലും പരാജയപ്പെടുകയാണെങ്കില്‍ ഗുജറാത്തും പോയിന്‍റ് പട്ടികയില്‍ പിന്തള്ളപ്പെടും. മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകളാണ് അവസാന മൂന്ന് മത്സരങ്ങളില്‍ ഗുജറാത്തിന്‍റെ എതിരാളികള്‍.
ചെന്നൈ സൂപ്പര്‍ കിങ്‌സ്
12 കളികളില്‍ 15 പോയിന്‍റുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സാണ് പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാര്‍. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ ജയിച്ചാല്‍ ധോണിക്കും സംഘത്തിനും പ്ലേഓഫില്‍ സ്ഥാനം ഉറപ്പിക്കാം. 0.493 ആണ് ടീമിന്‍റെ നെറ്റ് റണ്‍റേറ്റ്.
എന്നാല്‍ അവസാന രണ്ട് മത്സരങ്ങളും തോറ്റാല്‍ ധോണിക്കും സംഘത്തിനും ആദ്യ നാലില്‍ സ്ഥാനം നഷ്‌ടമാകാന്‍ സാധ്യതയുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളോടാണ് ചെന്നൈയുടെ അവസാന രണ്ട് മത്സരം.
മുംബൈ ഇന്ത്യന്‍സ്
ടൂര്‍ണമെന്‍റിന്‍റെ ആദ്യ പകുതിയില്‍ ആദ്യ സ്ഥാനങ്ങളിലേക്ക് എത്താതിരുന്ന ടീമാണ് മുംബൈ ഇന്ത്യന്‍സ്. രണ്ടാം തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയാണ് ടീം പോയിന്‍റ് പട്ടികയിലെ മൂന്നാം സ്ഥാനത്തേക്ക് എത്തിയത്. നിലവില്‍ 11 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 12 പോയിന്‍റാണ് മുംബൈക്കുള്ളത്.
ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ജയം പിടിച്ചാല്‍ മുംബൈ ഇന്ത്യന്‍സിന് പ്ലേഓഫ് സാധ്യത സജീവമാക്കാം. ഇങ്ങനെ വന്നാല്‍ മറ്റ് മത്സരങ്ങളുടെ ഫലം കൂടി പരിഗണിച്ചായിരിക്കും മുംബൈ മുന്നേറ്റം. മൂന്ന് കളിയും ജയിച്ചാല്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഒന്നില്‍ തന്നെ രോഹിതിനും സംഘത്തിനും പ്ലേ ഓഫിലേക്ക് മുന്നേറാം. ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരെയാണ് മുംബൈക്ക് ഇനി നേരിടാനുള്ളത്.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്
11 മത്സരങ്ങളില്‍ 11 പോയിന്‍റാണ് നിലവിലെ നാലാം സ്ഥാനക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനുള്ളത്. ശേഷിക്കുന്ന മൂന്ന് കളികളില്‍ എല്ലാത്തിലും ജയിച്ചാലെ ലഖ്‌നൗവിന് പ്ലേഓഫിലേക്ക് മുന്നേറാന്‍ സാധിക്കൂ. ഒരു തോല്‍വി പോലും ടീമിന്‍റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കും.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകള്‍ക്കെതിരെയാണ് ലഖ്‌നൗവിന്‍റെ അടുത്ത മത്സരങ്ങള്‍.
രാജസ്ഥാന്‍ റോയല്‍സ്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ് എന്നീ ടിമുകള്‍ക്കെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ശേഷിക്കുന്ന മത്സരം. ഇത് മൂന്നിലും ജയം പിടിച്ചാലെ സഞ്‌ജുവിനും സംഘത്തിനും പ്ലേഓഫില്‍ സ്ഥാനം നേടാന്‍ സാധിക്കൂ.
ഒരു തോല്‍വി പോലും ടീമിന്‍റെ വാതിലുകള്‍ അടയ്‌ക്കും. 11 മത്സരങ്ങളില്‍ നിന്നും 10 പോയിന്‍റാണ് നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന് ഉള്ളത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
ആദ്യ പകുതിയിലെ തിരിച്ചടികള്‍ക്ക് രണ്ടാം പകുതിയില്‍ ജയം കൊണ്ട് മറുപടി നല്‍കിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കുതിക്കുന്നത്. 11 മത്സരങ്ങളില്‍ 5 ജയം സ്വന്തമാക്കിയ അവര്‍ നിലവില്‍ 10 പോയിന്‍റുമായി ആറാം സ്ഥാനത്താണ്. ഇനി മൂന്ന് മത്സരങ്ങളാണ് ടീമിന് കളിക്കാന്‍ ശേഷിക്കുന്നത്.
