ലഖ്‌നൗ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ തകർപ്പൻ ജയം നേടി പ്ലേഓഫ് ഏറെക്കുറെ ഉറപ്പിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. ലഖ്‌നൗവിൻ്റെ 178 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈക്ക് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 172 റൺസേ നേടാനായുള്ളു. അവസാന ഓവറിൽ 11 റൺസ് മാത്രം വിജയലക്ഷ്യമുള്ളപ്പോൾ 5 റൺസ് മാത്രം വിട്ടുനൽകിയ പേസർ മൊഹ്സീൻ ഖാനാണ് മുംബൈയിൽ നിന്ന് വിജയം തട്ടിയെടുത്തത്. വിജയത്തോടെ ലഖ്‌നൗ പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കെത്തി.
ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും രോഹിത് ശര്‍മയും ചേര്‍ന്ന് മികച്ച തുടക്കമായിരുന്നു മുംബൈ ഇന്ത്യന്‍സിന് നല്‍കിയത്. പവര്‍പ്ലേ പൂര്‍ത്തിയാവുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 58 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന ഈ കൂട്ടുകെട്ട് 10-ാം ഓവറിന്‍റെ നാലാം പന്തില്‍ രോഹിത്തിനെ വീഴ്‌ത്തിയ രവി ബിഷ്‌ണോയിയാണ് പൊളിച്ചത്. 25 പന്തില്‍ 37 റണ്‍സെടുത്ത രോഹിത്തിനെ ദീപക് ഹൂഡ പിടികൂടുകയായിരുന്നു.
90 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ രോഹിത്-ഇഷാന്‍ സഖ്യം നേടിയത്. പിന്നാലെ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഇഷാനെ 12-ാം ഓവറിന്‍റെ ആദ്യ പന്തില്‍ പുറത്താക്കിയ ബിഷ്‌ണോയ് മുംബൈക്ക് വീണ്ടും പ്രഹരം നല്‍കി. 39 പന്തില്‍ 59 റണ്‍സ് നേടിയ മുംബൈ ഓപ്പണറെ നവീന്‍ ഉള്‍ ഹഖ് കയ്യില്‍ ഒതുക്കുകയായിരുന്നു. ആദ്യ വിക്കറ്റിൽ 90 റൺസിൻ്റെ മികച്ച കൂട്ടുകെട്ട് തീർത്ത ഇഷാൻ കിഷനും രോഹിത് ശർമയും ചേർന്നാണ് മുംബൈക്ക് മികച്ച വിജയം സമ്മാനിച്ചത്.
തുടർന്ന് ക്രീസിലെത്തിയ സൂര്യകുമാർ യാദവിനും (7), നേഹാൽ വധേരയ്ക്കും (16) അധികനേരം പിടിച്ച് നിൽക്കാനായില്ല. പിന്നാലെ ഇംപാക്ട് പ്ലയറായി ക്രീസിലെത്തിയ വിഷ്ണു വിനോദും (2) പുറത്തായതോടെ മുംബൈ തകർച്ച മുന്നിൽ കണ്ടു. ഇതോടെ മുംബൈ 17.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 131 എന്ന നിലയിലേക്ക് വീണു. തുടർന്ന് ക്രീസിലെത്തിയ ടിം ഡേവിഡും കാമറൂൺ ഗ്രീനും ചേർന്ന് മുംബൈക്കായി രക്ഷാപ്രവർത്തനം തുടർന്നു.
അവസാന ഓവറിൽ 11 റൺസായിരുന്നു മുംബൈയുടെ വിജയലക്ഷ്യം. എന്നാൽ മൊഹ്സിൻ ഖാൻ എറിഞ്ഞ അവസാന ഓവറിൽ മുംബൈക്ക് അഞ്ച് റൺസ് മാത്രമേ നേടാനായുള്ളൂ. ടീം ഡേവിഡ് 19 പന്തിൽ മൂന്ന് സിക്സും ഒരു ഫോറും ഉൾപ്പെടെ 32 റൺസും കാമറൂൺ ഗ്രീൻ (4) റൺസുമായി പുറത്താകാതെ നിന്നു. ലഖ്‌നൗവിനായി യാഷ് താക്കൂർ, രവി ബിഷ്ണോയ് എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ മൊഹ്സിൻ ഖാൻ ഒരു വിക്കറ്റും നേടി.