ഇതില്‍ മൂന്നിലും ഗംഭീര ജയം നേടിയാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് പ്ലേഓഫ് സ്ഥാനം നേടാന്‍ സാധിക്കൂ. മൂന്ന് മത്സരം ജയം നേടിയാലും മറ്റ് കളികളുടെ ഫലത്തെ കൂടി കെകെആറിന് ആശ്രയിക്കേണ്ടിവരും. രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് എന്നീ ടീമുകളെ വേണം അവസാന മത്സരങ്ങളില്‍ കൊല്‍ക്കത്ത നേരിടാന്‍.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
പുറത്താകലിന്‍റെ വക്കിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. 11 മത്സരങ്ങളില്‍ 10 പോയിന്‍റാണ് നിലവില്‍ ആര്‍സിബിക്കുള്ളത്. രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ ടീമുകളെയാണ് ബാംഗ്ലൂര്‍ ഇനി നേരിടേണ്ടത്.
ആര്‍സിബിക്ക് പ്ലേഓഫിലേക്ക് മുന്നേറാന്‍ ഈ മത്സരങ്ങളിലെല്ലാം വമ്പന്‍ ജയം സ്വന്തമാണം. കൂടാതെ മറ്റ് മത്സരങ്ങളുടെ ഫലങ്ങളെയും അവര്‍ക്ക് ആശ്രയിക്കേണ്ടിവരും. ഒരു തോല്‍വി വഴങ്ങിയാല്‍പോലും ടീമിന് പുറത്തേക്ക് വഴിതുറക്കും.
പഞ്ചാബ് കിങ്‌സ്
പ്ലേഓഫിലേക്ക് മുന്നേറാന്‍ അവസാന മൂന്ന് മത്സരങ്ങളില്‍ മൂന്നിലും ജയം സ്വന്തമാക്കേണ്ട മറ്റൊരു ടീമാണ് പഞ്ചാബ് കിങ്‌സ്. 11 കളികള്‍ പൂര്‍ത്തിയയപ്പോള്‍ 10 പോയിന്‍റ് സ്വന്തമാക്കിയ ശിഖര്‍ ധവാനും സംഘവും പോയിന്‍റ് പട്ടികയിലെ എട്ടാം സ്ഥാനക്കാരാണ്.
ഇനി ഒരു തോല്‍വി പോലും പഞ്ചാബിന്‍റെ പ്ലേഓഫ് സ്വപ്‌നങ്ങളെ തകര്‍ക്കും. ഡല്‍ഹിക്കെതിരെ രണ്ട് മത്സരങ്ങളും രാജസ്ഥാന്‍ റോയല്‍സിനെതിരെ ഒരു മത്സരവുമാണ് പഞ്ചാബ് ഇനി കളിക്കാനുള്ളത്.
സണ്‍റേസേഴ്‌സ് ഹൈദരാബാദ്
10 കളികളില്‍ നിന്നും 8 പോയിന്‍റുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലവില്‍ പോയിന്‍റ് പട്ടികയിലെ ഒന്‍പതാം സ്ഥാനക്കാരാണ്. ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ എല്ലാം തകര്‍പ്പന്‍ ജയം നേടിയാല്‍ ഹൈദരാബാദിനും പോയിന്‍റ് പട്ടികയിലെ ആദ്യ നാലിലെത്താം.
നെറ്റ് റണ്‍റേറ്റുകൂടി മെച്ചപ്പെടുത്തിയാലെ ടീമിന് മുന്നേറ്റം സാധ്യമാകൂ. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളെയാണ് ഹൈദരാബാദ് ഇനി നേരിടേണ്ടത്.
ഡല്‍ഹി ക്യാപിറ്റല്‍സ്
ഐപിഎല്‍ പതിനാറാം പതിപ്പില്‍ പ്ലേഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അസ്‌തമിച്ച ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. 11 മത്സരങ്ങളില്‍ നിന്നും 8 പോയിന്‍റുള്ള ടീം നിലവില്‍ പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ്. അവസാന മൂന്ന് മത്സരങ്ങളും ജയിച്ചാലും പരമാവധി 14 പോയിന്‍റ് നേടാനെ ഡല്‍ഹിക്ക് സാധിക്കൂ.
ഈ സാഹചര്യത്തില്‍ അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമെ ടീമിന് പ്ലേഓഫിലേക്ക് എത്താനാകൂ. പഞ്ചാബ് കിങ്‌സിനോട് രണ്ട് മത്സരങ്ങളും ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് ഒരു മത്സരവുമാണ് ഡല്‍ഹിക്ക് ഇനി ശേഷിക്കുന്നത്.