'സ്റ്റോയിനിസം': നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തിലാണ് 177 റണ്‍സ് നേടിയത്. മാർക്കസ് സ്റ്റോയിനിസിന്‍റെ അര്‍ധ സെഞ്ചുറിയുടെ മികവിലായിരുന്നു ലഖ്‌നൗ മികച്ച സ്‌കോര്‍ നേടിയത്. പുറത്താവാതെ നിന്ന സ്റ്റോയിനിസ് 47 പന്തില്‍ 89 റണ്‍സാണ് അടിച്ച് കൂട്ടിയത്.
ക്രുണാല്‍ പാണ്ഡ്യയും (42 പന്തില്‍ 49*) നിര്‍ണായകമായി. തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം നാലാം വിക്കറ്റില്‍ ഒന്നിച്ച സ്റ്റോയിനിസിസ്-ക്രുണാല്‍ സഖ്യമാണ് ലഖ്‌നൗവിനെ കരകയറ്റിയത്. മികച്ച തുടക്കമായിരുന്നില്ല ലഖ്‌നൗവിന് ലഭിച്ചത്. മൂന്നാം ഓവറില്‍ തന്നെ ദീപക് ഹൂഡയെയും (7 പന്തില്‍ 5) പ്രേരക് മങ്കാദിനെയും (1 പന്തില്‍ 0) വീഴ്‌ത്തിയ ജേസൺ ബെഹ്‌റൻഡോർഫ് ലഖ്‌നൗവിന് ഇരട്ട പ്രഹരം നല്‍കി. ഇരുവരേയും വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് ഒന്നിച്ച ക്രുണാല്‍ പാണ്ഡ്യയും ക്വിന്‍റണ്‍ ഡി കോക്കും ശ്രദ്ധയോടെ കളിച്ചതോടെ 35/2 എന്ന നിലയിലായിരുന്നു ലഖ്‌നൗ പവര്‍പ്ലേ പൂര്‍ത്തിയാക്കിയത്. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഡി കോക്കിനെ (15 പന്തില്‍ 16) വീഴ്‌ത്തിയ പിയൂഷ് ചൗള മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് ഒന്നിച്ച ക്രുണാലും മാർക്കസ് സ്റ്റോയിനിസും ചേര്‍ന്ന് പിടിച്ചു നിന്നു. ഇതോടെ 14-ാം ഓവറില്‍ ലഖ്‌നൗ നൂറ് കടന്നു. പരിക്കേറ്റതോടെ 16-ാം ഓവറിന് ശേഷം ക്രുണാല്‍ മടങ്ങിയതോടെയാണ് ഈ കൂട്ട്കെട്ട് പിരിയുന്നത്. നാലാം വിക്കറ്റില്‍ സ്റ്റോയിനിസിനൊപ്പം 82 റണ്‍സാണ് ക്രുണാല്‍ നേടിയത്.
ക്രുണാലിന് പകരം നിക്കോളാസ് പുരാനാണ് ക്രീസിലെത്തിയത്. പിന്നാലെ ക്രിസ് ജോർദാൻ എറിഞ്ഞ 17-ാം ഓവറിന്‍റെ ആദ്യ പന്തില്‍ സിക്‌സറടിച്ചുകൊണ്ട് സ്റ്റോയിനിസ് അര്‍ധ സെഞ്ചുറി തികച്ചു. മൂന്ന് ഫോറുകളും രണ്ട് സിക്‌സും സഹിതം 24 റണ്‍സാണാണ് ജോർദാൻ ഈ ഓവറില്‍ വഴങ്ങിയത്. അവസാന രണ്ട് ഓവറുകളില്‍ ജേസന്‍ ബെഹ്‌റെന്‍ഡോര്‍ഫിനെതിരെ 19 റണ്‍സും ആകാശ് മധ്വാളിനെതിരെ 15 റണ്‍സും നേടിയാണ് ലഖ്‌നൗ മികച്ച സ്‌കോറിലെത്തിയത്. സ്റ്റോയിനിസിനൊപ്പം നിക്കോളാസ് പുരാനും (8 പന്തില്‍ 8) പുറത്താവാതെ നിന്നു.